മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘കെ.ജി. ജോര്‍ജിന്റെ ചലച്ചിത്രയാത്രകള്‍’ എന്ന പുസ്തകത്തിലെ ഒരു ഭാഗം വായിക്കാം…
മലയാള സിനിമ അതുവരെ ദര്‍ശിച്ചിട്ടില്ലാതിരുന്ന അസാധാരണത്വമുണ്ടായിരുന്നു ആദാമിന്റെ വാരിയെല്ല് എന്ന സിനിമയുടെ ക്ലൈമാക്സിന്. സംവിധായകനെയും ക്യാമറയെയും ക്യാമറാമാനെയും തിരശ്ശീലയുടെ ചതുരപരിധിയെയും അതിലംഘിച്ച് സ്വാതന്ത്ര്യത്തിന്റെ തുറസ്സിലേക്ക് ഓടിയടുക്കുന്ന സ്ത്രീകള്‍… വേണമെങ്കില്‍ ഇങ്ങനെയും സിനിമ അവസാനിപ്പിക്കാം എന്ന അഹങ്കാരമായിരുന്നു അപ്പോഴുണ്ടായിരുന്നതെന്ന് സംവിധായകന് ഒരിക്കല്‍ പറഞ്ഞു: ‘ആ അഹങ്കാരവും ശക്തിയും പിന്നീട് ചോര്ന്നുപോകുമെന്നറിയാം. എങ്കിലും അന്ന് അത് പ്രകടിപ്പിക്കേണ്ടത് ആവശ്യമായിരുന്നു.’
സിനിമയ്ക്കുള്ളിലെ സിനിമ മാത്രമായിരുന്നില്ല, ലേഖയുടെ മരണം: ഒരു ഫ്ളാഷ്ബാക്ക്. ‘ഉടലിന്റെ താരസഞ്ചാരങ്ങളിലൂടെ’ (ഈ പ്രയോഗത്തിന് സി.എസ്. വെങ്കിടേശ്വരനോട് കടപ്പാട്) മാത്രം കടന്നുപോകാന്‍ വിധിക്കപ്പെട്ട ഒരു സ്ത്രീക്ക് കച്ചവടസിനിമാലോകം ഒരുക്കിവെക്കുന്ന നരകത്തിന്റെ നേര്‍ക്കാഴ്ചയാണത്. പത്തോ പന്ത്രണ്ടോ പേരെ കുത്തിനിറച്ച ഒരു അംബാസിഡര്‍ കാറില്‍ ആദ്യമായി സിനിമാസെറ്റില്‍ വന്നിറങ്ങുന്ന എക്സ്ട്രാ ആര്‍ട്ടിസ്റ്റില്‍നിന്ന് ദേശീയ അവാര്‍ഡ് ജേതാവായ അഭിനേത്രിയും താരവുമായി വളരുന്ന ലേഖയുടെ സ്ത്രീത്വം മാത്രമല്ല, വ്യക്തിത്വം തന്നെയും വിട്ടുവീഴ്ചകള്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന കാസ്റ്റിങ് കൗച്ചുകളും അവമതികളും പീഡനങ്ങളും സഹിച്ച് എപ്പോള്‍ വേണമെങ്കിലും ഉടഞ്ഞുപോകാവുന്ന ചില്ലുപാത്രംപോലെയാകുന്നു.
