ആശാ പരേഖിന്റെ സ്വപ്നം മയങ്ങുന്ന കണ്ണുകളിലുറ്റുനോക്കി ‘തേരി ആംഖോം കേ സിവാ ദുനിയാ മേ രഖാ ക്യാ ഹേ’ എന്ന് പ്രണയലോലനായി മന്ത്രിക്കുന്ന റഫി; യാഹൂ എന്നലറിവിളിച്ച് സൈരാ ബാനുവിന് പിറകെ കുഫ്രിയിലെ മഞ്ഞുമലകള്‍ക്ക് മുകളിലൂടെ മലക്കം മറിയുന്ന റഫി; സുന്ദരിയായ സാധനയുടെ സാമീപ്യം ആസ്വദിച്ചു മതിവരാതെ ‘അഭീ ന ജാവോ ചോഡ്കര്‍ യെ ദില്‍ അഭീ ഭരാ നഹി’ എന്ന് കേണപേക്ഷിക്കുന്ന റഫി; ഈറന്‍ കണ്ണുകളോടെ ഓ ദുനിയാ കേ രഖ് വാലേ എന്ന് പാടി ശിലാഹൃദയത്തെ പോലും അലിയിക്കുന്ന റഫി; ‘ഹമാരെ ജൈസാ ദില്‍ കഹാം മിലേഗാ’ എന്ന് ചോദിച്ചുകൊണ്ട് പാരീസിലെ നഗരവീഥികളിലൂടെ ഓടിയോടി സുന്ദരിമാരെ പ്രലോഭിപ്പിക്കുന്ന റഫി…
ഓരോ റഫിക്കും ഓരോ രൂപം, ഓരോ ഭാവം. ഇതിലേത് റഫിയെയാണ് നമുക്ക് മറക്കാന്‍ കഴിയുക? ഇനിയൊരു നൂറു വര്‍ഷം കഴിഞ്ഞാലും ലോകം മുഹമ്മദ് റഫിയെ കേട്ടുകൊണ്ടിരിക്കും എന്ന് സംഗീത സംവിധായകന് നൗഷാദ് പറഞ്ഞത് വെറുതെയല്ല. റഫിക്ക് തുല്യം റഫി മാത്രം.
കഥാപാത്രം കാമുകനാകട്ടെ, രാജകുമാരനാകട്ടെ, യോഗിവര്യനോ ഭിക്ഷാടകനോ മദ്യപാനിയോ അന്ധഗായകനോ കോമാളിയോ ആകട്ടെ ശബ്ദം പകരാന്‍ റഫിയുണ്ട്. ഓരോ ഗാനത്തിലും ഓരോ റഫിയെ കണ്ടുമുട്ടുന്നു നാം. പ്രണയഗാനമായ ‘ദീവാന ഹുവാ ബാദല്‍’ പാടുന്ന ഷമ്മി കപൂറിലെ റഫിയല്ല ‘മധുബന്‍ മേ രാധിക’ എന്ന ശാസ്ത്രീയ ഗാനത്തില്‍ അലിഞ്ഞൊഴുകുന്ന ദിലീപ് കുമാറിലെ റഫി. ‘ടൂട്ടെ ഹുവേ ഖ്വാബോം മേ’ എന്ന ഗാനത്തിലെ നിശബ്ദ ഗദ്ഗദം, ‘മന് തഡ്പത്’ എന്ന ഭജന്‍ ഗാനത്തില്‍ അടിയുറച്ച ഭക്തിയായി മാറുന്നു. ‘പ്യാസ ‘യില്‍ ജോണി വാക്കറിന് വേണ്ടി പാടിയ ‘സര് ജോ തേരാ ചക്ക് രായേ’ എന്ന പാട്ടില്‍ നിന്ന് എത്ര വ്യത്യസ്തമാണ് അതേ സിനിമയില്‍ ഗുരുദത്തിന് വേണ്ടി പാടിയ ‘യേ ദുനിയാ അഗര്‍ മില്‍ ഭി ജായേ’? ഒന്നില്‍ നിഷ്കളങ്കമായ നര്‍മ്മം, ഒന്നില്‍ ഹൃദയം നുറുക്കുന്ന വേദന. വിസ്മയകരമാണ് ഈ പകര്‍ന്നാട്ടങ്ങളെല്ലാം.
