മുംബൈ: ലോകവീക്ഷണം രൂപപ്പെടുത്തുന്നതിൽ ശ്യാം ബെനഗൽ വഹിച്ചപങ്ക് വളരെ വലുതാണെന്നും അഭിനയ ജീവിതത്തിൽ മാത്രമല്ല അദ്ദേഹം തന്റെ ഗുരുവെന്നും ശബാന ആസ്മി പറഞ്ഞു. അഭിനയത്തോടുള്ള എന്റെ സമീപനത്തെയും ജീവിതത്തെക്കുറിച്ചുള്ള എന്റെ ധാരണയെയും സ്വാധീനിച്ച മഹാനായ ഗുരുവിനെയാണ് നഷ്ടമായത്.-അവർ പറഞ്ഞു.
ജാതി, വർഗം, ലൈംഗിക രാഷ്ട്രീയം എന്നിവ പ്രമേയമാക്കിയുള്ള അങ്കുർ എന്ന ചിത്രത്തിലാണ് ബെനഗൽ ശബാന ആസ്മിക്ക് ആദ്യമായി അഭിനയിക്കാൻ അവസരം നൽകിയത്. നിശാന്ത് (1975) ജുനൂൺ (1978) സുസ്മാൻ (1978) അന്തർനാദ് എന്നിവയുൾപ്പെടെ ഒട്ടേറെ ചിത്രങ്ങളിൽ ഇരുവരും സഹകരിച്ചു. ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ അദ്ദേഹത്തോടൊപ്പം വിദേശത്തു പോയപ്പോൾ ഷോപ്പിങ്ങിനേക്കാൾ നഗരത്തിന്റെ ചരിത്രത്തെയും സംസ്കാരത്തെയും കുറിച്ച് അറിയാനായിരുന്നു ബെനഗലിന് താത്പര്യമെന്ന് ശബാന ആസ്മി അനുസ്മരിച്ചു.
ശ്യാം ബെനഗലിന് വിട
ഇന്ത്യൻ സിനിമയിൽ വേറിട്ട വഴിയിലൂടെ സഞ്ചരിച്ച പ്രശസ്ത സംവിധായകൻ ശ്യാം ബെനഗലിന് ബോളിവുഡിന്റെ കണ്ണീരണിഞ്ഞ യാത്രയയപ്പ്. തിങ്കളാഴ്ച വൈകീട്ട് അന്തരിച്ച അദ്ദേഹത്തിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ചൊവ്വാഴ്ച വൈകീട്ട് മൂന്നു മണിയോടെ ശിവജി പാർക്കിലെ ശ്മശാനത്തിലായിരുന്നു. 90 വയസ്സായിരുന്ന അദ്ദേഹം വൃക്കസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ബോളിവുഡിലെ ഒട്ടേറെ താരങ്ങൾ അദ്ദേഹത്തിന് അന്തിമോപചാരമർപ്പിക്കാൻ എത്തി.
ബെനഗലിന്റെ സമകാലികരും സഹപ്രവർത്തകരും യുവതലമുറയിലെ അഭിനേതാക്കളും കലാകാരന്മാരുമായി ഏറെപേർ ബെനഗലിന്റെ ഭാര്യ നീരയ്ക്കും മകൾ പിയയ്ക്കുമൊപ്പം ശിവജി പാർക്കിൽ എത്തിയിരുന്നു. അദ്ദേഹം കൈപിടിച്ചുയർത്തി കൊണ്ടുവന്ന പ്രമുഖതാരം നസറുദ്ദീൻ ഷാ, നടൻ രജത് കപുർ, കുൽഭൂഷൺ ഖർബന്ദ, ഇള അരുൺ, രത്ന പഥക് ഷാ, അദ്ദേഹത്തിന്റെ മകൻ വിവാൻ ഷാ, എഴുത്തുകാരനും കവിയുമായ ഗുൽസാർ, സംവിധായകൻ ഹൻസാൽ മേത്ത, ഗാനരചയിതാവ് ജാവേദ് അക്തർ, അഭിനേതാക്കളായ ദിവ്യ ദത്ത, ബൊമൻ ഇറാനി, കുനാൽ കപുർ, അനംഗ് ദേശായി തുടങ്ങിയവരൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു.
സിനിമയിൽ ബെനഗൽ കൊണ്ടുവന്ന വിപ്ലവം ഇനി മറ്റൊർക്കും കൊണ്ടുവരാൻ കഴിയില്ലെന്ന് ഗുൽസാർ അഭിപ്രായപ്പെട്ടു. ’’അദ്ദേഹം പോയിട്ടില്ല; ഞങ്ങൾ അദ്ദേഹത്തെ വിട്ടുപോയി. അദ്ദേഹം ഒരു വിപ്ലവം കൊണ്ടുവന്നു, സിനിമയിൽ ആ മാറ്റത്തിന്റെ വിപ്ലവവുമായി അദ്ദേഹം പോയി. ആ വിപ്ലവ തരംഗം വീണ്ടും കൊണ്ടുവരാൻ മറ്റാർക്കും കഴിയില്ല. ഞങ്ങൾ അദ്ദേഹത്തെ ഏറെക്കാലം ഓർക്കുകയും സംസാരിക്കുകയും ചെയ്യും.’’-ഗുൽസാർ പറഞ്ഞു. ബെനഗലിന്റെ ’വെൽക്കം ടു സജ്ജൻപുർ’ എന്ന സിനിമ ചെയ്തശേഷം താൻ ഏറെ മാറിപ്പോയെന്നും അദ്ദേഹത്തിന്റെ മരണം ഒരു വലിയ നഷ്ടമാണെന്നും നടൻ ശ്രേയസ്സ് തൽപഡെ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]