ലേഖയുടെ ആത്മഹത്യയ്ക്കുശേഷം നിര്‍മ്മിക്കപ്പെട്ട ഒരു ജീവചരിത്ര ഡോക്യുമെന്ററിയുടെ ആഖ്യാനത്തിന്റെ ചുവടുപിടിച്ചാണ് അവളുടെ ഹ്രസ്വമായ വാഴ്വിന്റെ ഫ്ളാഷ്ബാക്ക് ജോര്‍ജ് അവതരിപ്പിക്കുന്നത്. ലേഖയുടെ കഥ ഇനി നീട്ടിക്കൊണ്ടുപോകാനാകില്ല എന്നു സംവിധായകന് തിരിച്ചറിയുന്ന മുഹൂര്‍ത്തമുണ്ട്- അവള് ആത്മഹത്യ ചെയ്യുമ്പോഴാണത്. തൂങ്ങിമരിച്ചുനില്‍ക്കുന്ന ലേഖയും അതു കണ്ടു തകര്‍ന്നുപോകുന്ന മാതാപിതാക്കളും മാതുലനുമാണ് സിനിമയുടെ അവസാന ഷോട്ടുകളിലുള്ളത്. കൂടുതലൊന്നും പ്രേക്ഷകരോടു പറയാനില്ലാത്തതുകൊണ്ടാകണം, ലേഖയുടെ കണ്ണുകളുടെ ബ്ലാക് ആന്‍ഡ് വൈറ്റിലുള്ള ക്ലോസ് ഷോട്ട് ഫ്രീസ് ചെയ്തുകൊണ്ട് ജോര്‍ജ് സിനിമ അവസാനിപ്പിക്കുന്നു.
ബൗദ്ധികവ്യാപാരങ്ങളില് ആനന്ദം കണ്ടെത്തിയിരുന്ന യൗവനകാലം ജോര്‍ജിന്റെ കൂടെ എപ്പോഴുമുണ്ടായിരുന്നു. എഴുപതുകളിലെ വിക്ഷുബ്ധമായ ലോകാന്തരീക്ഷത്തിന്റെ ഹാങ് ഓവര്‍ മാത്രമാണതെന്നു പറയാന്‍ വയ്യ. ആര്‍ത്തിരമ്പുന്ന ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നുകൊണ്ട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള ധീരതകൂടിയാണത്. മാറിച്ചിന്തിക്കുന്ന ഏതു മനുഷ്യനെയുംപോലെ ചിലപ്പോഴെങ്കിലും ഒറ്റപ്പെട്ടുപോയിട്ടുണ്ട് ജോര്‍ജ്.
പുസ്തകത്തിന്റെ കവര്‍ പേജ്
2007 ജൂലായ് 30-ന് ഇംഗ്മര് ബര്‍ഗ്മാനും മൈക്കലാഞ്ചലോ അന്റോണിയോണിയും നിര്യാതരായപ്പോള്‍ ആ മഹാരഥന്മാരടക്കമുള്ള വിദേശസംവിധായകര് തന്നില്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് ഒരഭിമുഖത്തില്‍ ജോര്‍ജ് സര് എന്നോടു സംസാരിക്കുകയുണ്ടായി. ബര്‍ഗ്മാന്റെ അവസാനകാല ചിത്രങ്ങളെ അദ്ദേഹം വിലയിരുത്തിയത് ഇങ്ങനെയാണ്: ‘ബര്‍ഗ്മാന്റെ തൊള്ളായിരത്തി എഴുപതിനു ശേഷമുള്ള സിനിമകള്‍ പരിശോധിച്ചാല്‍ ബ്ലാക് ആന്‍ഡ് വൈറ്റില്‍ അദ്ദേഹം നേരത്തേ ചെയ്തിട്ടുള്ള പ്രമേയങ്ങള്‍ കളറില്‍ ആവര്‍ത്തിച്ചിട്ടുള്ളതായി കാണാം. അക്ഷരാര്‍ഥത്തില്‍ റീമേക്കുകളല്ല അവ. പഴയ സിനിമകളിലെ ആശയങ്ങള്‍ക്ക് നിറംകൊടുക്കുകയാണ്. പല രംഗങ്ങളും കഥാപാത്രങ്ങളും സംഭാഷണങ്ങളും ആവര്‍ത്തിക്കപ്പെടുന്നു-കളറില്‍ ആവര്‍ത്തിക്കപ്പെടുന്നു എന്നര്‍ഥം. വ്യത്യസ്തമായ അന്തര്‍ധാരകള്‍ ഈ ചിത്രങ്ങളിലുണ്ടെങ്കിലും ബര്ഗ്മാന് പുതുതായൊന്നും കണ്ടെത്തുന്നില്ല.