എങ്കിലും റഫിയുടെ ‘അഭ്രമുഖം’ ഷമ്മി കപൂര്‍ ആണെന്ന് തോന്നിയിട്ടുണ്ട്. റഫിയെ ഒഴിച്ചുനിര്‍ത്തി ഷമ്മിയെയോ ഷമ്മിയെ ഒഴിച്ചുനിര്‍ത്തി റഫിയെയോ കുറിച്ച് സങ്കല്‍പ്പിക്കുക അസാധ്യം. അത്രയും പരസ്പരം ആശ്ലേഷിച്ചു നില്ക്കുന്നു നില്ക്കുന്നു ആ ശബ്ദവും രൂപവും. റഫിയുടെ വിയോഗവാര്‍ത്തയറിഞ്ഞപ്പോള്‍ നിമിഷനേരം നിശ്ശബ്ദനായി നിന്ന ശേഷം ഷമ്മി കപൂര്‍ മന്ത്രിച്ച വാക്കുകള്‍ ചരിത്രത്തിന്റെ ഭാഗമാണിന്ന് : ‘എനിക്കെന്റെ ശബ്ദം നഷ്ടപ്പെട്ടു.’
1980 ജൂലായ് 31 നായിരുന്നു റഫിയുടെ നിര്യാണം. ഷമ്മി ഓര്‍മ്മയായത് മൂന്ന് പതിറ്റാണ്ടുകള്‍ കൂടി കഴിഞ്ഞ് ഒരു ആഗസ്റ്റ് 14 ന്. എങ്കിലെന്ത്? അവര്‍ ഒരുമിച്ചുചേര്‍ന്ന് അനശ്വരമാക്കിയ പാട്ടുകള്‍ ഇന്നുമുണ്ട് അന്തരീക്ഷത്തില്‍. തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് പടരുന്നു അവ: യാഹൂ ചാഹേ കോയീ മുജേ (ജംഗ്ളീ), ജവാനിയാ യേ മസ്ത് മസ്ത്, ചുപ്നെ വാലേ സാമ്നേ ആ, സര് പര് തോപി (തുംസാ നഹി ദേഖാ), ഏ ഗുല്‍ബദന്‍ (പ്രൊഫസര്‍), ബാര്‍ ബാര്‍ ദേഖോ (ചൈനാടൗണ്‍), ഇസ് രംഗ് ബദല്‍തി ദുനിയാ മേ, തുംനെ പുകാരാ ഔര്‍ ഹം ചലേ ആയേ (രാജ് കുമാര്‍), ദില്‍ തേരാ ദീവാനാ ഹേ സനം (ദില്‍ തേരാ ദീവാനാ), ദില്‍ ദേകെ ദേഖോ (ദില്‍ ദേകെ ദേഖോ), ദീവാനാ ഹുവാ ബാദല്‍, യേ ചാന്ദ് സാ രോഷന്‍ ചെഹരാ, ഇഷാരോം ഇഷാരോം (കശ്മീര്‍ കി കലി), അകേലേ അകേലേ കഹാം ജാ രഹേ ഹേ, ആസ്മാന് സേ ആയാ ഫരിഷ്താ, രാത് കേ ഹംസഫര്‍ (ആന്‍ ഈവനിംഗ് ഇന്‍ പാരിസ്), ദില്‍ കേ ജരോഖേ മേ, ആജ്കല്‍ തെരേ മേരെ, മേ ഗാവൂം തും സോ ജാവോ (ബ്രഹ്മചാരി), ബദന് പേ സിതാരേ (പ്രിന്‍സ്), തും സേ അഛാ കോന്‍ ഹേ (ജാന്‍വര്‍), ഓ ഹസീനാ ജുല്ഫോംവാലി, ആജാ ആജാ (തീസ്റി മന്‍സില്‍)….
ഗായകനും ഗാനവും അഭിനയിക്കുന്ന നടനും ഹൃദയം കൊണ്ട് ഒന്നാകുന്ന ഇന്ദ്രജാലം അനുഭവിച്ചറിയണമെങ്കില്‍ കശ്മീര്‍ കി കലിയിലെ ‘ദീവാനാ ഹുവാ ബാദല്‍’എന്ന ഗാനം കേട്ടുനോക്കുക. പാടുകയല്ല മുഹമ്മദ് റഫി; നാദശലഭമായി പറന്നുയരുകയാണ്. ‘യേ ദേഖ് കെ ദില്‍ ജൂമാ’ എന്ന വരിയിലെ ജൂമാ എന്ന വാക്കിലെത്തുമ്പോള്‍ ആ ശലഭം ആകാശത്താരകളെ ചെന്നു തൊടുന്നു.
