ഹൈദരാബാദ്: സമൂഹത്തിന്റെ നേർച്ചിത്രങ്ങൾ വരച്ചുകാട്ടുന്ന ഒരുപിടി സിനിമകൾ… അതിലെല്ലാംതന്നെ തന്റെ നാടിന്റെ കൈയൊപ്പ് ചാർത്താൻ ശ്യാം ബെനഗൽ മറന്നില്ല. ഹൈദരാബാദും അവിടത്തെ പ്രാന്തപ്രദേശങ്ങളിലൂടെയുമാണ് ബെനഗലിന്റെ സിനിമ സഞ്ചരിക്കുന്നത്.
ആദ്യ ചലച്ചിത്രം ‘അങ്കൂർ’ നിർമിച്ചത് അൽവാലിനടുത്തുള്ള കാപ്രയിലാണ്. ‘നിഷാന്ത്’ എന്ന ചിത്രം തെലങ്കാന സായുധവിപ്ലവത്തെ കേന്ദ്രീകരിച്ചാണ്. വിജയ് തെണ്ടുൽക്കറുമായി ചേർന്നു നിർമിച്ച ഈ ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത് നഗരത്തിനടുത്തുള്ള ഗുണ്ടല പോച്ചമ്പള്ളിയിലാണ്. ഇതിൽ സ്മിതാ പാട്ടീൽ, നസീറുദ്ദീൻ ഷാ, ഗിരീഷ് കർണാട്ട് മുതലായവർ കേന്ദ്രകഥാപാത്രങ്ങളായി. ‘മണ്ടി’ എന്ന ചിത്രത്തിന്റെ ലൊക്കേഷൻ ഭോൺഗീർ ഗ്രാമമായിരുന്നു. ബെനഗലിന്റെ ‘സുസ്മൻ’ എന്ന ചിത്രവും പോച്ചമ്പള്ളി ഗ്രാമത്തിലായിരുന്നു.
ഗ്രാമവ്യവസായവത്കരണത്തെക്കുറിച്ചായിരുന്നു ഈ ചിത്രം. ‘നെഹ്റുവിന്റെ ഇന്ത്യയെ കണ്ടെത്തൽ’ എന്ന പുസ്തകത്തെ ആസ്പദമാക്കി നിർമിച്ച ബെനഗലിന്റെ ‘ഭാരത് ഏക് ഖോജ്’ ഒരു പ്രശസ്ത ചിത്രമായി മാറി.
സാധാരണക്കാരനായിരുന്ന ബെനഗൽ അൽവാലിലെ വീട്ടിൽനിന്നും 17 കിലോമീറ്റർ ദൂരെയുള്ള നഗരത്തിലെ നിസാം കോളേജ് വരെ ദിവസവും സൈക്കിൾ ചവിട്ടി പോകുമായിരുന്നു. ഒരു മികച്ച സൈക്കിളിസ്റ്റ് കൂടിയായിരുന്നു ബെനഗൽ. സെക്കന്തരാബാദിലെ അൽവാലിൽ ജനിച്ച സാധാരണക്കാരനായ ശ്യാം ബെനഗലിന് ഏറെ പ്രിയപ്പെട്ടതായിരുന്നു തന്റെ നാട് എന്നത് അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും ഓർമ്മപ്പെടുത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]