ഹൈദരാബാദ്: പുഷ്പ-2 സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ തിരക്കിൽപ്പെട്ട് യുവതി മരിക്കുകയും മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ നടൻ അല്ലു അർജുനെ പോലീസ് ചോദ്യം ചെയ്തതിനു പിന്നാലെ താരത്തിന്റെ വീട്ടിൽനിന്നുള്ള ഒരു ദൃശ്യം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഹൈദരാബാദിലെ അല്ലു അർജുന്റെ വസതി വലിയ കർട്ടനുകളുപയോഗിച്ച് മറച്ചിരിക്കുകയാണ്.
ഹൈദരാബാദിലെ ജൂബിലി ഹിൽസിലാണ് അല്ലു അർജുന്റെ വസതി. ഈ വീടിനുനേരെ കഴിഞ്ഞദിവസം പ്രതിഷേധവും ആക്രമണവുമുണ്ടായിരുന്നു. സ്വകാര്യതയും സുരക്ഷയും മുൻനിർത്തിയാണ് ഇപ്പോഴത്തെ നടപടിയെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വെളുത്ത വലിയ കർട്ടനുകൾകൊണ്ടാണ് വീട് മറച്ചിരിക്കുന്നത്. കൂടാതെ വീടിന് പുറത്ത് വലിയ പോലീസ് സംഘവും നിലയുറപ്പിച്ചിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ പ്രമുഖ ഫിലിം ട്രാക്കർമാർ ഉൾപ്പെടെ പങ്കുവെച്ചിട്ടുണ്ട്.
ഈ മാസം 22-നാണ് അല്ലു അർജുന്റെ വീട് ആക്രമിക്കപ്പെട്ടത്. ജൂബിലി ഹിൽസിലെ ബംഗ്ലാവിനുമുന്നിൽ ഉസ്മാനിയ സർവകലാശാല വിദ്യാർഥികളുടെ സംയുക്ത സമിതി ധർണ നടത്തിയിരുന്നു. ഇത് സംഘർഷത്തിലേക്ക് വഴിവെയ്ക്കുകയും കല്ലേറുമുണ്ടായി. ‘പുഷ്പ-2’ സിനിമയുടെ പ്രദർശനത്തിന് നടൻ എത്തിയപ്പോഴുണ്ടായ തിരക്കിൽപ്പെട്ട് രേവതി (39) എന്ന സ്ത്രീ മരിച്ചിരുന്നു. മകൻ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. കുടുംബത്തിന് ഒരുകോടി രൂപ സഹായധനം ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
നടൻ ഉറപ്പുനൽകിയ 25 ലക്ഷംപോലും ലഭിച്ചില്ലെന്ന് ആരോപിച്ചു. സുരക്ഷാ ജീവനക്കാർ തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. കേസ് കോടതിയിലാണെന്നും വേണ്ടതുചെയ്യുമെന്നും നടൻ ഉറപ്പുനൽകിയിട്ടും പിതാവ് അല്ലു അരവിന്ദ് ഇടപെട്ടിട്ടും പ്രതിഷേധക്കാർ ശാന്തരായില്ല. ചൊവ്വാഴ്ച പോലീസ് അല്ലു അർജുനെ രണ്ടുമണിക്കൂർ ചോദ്യം ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]