വെറുതെയല്ല ഒരിക്കല്‍ എസ്പി ബാലസുബ്രഹ്മണ്യം പറഞ്ഞത്: ‘മുഹമ്മദ് റഫിക്കല്ലാതെ ലോകത്തൊരാള്‍ക്കും ആ ജൂമായില്‍ ഇത്രയേറെ പ്രണയം നിറക്കാനാവില്ല. ഇന്നും ആ വരി റഫി സാഹിബ് പാടിക്കേള്‍ക്കുമ്പോള്‍ എന്റെ കണ്ണുകള്‍ നിറയും. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് ജീവിക്കാന്‍ എനിക്ക് അവസരം നല്‍കിയതിന് ദൈവത്തിന് നന്ദി പറയും.’ ആശ ഭോസ്ലെയോടൊപ്പം റഫി പാടി അനശ്വരമാക്കിയ ‘ദീവാനാ ഹുവാ ബാദല്‍’ ഒരു പ്രണയപാഠശാലയാണെന്ന് തോന്നും ചിലപ്പോള്‍. വരികളില്‍, വാക്കുകളില്‍, അക്ഷരങ്ങളില്‍ പോലും പ്രണയോന്മാദം നിറച്ചുവെച്ച ആ പാട്ടിന്റെ ഈണത്തിനൊത്ത് അനുയോജ്യമായ വരികളെഴുതാന്‍ ഷാഹുല്‍ ഹുദാ ബിഹാരി പ്രയാസപ്പെട്ട കഥ നയ്യാര്‍ തന്നെ ഒരഭിമുഖത്തില്‍ പറഞ്ഞു കേട്ടിട്ടുണ്ട്. പ്രണയവും ഉന്മാദവും ഉദ്ദേശിച്ചത്ര വന്നില്ലെന്നു പറഞ്ഞു പലതവണ മാറ്റിയെഴുതിക്കുകയായിരുന്നു ആ പാട്ട്. ഒടുവില്‍ ‘ദീവാനാ ഹുവാ ബാദല്‍ യേ ദേഖ് കെ ദില്‍ ജൂമാ, ലീ പ്യാര് നെ അംഗഡായീ’ എന്ന പല്ലവി പിറന്നുവീണപ്പോള്‍ ആദ്യവായനയില്‍ തന്നെ നയ്യാര്‍ പറഞ്ഞു: ‘യേ ദേഖ് കെ ദില്‍ ജൂമാ എന്ന വരിയില്‍ നിന്നാണ് ഞാനീ പാട്ട് തുടങ്ങുക. കൈകള്‍ രണ്ടും വിടര്‍ത്തിക്കൊണ്ട് ഷമ്മി കപൂര്‍ ആ വരിയിലൂടെ ഒഴുകിപ്പോകുന്നത് ഉള്‍ക്കണ്ണുകളാല്‍ കാണാമെനിക്ക്.’
ആ ഉള്‍ക്കാഴ്ച എത്രത്തോളം കൃത്യമായിരുന്നു എന്നറിയാന്‍ കശ്മീരിലെ ദാല്‍ തടാകക്കരയില്‍ ചിത്രീകരിച്ച ഗാനരംഗം കണ്ടാല്‍ മതി നമുക്ക്. റഫി സാഹിബിന്റെ മോഹിപ്പിക്കുന്ന ഹമ്മിംഗില്‍ നിന്നാണ് പാട്ടിന്റെ തുടക്കം. ഉന്മാദഭരിതമായ മേഘജാലത്തെ നോക്കി കൈചൂണ്ടി ദീവാനാ ഹുവാ ബാദല്‍ എന്ന് ഷമ്മി പാടുമ്പോള്‍ കാമുകിയായ ശര്‍മിള ടാഗോറിന്റെ മാത്രമല്ല കണ്ടിരിക്കുന്ന നമ്മുടെ ഹൃദയങ്ങളും കോരിത്തരിച്ചുപോകും. ഷമ്മിക്ക് വേണ്ടി, ഷമ്മിക്ക് വേണ്ടി മാത്രം, സൃഷ്ടിക്കപ്പെട്ട പാട്ടാണതെന്ന് തോന്നുന്ന നിമിഷം. അല്ലെങ്കില്‍ത്തന്നെ ഓ പി നയ്യാര്‍ – റഫി – ഷമ്മി കൂട്ടുകെട്ടിന്റെ ഏത് പാട്ടാണ് നമ്മില്‍ പ്രണയം നിറക്കാതിരിക്കുക? എസ് എച്ച് ബിഹാരിയുടെ രചനകളില്‍ ഏറ്റവും ദൃശ്യചാരുതയും ‘ദീവാനാ ഹുവാ ബാദ’ലിനു തന്നെ. ‘ഐസി തോ മേരി തഖ്ദീര്‍ ന ഥി, തുംസാ ജോ കോയി മെഹബൂബ് മിലെ, ദില്‍ ആയി ഖുശി സെ പാഗല്‍ ഹേ, ഏ ജാനെ വഫാ തും ഖൂബ് മിലെ, ദില്‍ ക്യോ ന ബനേ പാഗല്‍?’ എന്ന് റഫി ചോദിക്കുമ്പോള്‍ ആരുടെ മനസ്സാണ് ഉന്മാദഭരിതമാകാതിരിക്കുക?