കാല്‍നൂറ്റാണ്ടു മുന്‍പ് ചലച്ചിത്രജീവിതം നിലച്ചിരുന്നില്ലെങ്കില് കെ.ജി. ജോര്‍ജും ഇങ്ങനെ സ്വയം ആവര്‍ത്തിക്കുന്ന മാസ്റ്റര്‍ ഫിലിംമേക്കര്‍ ആകുമായിരുന്നോ? ഒരിക്കലുമില്ല. അവനവനെത്തന്നെ അനുകരിക്കുകയും ഭൂതകാലക്കുളിരില്‍ അഭിരമിക്കുകയും ചെയ്യുകയെന്നത് ജോര്‍ജിന്റെ സ്വഭാവമായിരുന്നില്ല.
കെ.ജി.ജോര്‍ജിന്റെ ചലച്ചിത്രയാത്രകള്‍
₹ 246
Buy Now
#pc_168019 .productImage{width:100%;max-width:186px;height:120px;text-align:center}
#pc_168019 .btn-prod-1{margin-bottom:10px;}
#pc_168019 .productCardDetails p{padding-top:5px !important}
@media screen and (max-width: 575px) {
#pc_168019 {flex-direction:column !important;}
#pc_168019 .productImage{height:212px;margin-bottom:15px}
}
ഇലവങ്കോടുദേശത്തിനു ശേഷം ജോര്ജേട്ടന് സിനിമാജീവിതത്തോടു പൂര്‍ണമായും വിടപറയുകയായിരുന്നു എന്ന ധാരണ പലര്‍ക്കുമുണ്ട്. അതു ശരിയല്ല. സി.വി. ബാലകൃഷ്ണന്റെ മരണം എന്നു പേരുള്ളവന് എന്ന നോവലെറ്റ് സിനിമയാക്കാനുള്ള ശ്രമം രണ്ടായിരാമാണ്ടിന്റെ തുടക്കത്തില്‍ നടത്തിയിരുന്നു. അദ്ദേഹം തന്നെ സ്ക്രിപ്റ്റ് എഴുതി പൂര്‍ത്തിയാക്കിയതാണ്. നിര്‍ഭാഗ്യവശാല്‍ അതു സംഭവിച്ചില്ല. പ്രസിദ്ധ ബ്ലോഗെഴുത്തുകാരനായ സജീവ് എടത്താടന്റെ (വിശാലമനസ്കന്) കൊടകരപുരാണം എന്ന സമാഹാരത്തിലെ ഇരുപത്തിയയ്യായിരം ഉറുപ്പിക എന്ന കഥ ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്യാനും പദ്ധതിയിട്ടിരുന്നു. സ്ക്രിപ്റ്റ് ഏതാണ്ട് പൂര്‍ത്തീകരിച്ചതുമാണ്. കെ.പി. രാമനുണ്ണിയുടെ ‘ജാതി ചോദിക്കുക’ എന്ന ചെറുകഥ സിനിമയാക്കാനുള്ള ചര്‍ച്ചകള്‍ നടന്നതിനും ഞാന്‍ സാക്ഷിയാണ്. അതിനിടയിലാണ് സ്ട്രോക്കുണ്ടായതും ആരോഗ്യസ്ഥിതി മോശമായതും.
പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനം കഴിഞ്ഞു പുറത്തിറങ്ങിയശേഷം മുഖ്യധാരാസിനിമയുടെ ഭാഗമായി പ്രവര്‍ത്തിക്കാനാണ് ജോര്‍ജ് തീരുമാനിച്ചത്. നിര്‍ണായകമായിരുന്നു ആ തീരുമാനം. വളരെ സമ്പന്നമായ അക്കാദമിക് പശ്ചാത്തലവും സാങ്കേതികജ്ഞാനവും കൈമുതലായുണ്ടായിരുന്ന ജോര്‍ജിന് ബുദ്ധിജീവിപരിവേഷത്തോടെ ആര്‍ട്ട് ഹൗസ് സിനിമയുടെ ലോകത്തില്‍ വ്യാപരിക്കാമായിരുന്നു; അവാര്‍ഡുകള്‍ക്കും അംഗീകാരങ്ങള്‍ക്കും വേണ്ടി ലോബീയിങ് നടത്താമായിരുന്നു. പക്ഷേ, ഒരിക്കലും സ്വയം പ്രൊമോട്ട് ചെയ്യാന്‍ അദ്ദേഹം തയ്യാറായില്ല. സ്വന്തം സിനിമകള്‍പോലും വേണ്ടുംവിധം സംരക്ഷിക്കാന്‍ മുന്‍കൈയെടുത്തില്ല. കോടമ്പാക്കത്തു നിലയുറപ്പിച്ചുകൊണ്ട് ആര്‍ട്ട് ഹൗസ് സിനിമയ്ക്കും വിനോദസിനിമയ്ക്കുമിടയില് പാലം പണിയാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം.
