നീലത്താമര എന്ന ചിത്രത്തിലൂടെ ലാൽജോസ് മലയാള സിനിമയിൽ അവതരിപ്പിച്ച നായികയാണ് അർച്ചന കവി. ഇടക്കാലത്ത് സിനിമയിൽനിന്ന് ഇടവേളയെടുത്തിരുന്ന താരം ടൊവിനോ നായകനാവുന്ന ഐഡന്റിറ്റി എന്ന ചിത്രത്തിലൂടെ തിരിച്ചുവരികയാണ്. വിഷാദരോഗവുമായി പോരാടിയ നാളുകളെക്കുറിച്ച് തുറന്നെഴുതിയിരിക്കുകയാണ് അവർ. അങ്ങനെയൊരു ദിവസമാണ് സംവിധായകൻ അഖിൽ പോൾ തന്നെ കാണാൻ വന്നതെന്നും ഇപ്പോൾ മെച്ചപ്പെട്ട അവസ്ഥയിലാണ് താനെന്നും അർച്ചന കവി എഴുതി.
ബിഗ് സ്ക്രീനിൽ സ്വന്തം മുഖം കണ്ടിട്ട് 10 വർഷമായി എന്ന് വിശ്വസിക്കാൻ പ്രയാസമാകുന്നുവെന്ന് അർച്ചന കവി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ജീവിതത്തിലെ ഏറ്റവും മോശം സമയത്തിലൂടെ കടന്നുപോകുമ്പോഴാണ് ഐഡന്റിറ്റി എന്ന ചിത്രത്തിലേക്കുള്ള അവസരം ലഭിച്ചത്. ആ സിനിമയോടു നീതി പുലർത്താൻ കഴിയുമോ എന്ന് ഉറപ്പില്ലായിരുന്നു. തന്റെ മരുന്നുകൾ ക്രമരഹിതമായിരുന്നു. വിഷാദവുമായി പോരാടുകയായിരുന്നു. അപ്പോഴാണ് അഖിൽ പോൾ എന്ന സംവിധായകൻ രംഗപ്രവേശം ചെയ്യുന്നതെന്നും അർച്ചന കുറിച്ചു.
“പിന്നെ അദ്ദേഹം എന്റെ സുഹൃത്തായി. അദ്ദേഹം എനിക്കൊപ്പം നിന്നു. ഞാൻ മരുന്നുകൾ കൃത്യമായി കഴിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി. ആ ബുദ്ധിമുട്ടേറിയ ദിവസങ്ങളിൽ എന്നോടൊപ്പം പ്രാർഥിച്ചു. ഞാൻ ഡോക്ടർമാരെ മാറ്റി. ഞങ്ങൾ ഷൂട്ട് ചെയ്യുന്ന സമയത്ത്, എനിക്ക് രോഗത്തിന്റെ ഒരു സൂചന പോലും വന്നില്ല. ഞാനിപ്പോൾ കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലാണ്. പക്ഷേ വീണ്ടും സ്ക്രീനിനെ അഭിമുഖീകരിക്കാൻ തയാറാണോ എന്ന് എനിക്കിപ്പോഴും അറിയില്ല. പ്രസവമുറിയിൽ ആശങ്കയോടെ നിൽക്കുന്ന ഭർത്താവിന്റെ അവസ്ഥയിലാണ് ഞാൻ.” അർച്ചന കവി പറഞ്ഞു.
ആളുകൾക്ക് സിനിമ ഇഷ്ടപ്പെടുമെന്ന പ്രതീക്ഷയോടെ പുറത്തിരിക്കുകയാണ്. നീലത്താമരയ്ക്ക് ശേഷം തന്റെ സിനിമ കാണാൻ മാതാപിതാക്കൾ കേരളത്തിലേക്കു വരുന്നു. ഒരു പുനർജന്മം പോലെ തോന്നുന്നു. ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്നുപറഞ്ഞുകൊണ്ടാണ് അർച്ചന കവി കുറിപ്പ് അവസാനിപ്പിക്കുന്നത്.
താൻ നേരിട്ട വിഷാദരോഗത്തെക്കുറിച്ച് താരം തുറന്നു പറഞ്ഞത് വലിയ ശ്രദ്ധ നേടിയിരുന്നു. പ്രിമെൻസ്ട്രുവൽ ഡയസ്ഫോറിക് ഡിസോർഡർ (പിഎംഡിഡി) എന്ന രോഗാവസ്ഥയായിരുന്നു അർച്ചനയ്ക്ക്. മൂന്നു വർഷത്തോളം അതിനുള്ള ചികിത്സയിലുമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]