റഫിയായിരുന്നു എക്കാലവും ഷമ്മിയുടെ സ്ക്രീന്‍ വോയ്സ്; മറ്റു ഗായകരും അദ്ദേഹത്തിന് വേണ്ടി ഹിറ്റ് ഗാനങ്ങള്‍ പാടിയിട്ടുണ്ടെങ്കിലും. സംഗീതത്തോടും നൃത്തത്തോടുമുള്ള ഭ്രമമാണ് തന്നെ സിനിമയില്‍ എത്തിച്ചതെന്ന് തുറന്നു പറഞ്ഞിട്ടുണ്ട് ഷംഷേര്‍ രാജ് കപൂര്‍ എന്ന ഷമ്മി കപൂര്‍. ‘സംഗീതം എനിക്ക് വ്യക്തിത്വം നല്കി. അതിനുള്ള കടപ്പാട് മുഴുവന്‍ മുഹമ്മദ് റഫിയോടും ശങ്കര്‍ – ജയ്കിഷനോടുമാണ്. അവരെ പോലെ എന്നെ മനസ്സിലാക്കിയവര്‍ വേറെയില്ല.”
സംഗീത സാന്ദ്രമായിരുന്നു ഷമ്മിയുടെ ബാല്യം. അമ്മ രാംശരണി കപൂര്‍ പണ്ഡിറ്റ് ജഗന്നാഥ് പ്രസാദിന്റെ ശിഷ്യ. സൈഗളിന്റേയും മുകേഷിന്റേയും ഗുരുവാണ് പണ്ഡിറ്റ്ജി. പിന്നീട് രാജ് കപൂറും ഷമ്മിയും അദ്ദേഹത്തിന്റെ ശിഷ്യരായി. കുട്ടിക്കാലം മുതലേ നല്ലൊരു പാട്ടു കേള്‍ക്കുമ്പോള്‍ നൃത്തം ചെയ്യാന്‍ തോന്നും ഷമ്മിക്ക്. ആദ്യം അഭിനയിച്ച ജീവന് ജ്യോതി (1953) യില്‍ നൃത്തം ചെയ്യാന്‍ അവസരം കിട്ടിയില്ലെങ്കിലും ആശാ ഭോസ്ലെയുടെ ചാന്ദ്നി കി പാല്‍ക്കി മേ എന്ന ഗാനത്തിന്റെ ഒടുവില്‍ രണ്ടു വരി പാടാന്‍ പറ്റി. പടത്തില്‍ ഗായകനായി റഫിയും ഉണ്ടായിരുന്നെങ്കിലും ഷമ്മിക്ക് വേണ്ടിയല്ല അദ്ദേഹം പാടിയത്. അടുത്ത വര്‍ഷം പുറത്തുവന്ന ‘ശാമ പര്‍വാന” യിലായിരുന്നു റഫി-ഷമ്മി ടീമിന്റെ പ്രഥമ സംഗമം. ഹുസ്ന്ലാല് ഭഗത്റാം ഈണമിട്ട ‘സരേ മെഹഫില്‍ ജോ ജലേ” എന്ന ഗാനത്തോടെ.