കച്ചവടസിനിമയില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച ആദ്യത്തെ മലയാളി ബുദ്ധിജീവി സംവിധായകന് കെ.ജി. ജോര്‍ജ് ആയിരിക്കണം. പക്ഷേ, ആ തീരുമാനം അദ്ദേഹത്തിന്റെ സിനിമാജീവിതത്തിനു പ്രയോജനം ചെയ്തോ എന്നു പരിശോധിക്കേണ്ടതാണ്. ആര്‍ട്ട് സിനിമാക്കാര് ഒരിക്കലും കെ.ജി. ജോര്‍ജിനെ തങ്ങളുടെ ഭാഗമായി കണക്കാക്കിയില്ല. മുഖ്യധാരാ സിനിമാപ്രവര്ത്തകരാകട്ടെ, അദ്ദേഹത്തെ ഒരു ബുദ്ധിജീവി എന്ന നിലയില്‍ ബഹുമാനിച്ചുകൊണ്ട് അകലം പാലിച്ചു. ഉന്നതമായ ബുദ്ധിജീവിതത്തിന്റെ അടയാളമാണ് ബുള്‍ഗാന്‍ താടി എന്ന സാമാന്യധാരണ ശരിയാണെങ്കില്‍ അതു ധരിക്കാന്‍ എല്ലാംകൊണ്ടും യോഗ്യനായിരുന്നു കെ.ജി. ജോര്‍ജ്. ആദ്യം മുഴുവന്‍ താടിയായിരുന്നു എന്നും, സിനിമയില്‍ വന്ന് കോംപ്രമൈസ് ചെയ്തുചെയ്താണ് ബുള്ഗാനായതെന്നും അദ്ദേഹം തമാശയായി പറഞ്ഞിട്ടുണ്ട്. ഏതായാലും വൃത്തിയായി സൂക്ഷിച്ച ആ താടി അന്ത്യനിദ്ര കൊള്ളുമ്പോഴും അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നു.
ജോര്‍ജ് സംവിധാനം ചെയ്ത സിനിമകളില്‍ പത്തെണ്ണമെങ്കിലും സിനിമാചരിത്രത്തിലെ ഈടുവെയ്പുകളാണെങ്കിലും ഭൂരിഭാഗവും സാമ്പത്തികപരാജയങ്ങളായിരുന്നു. വിജയങ്ങളിലോ പരാജയങ്ങളിലോ ജോര്‍ജ് കണക്കിലേറെ ആനന്ദിച്ചില്ല, സങ്കടപ്പെട്ടുമില്ല. സ്വപ്നാടനം അത്യാവശ്യം തിയേറ്ററുകളില്‍ വിജയിച്ചപ്പോള്‍ ജോര്‍ജിന്റെ ഗുരുവായ രാമു കാര്യാട്ട് ചോദിച്ചത് ‘എങ്ങനെയാ ജോര്‍ജേ, നിനക്കിതു താങ്ങാന്‍ പറ്റുന്നത്?’ എന്നാണത്രേ.
