കോഴിക്കോട്: ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രശസ്ത സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് എംടി. യന്ത്രസഹായം ഇല്ലാതെ തന്നെ ശ്വാസം എടുക്കാൻ കഴിയുന്നുണ്ടെന്നും രക്തസമ്മർദ്ദം ഉൾപ്പെടെ സാധാരണ നിലയിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
എംടി മരുന്നുകളോട് പ്രതികരിക്കുന്നുവെന്നും കൈകാലുകൾ ചലിപ്പിക്കാൻ സാധിച്ചെന്നും ഡോക്ടർമാർ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. എംടിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണെങ്കിലും മുൻപത്തെ അപേക്ഷിച്ച് ആരോഗ്യനില കൂടുതൽ വഷളായിട്ടില്ല, നിലവിൽ ചികിത്സയോട് നേരിയതോതിലെങ്കിലും അനുകൂലമായി പ്രതികരിക്കുന്നു എന്നീ കാര്യങ്ങളാണ് ഡോക്ടർമാർ നേരത്തെ അറിയിച്ചത്.
കഴിഞ്ഞ 15നാണ് ശ്വാസകോശ തടസമടക്കം ആരോഗ്യ പ്രശ്നങ്ങളോടെ എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ ആരോഗ്യനില കൂടുതൽ വഷളാവുകയും ഹൃദയസ്തംഭനമുണ്ടാവുകയും ചെയ്തു. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും നിയന്ത്രണ വിധേയമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ കഴിഞ്ഞദിവസങ്ങളിൽ എംടിയെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തെ ഫോണിൽ വിളിച്ച് എംടിയുടെ ആരോഗ്യസ്ഥിതി ആരാഞ്ഞു. മകൾ അശ്വതിയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഫോണിൽ സംസാരിച്ചിരുന്നു. മന്ത്രി മുഹമ്മദ് റിയാസ്, മന്ത്രി എ.കെ.ശശീന്ദ്രൻ, സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള തുടങ്ങിയവർ ആശുപത്രിയിലെത്തി ഡോക്ടർമാരുമായും ബന്ധുക്കളുമായും സംസാരിച്ചു.