എങ്കിലും റഫിയും ഷമ്മിയും പരസ്പരം ‘കണ്ടെത്തിയത്” നസീര്‍ ഹുസൈന് സംവിധാനം ചെയ്ത തുംസാ നഹി ദേഖാ (1957)യില്‍ തന്നെ. ദേവാനന്ദിനെ മനസ്സില്‍ കണ്ടു ഹുസൈന് രൂപം നല്കിയ കഥാപാത്രമായിരുന്നു ആ ചിത്രത്തിലെ ശങ്കര്‍. താരതമ്യേന പുതുമുഖമായ അമീതയുടെ നായകനായി അഭിനയിക്കാനുള്ള മടി മൂലം അവസാന നിമിഷം ദേവ് പിന്മാറിയതോടെ പകരക്കാരനായി ഷമ്മി എത്തുന്നു. ‘ചുണയില്ലാത്ത നായകന്മാരെ അവതരിപ്പിച്ചു മടുത്തിരുന്നു ഞാന്‍. ആടിയും പാടിയും ആര്‍ത്തുവിളിച്ചും അഭിനയം ആഘോഷമാക്കുന്ന ഒരു കഥാപാത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിനൊടുവിലാണ് തുംസാ നഹി ദേഖായുടെ വരവ്. ഇരുകൈയ്യും നീട്ടി ഞാനത് സ്വീകരിച്ചു.”– ഷമ്മി. ഭാര്യ ഗീതാബാലിയുടെ പിന്തുണയോടെ രണ്ടും കല്‍പ്പിച്ചുള്ള തയ്യാറെടുപ്പായിരുന്നു പിന്നെ. ചെമ്പൂരിലെ വീടിന്റെ മട്ടുപ്പാവ് ഷമ്മി ഒരു നൃത്തമണ്ഡപമാക്കി.
ആദ്യം റെക്കോര്‍ഡ് ചെയ്ത ‘യൂ തോ ഹം നേ ലാഖ് ഹസീ ദേഖേ ഹേ തുംസാ നഹി ദേഖാ’ എന്ന ഗാനത്തിനൊത്ത് രാത്രി മുഴുവന്‍ ചുവടു വെച്ച് പരിശീലിച്ച നാളുകളെ കുറിച്ച് ഗൃഹാതുരതയോടെ അയവിറക്കുന്നുണ്ട് ഷമ്മി. ‘റഫിയുമായി ഞാന്‍ അടുത്തു തുടങ്ങിയിരുന്നതേയുള്ളൂ. എങ്കിലും എന്നെ പൂര്‍ണ്ണമായി മനസ്സിലാക്കി പാടാന്‍ കഴിഞ്ഞിരുന്നു അദ്ദേഹത്തിന്. സംഗീത സംവിധായകനായ ഒപി നയ്യാര്‍ കണിശക്കാരനാണ്. നമ്മുടെ നിര്‍ദേശങ്ങള്‍ കൈക്കൊള്ളണം എന്നില്ല. പക്ഷേ റഫി സാഹിബ് അങ്ങനെയല്ല. ചെറു നിര്‍ദേശങ്ങള്‍ പോലും അദ്ദേഹം പരിഗണിക്കും. മാത്രമല്ല ഞാന്‍ ഉദ്ദേശിച്ചതിനേക്കാള്‍ ഗംഭീരമായി പാടി ഫലിപ്പിക്കുകയും ചെയ്യും. എന്റെ സൂക്ഷ്മചലനങ്ങള്‍ പോലും ആഴത്തില്‍ ഉള്‍ക്കൊണ്ടാണ് അദ്ദേഹം പാടുക. ഞാന്‍ കൈ വീശുന്നതും കാലുകള്‍ ചലിപ്പിക്കുന്നതും തല വെട്ടിക്കുന്നതും എല്ലാം റഫി മനസ്സില്‍ കാണും. അജ്ഞാതമായ എന്തോ ഒരു രസതന്ത്രം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു.”