അവാര്‍ഡുകളുടെ കാര്യത്തിലും അദ്ദേഹം സമ്പന്നനായിരുന്നില്ല. ലഭിച്ച അവാര്‍ഡുകള്‍ മിക്കതും കഥയ്ക്കും തിരക്കഥയ്ക്കുമായിരുന്നു. മികച്ച സംവിധായകനുള്ള ഒരു പ്രാദേശിക അവാര്‍ഡുപോലും കിട്ടിയിട്ടില്ല. ജെ.സി. ദാനിയേല്‍ അവാര്‍ഡും ഫെഫ്കയുടെ ആദ്യത്തെ മാസ്റ്റേഴ്സ് അവാര്‍ഡും ലഭിച്ചു എന്നതൊഴിച്ചാല്‍ രാജ്യത്തെ പല ഉന്നതബഹുമതികള്ക്കും ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച സംവിധായകരിലൊരാളായ കെ.ജി. ജോര്‍ജ് പരിഗണിക്കപ്പെട്ടില്ല.
ജോര്‍ജിന്റെ സിനിമകള്‍ വരുംതലമുറകള്‍ വീണ്ടും വീണ്ടും കാണണമെന്നുള്ള ആഹ്വാനം ഇപ്പോള്‍ അന്തരീക്ഷത്തില്‍ മുഴങ്ങുന്നുണ്ട്. പക്ഷേ, പല സിനിമകളുടെയും പ്രിന്റുകള്‍ വളരെ മോശം അവസ്ഥയിലാണ്. എത്രയും വേഗം അവ സാങ്കേതികമായി നവീകരിച്ചില്ലെങ്കില്‍ പിന്നീട് ഖേദിക്കേണ്ടിവരും. കൊള്ളാവുന്ന സിനിമകള്‍ റീമേക്ക് ചെയ്യാന്‍ തക്കംപാര്‍ത്തിരിക്കുന്നവര്‍ ധാരാളമുണ്ടെന്ന കാര്യവും ഓര്‍ക്കുന്നതു നല്ലതാണ്.
കെ.ജി. ജോര്‍ജ് എന്ന ലെജന്‍ഡ് ജെ.സി. ദാനിയേല്‍ അവാര്‍ഡ് സ്വീകരിച്ച അതേ വേദിയില്‍ വെച്ചുതന്നെ അദ്ദേഹത്തെക്കുറിച്ചെഴുതിയ പുസ്തകത്തിന് മികച്ച സിനിമാഗ്രന്ഥത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഏറ്റുവാങ്ങാന്‍ കഴിഞ്ഞത് ജീവിതത്തിലെ വലിയൊരു സൗഭാഗ്യമായി കരുതുന്നു.
പലകുറി അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. സിനിമയെയും ജീവിതത്തെയും കുറിച്ചുള്ള വലിയ ദര്‍ശനങ്ങള്‍ പകര്‍ന്നുതന്ന ഈ അഭിമുഖങ്ങള്‍ പല കാലങ്ങളിലാണു നടത്തിയത്. അസുഖബാധിതനായതിനുശേഷം ”എനിക്കൊന്നും സംസാരിക്കാന്‍ വയ്യ’ എന്ന വായ്ത്താരി ആവര്‍ത്തിച്ചുകൊണ്ടിരുന്ന 2015-ലായിരുന്നു അവസാന ഇന്റര്‍വ്യൂ.
ആ ദിവസം രാവിലെ മുതല്‍ ഞങ്ങള്‍ വെറുതേ സംസാരിച്ചുകൊണ്ടിരുന്നു. സന്ധ്യയാകാറായപ്പോഴാണ് ‘നീ ചോദിക്ക്… ഞാന്‍ എന്തെങ്കിലും പറയാം’ എന്ന അനുകൂല സിഗ്നല്‍ കിട്ടിയത്. അതായിരുന്നു അദ്ദേഹവുമായി നടത്തിയ ഏറ്റവും നല്ല ഇന്റര്‍വ്യൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു. ‘സിനിമ എടുക്കാന്‍ പോകുമ്പോള്‍ എന്റെ മനസ്സില്‍ മുഴുവന്‍ സ്വപ്നങ്ങളാണുള്ളത്. അതങ്ങു ചിത്രീകരിച്ചാല്‍ മതി. സിനിമാചിത്രീകരണം എന്നു പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം എന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്ന ഒരു പ്രക്രിയയാണ്’ എന്ന് ജോര്ജേട്ടന് പറഞ്ഞത് ആ അഭിമുഖത്തിലാണ്.
