വൈദ്യവും സംഗീതവും ഒരേ ഈണത്തില്‍ കൊണ്ടുപോകുന്ന ഡോ. ടി.പി. മെഹ്റൂഫ് രാജിന്റെ ഖല്ബിനെ റഫി പ്രേമം പിടികൂടിയിട്ട് അഞ്ചുപതിറ്റാണ്ടിലേറെയായി. ഇന്ന്, ഡിസംബര്‍ 24, മുഹമ്മദ് റഫിയുടെ ജന്മശതാബ്ദി. കാലമെത്ര കഴിഞ്ഞാലും സിരകളില്‍ റഫി സംഗീതത്തിന്റെ തുടിപ്പ് കുറയില്ല. അത്രമേല്‍ റഫിയെയും അദ്ദേഹത്തിന്റെ മാന്ത്രികശബ്ദത്തെയും കേരളം പ്രണയിക്കുന്നു. മുഹമ്മദ് റഫിയുടെ ജന്മശതാബ്ദി ദിനത്തില്‍ അദ്ദേഹത്തെ ഓര്‍ക്കുകയാണ് അദ്ദേഹത്തിന്റെ കടുത്ത ആരാധനായ ഡോ. ടി.പി. മെഹ്റൂഫ് രാജ്.
‘സംഗീതത്തോട് അല്പം മുഹബത്തുള്ള ആളാണെങ്കില്‍ മുഹമ്മദ് റഫി വളരെപ്പെട്ടെന്ന് ഖല്ബില് കൂടും’ – ഡോ. ടി.പി. മെഹ്റൂഫ് രാജ് ഇത് പറഞ്ഞുതീരുമ്പോഴേക്കും ചുണ്ടില്‍ പാട്ട് മൂളിത്തുടങ്ങിയിരുന്നു. പങ്കജ് മല്ലിക്കിന്റെ പാട്ടുകള്‍ ഇഷ്ടമായിരുന്ന പിതാവില്‍നിന്നാണ് ഡോക്ടറിന് പാട്ടിനോടുള്ള ഇഷ്ടം കിട്ടിയത്. 1973 ഡിസംബര്‍ 16-ന് മുഹമ്മദ് റഫി മാനാഞ്ചിറയില്‍ പാടിയപ്പോള്‍ കേള്‍വിക്കാര്‍ക്കിടയില്‍ ഡോ. മെഹ്റൂഫ് രാജുമുണ്ടായിരുന്നു. ആദ്യത്തെ മൂളല്കൊണ്ടുതന്നെ റഫി സദസ്സിനെ മുഴുവന്‍ കീഴടക്കിപ്പോള്‍ മെഹ്റൂഫ് രാജും ആ പാട്ടില്‍ വീണു.
‘മൂന്നു മൈക്കിലാണ് റഫി പാടിയത്. 36 സൗണ്ട് ബോക്സുകളിലായി റഫി സംഗീതം മുഴങ്ങി. കാസര്കോട്ടുനിന്നുപോലും പാട്ടുകേള്‍ക്കാനായി ആളുകളെത്തിയിരുന്നു’ – മെഹ്റൂഫ് രാജ് ഓര്‍ത്തെടുത്തു. പണ്ടുതൊട്ടെ ഹിന്ദുസ്ഥാനി സംഗീതത്തോടും മെലഡി ഗാനങ്ങളോടുമായിരുന്നു താത്പര്യം. 1975-ല്‍ ഹിന്ദുസ്ഥാനി സംഗീതം പഠിക്കാനായി ശരത്ചന്ദ്ര മറാഠെയുടെ അടുത്തുചെന്നപ്പോള്‍ കൂടെയുള്ള സഹപാഠികളില്‍നിന്നാണ് റഫിയുടെ സംഗീതത്തിന്റെ ആഴം മനസ്സിലായത്. പിന്നെയങ്ങോട്ട് റഫിയുടെ പാട്ടുകള്‍മാത്രം പാടാന്‍ തുടങ്ങി.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പഠനകാലത്ത് റഫിയുടെ ശൈലി അനുകരിച്ച് പാടാന്‍ തുടങ്ങിയതോടെ ശ്രദ്ധിക്കപ്പെട്ടു. റഫിയുടെ പാട്ടുകള്‍ ഇതുവരെ കേരളത്തിലുടനീളം 1500-ഓളം വേദികളില്‍ പാടിയിട്ടുണ്ട്. റോഷന്റെ സംഗീതസംവിധാനത്തില്‍ മുഹമ്മദ് റഫി പാടിയ ഗാനങ്ങളാണ് കൂടുതല്‍ ഇഷ്ടം. റഫിയുടെ പാട്ടുകളുടെ യഥാര്‍ഥ സൗന്ദര്യമുള്ളത് 1950-കളിലും 60-കളിലും അദ്ദേഹം പാടിയ പാട്ടുകളിലാണെന്നാണ് മെഹ്റൂഫ് രാജിന്റെ പക്ഷം.
ചികിത്സാരംഗത്ത് സംഗീതം പരീക്ഷിക്കാനും ഡോ. മെഹ്റൂഫ് രാജ് മറന്നില്ല. 2007-ല്‍ കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ മ്യൂസിക് തെറാപ്പിക്ക് തുടക്കംകുറിച്ചു. സംഗീതത്തിലൂടെ രോഗിയുടെ മാനസിക വൈകാരിക ആരോഗ്യത്തെ സുഖപ്പെടുത്തി ചികിത്സ കൂടുതല്‍ ഫലപ്രദമാക്കാനുള്ള ശ്രമങ്ങള്‍ നടത്തി. ചരിത്രപരമായ കാരണങ്ങളാല്‍ കോഴിക്കോട്ട് ഹിന്ദുസ്ഥാനി സംഗീതത്തിനും ഹിന്ദി സിനിമയ്ക്കും പണ്ടുമുതലേ ആരാധകരുണ്ട്. ഹിന്ദുസ്ഥാനി സംഗീതത്തോടുള്ള താത്പര്യമാണ് കോഴിക്കോട്ടുകാരെ റഫിയിലേക്കടുപ്പിച്ചതെന്ന് ഡോ. ടി.പി. മെഹ്റൂഫ് രാജ് പറഞ്ഞു.
ചിത്രലേഖയില്‍ റോഷന് ഈണമിട്ട, ‘മന് രേ…’ എന്നുതുടങ്ങുന്ന ഗാനമാണ് റഫിയുടെ ഗാനങ്ങളില്‍ ഡോക്ടര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത്. 2011-ല്‍ ബീച്ചാശുപത്രിയില്‍ നിന്ന് ജനറല്‍ മെഡിസിന് തലവനായി വിരമിച്ചു. ബേപ്പൂര്‍ നടുവട്ടം ബിലാവല്‍ വീട്ടിലാണ് താമസം. നിലവില്‍ കോഴിക്കോട് വി.പി.എസ്. ലേക്ക്ഷോര്‍ മെഡിക്കല്‍ സെന്ററിലെ ചികിത്സകനാണ്. 69-ാം വയസ്സിലും സംഗീതത്തിലും വൈദ്യത്തിലും ഒരുപോലെ താളം കണ്ടെത്തുകയാണദ്ദേഹം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]