ശങ്കര്‍ ജയ്കിഷനുമായും ഉണ്ടായിരുന്നു ഗാഢമായ ആത്മബന്ധം. പൃഥ്വി തിയറ്റേഴ്സില്‍ തബലിസ്റ്റായി വന്നതാണ് ആന്ധ്രക്കാരന് ശങ്കര്‍ സിംഗ് രഘുവംശി. തൊട്ടു പിന്നാലെ ഹാര്‍മോണിയത്തിലെ ഐന്ദ്രജാലിക പ്രകടനവുമായി ഗുജറാത്തില്‍ നിന്ന് ജയകിഷന്‍ ദയാഭായ് പാഞ്ഛലും. നടന്മാരായാണ് ഇരുവരും കലാജീവിതം തുടങ്ങിയത് എന്നോര്‍ക്കുന്നു ഷമ്മി. പിന്നീടാണ് സംഗീത സംവിധാന സഖ്യം രൂപപ്പെടുത്തുന്നതും രാജ് കപൂറിന്റെ ‘ബര്‍സാത്തി’ (1949) ലൂടെ സിനിമയില്‍ കയറിപ്പറ്റുന്നതും. വെളിച്ചം കണ്ടവയും അല്ലാത്തതുമായി ഷമ്മിയുടെ 22 ചിത്രങ്ങള്‍ക്ക് പാട്ടുകളൊരുക്കിയത് ശങ്കര്‍ – ജയ്കിഷന് സഖ്യമാണ്. അതില്‍ തൊണ്ണൂറു ശതമാനവും ചിട്ടപ്പെടുത്തിയത് ജയ്കിഷനും. ‘ചര്‍ച്ച്ഗേറ്റിലെ ഗേലോഡ് റസ്റ്ററണ്ടായിരുന്നു ജയ്കിഷന്റെ സ്ഥിരം താവളം. എല്ലാ വൈകുന്നേരവും ഞങ്ങള്‍ അവിടെ കണ്ടുമുട്ടും. പുതിയ പടത്തിലെ പാട്ടുകളായിരിക്കും ചര്‍ച്ചാവിഷയം.”- ഷമ്മി.
അത്തരമൊരു സായാഹ്നത്തില്‍ പിറന്നുവീണതാണ് ‘സസുരാലി”ലെ തേരി പ്യാരി പ്യാരി സൂരത് കോ — ഷമ്മിയെ മനസ്സില്‍ കണ്ട് ജയ്കിഷന് സൃഷ്ടിച്ച പാട്ട്. പക്ഷേ നിര്‍മാണത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ ഷമ്മിയും സസുരാലിന്റെ സംവിധായകന് പ്രകാശ് റാവുവും ഇടഞ്ഞു. നായകനായി ഷമ്മിക്കു പകരം രാജേന്ദ്രകുമാര്‍ എത്തി. പടം നഷ്ടപ്പെട്ടതില്‍ അല്ലായിരുന്നു ഷമ്മി കപൂറിന് നിരാശ; പാട്ട് കൈവിട്ടു പോയതിലാണ്. റഫിയുടെ സ്വരത്തില്‍ റെക്കോര്‍ഡ് ചെയ്ത ‘തേരി പ്യാരി പ്യാരി സൂരത്” തന്റെ അടുത്ത പടമായ ജംഗ്ളിക്ക് വേണ്ടി മാറ്റിവെക്കണമെന്ന് ജയ്കിഷനോട് കേണപേക്ഷിച്ചു നോക്കി ഷമ്മി കപൂര്‍. പക്ഷേ അതു വിശ്വാസവഞ്ചനയാകുമെന്നായിരുന്നു ജയ്കിഷന്റെ മറുപടി. സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളില്‍ ഒന്നായിരുന്നു ആ പാട്ടെന്നു അഭിമുഖങ്ങളില്‍ പറഞ്ഞുകേട്ടിട്ടുണ്ട് ഷമ്മി.
നേരെ മറിച്ചായിരുന്നു ‘ആജ്കല്‍ തെരെ മേരെ പ്യാര് കെ ചര്ച്ചേ ഹര് സബാന് പര്” (റഫി, സുമന് കല്യാണ്‍പൂര്‍) എന്ന പ്രശസ്ത ഗാനത്തിന്റെ വിധി. ശങ്കര്‍ ജയ്കിഷന് ഈ ഗാനം ചിട്ടപ്പെടുത്തിയത് ദേവാനന്ദ് നായകനായ ജബ് പ്യാര് കിസി സേ ഹോതാ ഹേ (1961) ക്ക് വേണ്ടിയാണ്. പക്ഷേ പാട്ടു കേട്ട ദേവാനന്ദിന് ഈണം ഇഷ്ടപ്പെട്ടതേയില്ല. തന്റെ പ്രതിഛായക്ക് യോജിച്ച കാല്പനിക ഗാനമല്ല അതെന്നായിരുന്നു ദേവിന്റെ വിലയിരുത്തല്‍. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം ഷമ്മിയുടെ അഭ്യര്‍ത്ഥനക്ക് വഴങ്ങി ആ ഗാനം ‘ബ്രഹ്മചാരി’ എന്ന ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ സസന്തോഷം സമ്മതിക്കുന്നു ജയ്കിഷന്. പാഴായിപ്പോകുമായിരുന്ന ഒരു ഗാനത്തെ അങ്ങനെ ഷമ്മി ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റിയെടുക്കുന്നു.