യൂറോപ്യന്‍ സംവിധായകരുടെ സ്വാധീനത്തെക്കുറിച്ചുള്ള അഭിമുഖത്തിന്റെ ഒടുവില്‍ സിനിമ എന്ന കലാരൂപം കഴിഞ്ഞ നൂറ്റാണ്ടിന്റെ കലയായിരുന്നു എന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. ഗിസപ്പേടോണടോറെയുടെ സിനിമാ പാരഡീസോ എന്ന ചിത്രത്തെ ഉദാഹരിച്ചുകൊണ്ടായിരുന്നു ആ പ്രസ്താവന. ആ സിനിമയിലെ കേന്ദ്രകഥാപാത്രമായ സാല്‍വതോര്‍ ചലച്ചിത്രകാരനാണ്. പിറന്ന നാട്ടിലെ തിയേറ്ററില്‍ കുട്ടിക്കാലത്ത് അദ്ദേഹം പ്രൊജക്ഷന് ഓപ്പറേറ്ററുടെ അസിസ്റ്റന്റായിരുന്നു. അക്കാലത്ത് തന്റെ ആശാനായിരുന്ന ആല്‍ഫ്രഡോയുടെ സംസ്കാരച്ചടങ്ങിനു നാട്ടിലെത്തുന്ന അദ്ദേഹം കൗമാരകാല കാമുകിയെ കണ്ടുമുട്ടുന്നു.
ഇനി ജോര്‍ജിന്റെ തന്നെ വാക്കുകള്‍:
‘നാട് ആകെ മാറിയിരിക്കുന്നു. പഴയ തിയേറ്റര്‍ അടച്ചിട്ടിരിക്കുകയാണ്. അടുത്ത ശനിയാഴ്ച അത് പൊളിക്കാന്‍ പോകുന്നു. എന്നുവെച്ചാല്‍ സിനിമ മനുഷ്യന്റെ വലിയ ആവേശവും പ്രതീക്ഷയും ആയിരുന്ന ഒരു കാലഘട്ടത്തില്‍നിന്ന് സിനിമ തീരേ അപ്രസക്തമാകുന്ന ഒരു കാലഘട്ടത്തിലേക്ക് നമ്മളെ കൊണ്ടുചെന്നെത്തിക്കുകയാണ്. ഈ മനുഷ്യന് തന്റെ പഴയ കാമുകിയെ അവിടെവെച്ചു കണ്ടുമുട്ടുന്നു. ഒരിക്കലും പൂര്‍ത്തീകരിക്കപ്പെടാത്ത പ്രണയമായിരുന്നു അവരുടേത്. പ്രണയികളായിരുന്ന കാലത്ത് ഒരു ചുംബനത്തിനപ്പുറം അവരുടെ ശാരീരികബന്ധം പോയിട്ടില്ല. ഇപ്പോഴെങ്കിലും അതു പൂര്ത്തീകരിച്ചുകൂടേ എന്ന് അയാള്‍ അവളോടു ചോദിക്കുന്നു. ഇത് അവരുടെ ആഗ്രഹങ്ങള്‍ മാത്രമല്ല. സിനിമ എന്ന മഹത്തായ കലയെക്കുറിച്ചുകൂടിയുള്ള സ്റ്റേറ്റ്മെന്റാണ്. ഒരിക്കലും പൂര്‍ത്തീകരിക്കപ്പെടാത്ത പ്രണയത്തിന്റെ നോവുപോലെയാണ് ഫിലിം മേക്കിങ്. മരിച്ചുപോയ ആല്‍ഫ്രഡോ അവനുവേണ്ടി കരുതിവെച്ചിരുന്ന സമ്മാനം പണ്ട് വികാരിയച്ചന് വെട്ടിമാറ്റിയ ചുംബനരംഗങ്ങള്‍ നിറഞ്ഞ ഫിലിം റോളുകളാണ്. റോമില്‍ സ്വന്തം തിയേറ്ററില്‍ ഒറ്റയ്ക്കിരുന്ന് ഈ ചുംബനരംഗങ്ങള്‍ കാണുന്ന സംവിധായകനെയാണ് അവസാനരംഗത്തില്‍ നമ്മള് കാണുന്നത്. That’s a remarkable feeling… ഒരു കാലഘട്ടത്തിന്റെ മാത്രമല്ല, സിനിമ എന്ന കലാരൂപത്തിന്റെതന്നെ പരിണാമത്തിന്റെ അന്ത്യത്തിലെത്തിനില്‍ക്കുന്ന ഒരു തോന്നലാണത്…”
