മലയാളികളുടെ പ്രിയങ്കരനായ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന ഏറ്റവും വലിയ പ്രത്യേകതയുമായി ബറോസ് തിയേറ്ററുകളിലെത്തി. ഏറെ നാളുകൾക്ക് ശേഷം മലയാളത്തിൽ വരുന്ന അതും കുട്ടികളെയും ലക്ഷ്യംവെച്ചുള്ള ത്രീഡി ചിത്രമാണ് ബറോസ്. ഏതാണ്ട് 46 വര്‍ഷം അഭിനയിച്ചശേഷമാണ് താൻ ഒരു സിനിമ സംവിധാനംചെയ്യുന്നത്. ഇത്രയും കാലത്തെ അനുഭവപരിജ്ഞാനം അഭിനയത്തിലുപരി സിനിമയുടെ മറ്റു സാങ്കേതികവശങ്ങളേക്കുറിച്ചും അറിവ് പകര്ന്നുതന്നിട്ടുണ്ടെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു എന്നുമാണ് മോഹൻലാൽ ചിത്രത്തേക്കുറിച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
ഇനി സ്ക്രീനിലെ സിനിമയിലേക്ക് വരാം. രണ്ട് കാലഘട്ടങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. ഗോവയാണ് രണ്ടിനും പശ്ചാത്തലം. ഇതിൽ ഒരു കാലഘട്ടം നാനൂറ് വർഷങ്ങൾക്ക് മുൻപാണ്. മറ്റേത് വർത്തമാന കാലവും.
ഡി ഗാമ എന്ന പോർച്ചുഗീസ് ഭരണാധികാരിയുടെ വിശ്വസ്തനാണ് ബറോസ്. ഗാമ പറയുന്നതെന്തും തിരുവായ്ക്ക് എതിർവായില്ലാതെ അനുസരിക്കുന്നയാളാണ് ബറോസ്. ഗാമാ കുടുംബത്തിന് ഏറെ അടുപ്പമുള്ളവൻ. ഇയാൾ എങ്ങനെ നാനൂറു വർഷം ബന്ധനസ്ഥനായി ഗാമയുടെ നിലവറയിൽ കിടന്നുവെന്നും എന്താണ് അയാളുടെ ലക്ഷ്യമെന്നുമാണ് ചിത്രത്തിന്റെ ആകെത്തുക. ആ ലക്ഷ്യം അയാൾ നിറവേറ്റുമോ? ഉണ്ടെങ്കിൽ എങ്ങനെ എന്നുള്ളിടത്താണ് ബറോസിന്റെ യഥാർത്ഥ സസ്പെൻസ് കിടക്കുന്നത്.
മുൻപ് വർണപ്പകിട്ട് പോലുള്ള ചില ചിത്രങ്ങളിൽ ചില രംഗങ്ങൾ മോഹൻലാൽ സംവിധാനം ചെയ്തതായി സിനിമാരംഗത്ത് പ്രവർത്തിക്കുന്നവർ പറഞ്ഞിട്ടുണ്ട്. ആ താരമാണ് ഇപ്പോൾ ഒരു മുഴുനീള ചിത്രം സംവിധാനംചെയ്തിരിക്കുന്നത്. ഇന്ത്യക്കകത്തുനിന്നും പുറത്തുനിന്നുമുള്ള മികച്ച ഒരുപിടി സാങ്കേതികവിദഗ്ധരെ അണി നിരത്തിയാണ് മോഹൻലാൽ ബറോസ് ഒരുക്കിയിരിക്കുന്നത്. കഥാപാത്രം ആവശ്യപ്പെടുന്ന തരത്തിലുള്ള അഭിനേതാക്കളെയാണ് ക്യാമറയ്ക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ബറോസ് എന്ന ഭൂതമായി മോഹൻലാൽ നിറഞ്ഞുനിൽക്കുന്നുണ്ട് ചിത്രത്തിൽ. ആന്റണി പെരുമ്പാവൂർ, ഗുരു സോമസുന്ദരം എന്നിവരാണ് ചിത്രത്തിലെ പരിചിത മുഖങ്ങൾ.
സന്തോഷ് ശിവന്റെ ക്യാമറയും സന്തോഷ് രാമന്റെ കലാസംവിധാനവും പ്രത്യേക പരാമർശം അര്‍ഹിക്കുന്നു. ഗാമയുടെ കൊട്ടാരത്തിലെ നിലവറയിൽ വെച്ചുള്ള രംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. ബറോസിനൊപ്പമുള്ള വൂഡു ഡോൾ കുട്ടികളുടെ ഇഷ്ടം പിടിച്ചുപറ്റുമെന്നുറപ്പാണ്. കുട്ടികൾക്കൊപ്പം കുടുംബമായി സിനിമയ്ക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ബറോസിന് ടിക്കറ്റെടുക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]