ഒരിക്കലും പൊഴിഞ്ഞുതീരാത്ത ഒരു പുഞ്ചിരിയുണ്ടായിരുന്നു എന്നും റഫിയുടെ മുഖത്ത്. ചുണ്ടിലൂറുന്ന ചിരിയല്ല; ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് സ്വച്ഛന്ദമായി ഒഴുകിവരുന്ന ചിരി. മങ്ങിത്തുടങ്ങിയ പഴയ ബ്ലാക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളില്‍, ടെലിവിഷന്‍ സ്ക്രീനില്‍, എല്‍ പി റെക്കോര്‍ഡ് ജാക്കറ്റുകളില്‍, ഓഡിയോ കാസറ്റിന്റെ ഇന്‍ലേ കാര്‍ഡുകളില്‍ –എവിടെയും പുഞ്ചിരിച്ചുകൊണ്ടേയിരിക്കുന്നു റഫി സാഹിബ്. ഹൃദയത്തില്‍ നിന്ന് ഒഴുകിയിറങ്ങിവരുന്ന ഈ ചിരിയില്‍ റഫിയുടെ വ്യക്തിത്വമുണ്ട്, സ്നേഹവും ആത്മവിശ്വാസവുമുണ്ട്.
ഈ ചിരി ഒരിക്കല്‍ തന്നെ പൊല്ലാപ്പിലാക്കിയ കഥ സഞ്ജീവ് കോഹ്ലി വിവരിച്ചുകേട്ടതോര്ക്കുന്നു. അന്തരിച്ച പ്രശസ്ത സംഗീത സംവിധായകന് മദന്‍മോഹന്റെ മകനായ കോഹ്ലി എച്ച് എം വിയുടെ ഉയര്‍ന്ന എക്സിക്യൂട്ടീവ് പദവിയില്‍ ഇരിക്കുന്ന കാലം. ‘റഫി സാഹിബിന്റെ ദുഃഖഗാനങ്ങളും വിരഹഗാനങ്ങളും ഉള്‍പ്പെടുത്തി ഒരു സെന്റിമെന്റല്‍ ആല്‍ബം ഇറക്കാന്‍ കമ്പനി തീരുമാനിക്കുന്നു. കാസറ്റ് കവറില്‍ റഫിയുടെ ഒരു ചിത്രം വേണം. ചിരിക്കാത്ത, ചിന്താമഗ്നനായിരിക്കുന്ന, അല്പം വിഷാദഛായയുള്ള ചിത്രം. എച്ച് എം വിയുടെ ഫോട്ടോ ലൈബ്രറിയും നാട്ടിലുള്ള സിനിമാമാസികകളും മുഴുവന്‍ പരതിയിട്ടും അതുപോലൊരു ചിത്രം കണ്ടെത്താനായില്ല. നോക്കുന്നിടത്തെല്ലാം റഫിയുടെ ചിരിക്കുന്ന മുഖം മാത്രം. ഒന്നുകില്‍ മന്ദഹാസം. അല്ലെങ്കില്‍ പൊട്ടിച്ചിരി. ചിന്തിച്ചിരിക്കുമ്പോള്‍ പോലുമുണ്ടാകും ആ മുഖത്ത് നേര്‍ത്തൊരു ചിരി. ഒടുവില്‍, ചിരിക്കുന്ന റഫിയുടെ പടം വെച്ചുതന്നെ വിഷാദഗാനങ്ങള്‍ ഇറക്കേണ്ടിവന്നു ഞങ്ങള്‍ക്ക്.”
ആത്മാവിന്റെ ആഴങ്ങളില്‍ നിന്ന് ഊറിവരുന്ന ആ പുഞ്ചിരി ഓര്‍മ്മയില്‍ നിന്ന് ഒരിക്കലും മായുന്നില്ല. മധുരോദാരമായ ആ ശബ്ദത്തെ പോലെ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]