സിനിമാ പാരഡീസോ എത്ര തവണ ജോര്ജേട്ടന് കണ്ടിട്ടുണ്ടാകും എന്നു നിശ്ചയമില്ല. ഫിലിം സ്കൂളുകളില്‍ ക്ലാസെടുക്കാന്‍ പോകുമ്പോള്‍ ചിലപ്പോഴൊക്കെ പിന്തുടരാറുണ്ടായിരുന്ന എന്റെ മുന്നില്‍വെച്ചുതന്നെ അഞ്ചു തവണയെങ്കിലും കണ്ടിട്ടുണ്ട്. രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ ഒരു ഫ്രെയിം പോലും വിടാതെ ഇരുന്നു കാണും. വികാരിയച്ചന് മുറിച്ചുമാറ്റിയ ചുംബനരംഗങ്ങളുടെ മൊണ്ടാഷ് കാണുന്ന സാല്വതോറിനൊപ്പം ജോര്‍ജേട്ടനും കണ്ണീരൊഴുക്കും.
ഈ നൂറ്റാണ്ടില്‍ സിനിമയ്ക്കു സംഭവിച്ച ഭൗതികപരിണാമം ഫിലിം റോളുകളുടെ കെമിക്കല്‍ ഗന്ധത്തെപ്പോലും സ്നേഹിച്ച ആ ചലച്ചിത്രകാരനെ വേദനിപ്പിച്ചിട്ടുണ്ടാകില്ല. കാരണം, മാറ്റങ്ങള്ക്കൊപ്പമായിരുന്നു എക്കാലത്തും അദ്ദേഹത്തിന്റെ സഞ്ചാരം. പക്ഷേ, കെ.ജി. ജോര്‍ജ് എന്ന വ്യക്തിയുടെ അവസാനവര്ഷങ്ങളിലെ പരിണാമം വേദനയുളവാക്കുന്നതായിരുന്നു. സ്വന്തം ഉള്ളറകള്‍ എന്നന്നേക്കുമായി കൊട്ടിയടച്ചുകൊണ്ടുള്ള ഒരു വെജിറ്റബിള്‍ എക്സിസ്റ്റന്സായിരുന്നു അത്.
എല്ലാ സിനിമകളുടെയും ഫ്രെയ്മുകളില് അദൃശ്യനായിരുന്നുകൊണ്ട് കഥാപാത്രങ്ങളുടെ ഉള്ളറകളിലേക്ക് ക്യാമറ ഫോക്കസ് ചെയ്യുന്ന സംവിധായകന്റെ മനോവിശകലനബുദ്ധി ആ മൗനവര്‍ഷങ്ങളില്‍ സജീവമായിരുന്നോ? ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യമാണത്. നിശ്ശബ്ദതയുടെ ഉത്തരായണകാലം അധികം നീട്ടാതെ കെ.ജി. ജോര്‍ജ് തന്റെ ഭൗതികസാന്നിധ്യം പിന്‍വലിച്ചു. ജീവിതനാടകത്തിന്റെ അരങ്ങിലേക്ക് ചായം പൂശി ഒരുങ്ങിയിറങ്ങുന്ന വേഷക്കാര്‍ അണിയറയില്‍ ചൊരിഞ്ഞ കണ്ണീരിന്റെയും ചോരയുടെയും ആര്‍ത്തനാദങ്ങള്‍ ബാക്കിയായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]