ഇന്ന്, ഡിസംബര്‍ 24, മുഹമ്മദ് റഫിയുടെ ജന്മശതാബ്ദി. കാലമെത്ര കഴിഞ്ഞാലും സിരകളില്‍ റഫി സംഗീതത്തിന്റെ തുടിപ്പ് കുറയില്ല. അത്രമേല്‍ റഫിയെയും അദ്ദേഹത്തിന്റെ മാന്ത്രികശബ്ദത്തെയും കേരളം പ്രണയിക്കുന്നു. മുഹമ്മദ് റഫിയുടെ ജന്മശതാബ്ദി ദിനത്തില്‍ അദ്ദേഹത്തെ ഓര്‍ക്കുകയാണ് അദ്ദേഹത്തിന്റെ കടുത്ത ആരാധനായ ഡോ. പി.എ. ഫസല്‍ ഗഫൂര്‍
മുഹമ്മദ് റഫിക്ക് സമ്മാനിക്കാന്‍ പനിനീര്‍പ്പൂവുമായി കാത്തുനിന്ന ആ അഞ്ചാംക്ലാസുകാരന് ഇന്നുമുണ്ട് എം.ഇ.എസ്. പ്രസിഡന്റ് ഡോ. പി.എ. ഫസല്‍ ഗഫൂറിന്റെ മനസ്സില്‍. മാനാഞ്ചിറ മൈതാനത്താണത്. വലിയ സംഗീതനിശ. റഫി മാത്രമല്ല, തലത്ത് മുഹമ്മദും മിനു പുരുഷോത്തമും സംഗമിച്ച പരിപാടി കാണാന്‍ ജനസമുദ്രംതന്നെ എത്തിയിരുന്നു. മുസ്ലിം എജുക്കേഷണല്‍ സൊസൈറ്റിയുടെ (എം.ഇ.എസ്.) ധനശേഖരണത്തിനായി സംഘടിപ്പിച്ചതായിരുന്നു ആ വലിയ സംഗീതനിശ.
ഫസല്‍ ഗഫൂറിന്റെ പിതാവും എം.ഇ.എസ്. സ്ഥാപകനുമായ ഡോ. പി.കെ. അബ്ദുള്‍ ഗഫൂറാണ് പ്രധാനസംഘാടകന്‍. ആദ്യമായാണ് മഹാഗായകരെ പങ്കെടുപ്പിച്ച് കോഴിക്കോട്ട് ഇത്ര വലിയൊരു പരിപാടി നടക്കുന്നത്. മുഹമ്മദ് റഫിക്ക് പൂവ് കൊടുക്കാനുള്ള നിയോഗം കുഞ്ഞ് ഫസല്‍ ഗഫൂറിന് കൈവന്നത് സ്വാഭാവികം. പക്ഷേ, ആ പൂവ് റഫിക്ക് കൊടുക്കാന്‍ ഫസല്‍ ഗഫൂറിനായില്ല.
വര്‍ഷങ്ങള്‍ക്കുശേഷം ആ മുഹൂര്‍ത്തം ഓര്‍ത്തെടുക്കുമ്പോള്‍ അദ്ദേഹത്തിന് ചിരി. ”ഒരു എം.ഇ.എസ്. ഭാരവാഹിയുടെ മകള്‍ നിര്‍ത്താതെ കരച്ചില്. പൂവ് താന്‍ കൊടുക്കുമെന്നാണ് ആ കുട്ടി പറയുന്നത്. അങ്ങനെ ആ അവസരം എനിക്ക് നഷ്ടമായി. അന്ന് പൂവ് കൊടുക്കാന്‍ പറ്റാത്തതില്‍ സങ്കടമൊന്നുമില്ല. റഫിയുടെ പാട്ടുകളുടെ പൂക്കാലം സ്വന്തമായല്ലോ എന്ന സന്തോഷമേയുള്ളൂ…”
വെറുതേ പറയുകയല്ല ഇത്. റഫിയുടെ 500 ഗാനങ്ങള്‍ പാടി റെക്കോഡ് ചെയ്യുകയാണ് ഡോ. ഫസല്‍ ഗഫൂര്‍. കിഷോര്‍കുമാറിന്റെ 500 ഗാനങ്ങളും റെക്കോഡ് ചെയ്യുന്നുണ്ട്. കുട്ടിക്കാലത്തേ തുടങ്ങിയ റഫി-കിഷോര്‍ പ്രണയത്തിന്റെ തുടര്‍ച്ചയാണിത്.
റഫി ആദ്യമായി കോഴിക്കോട്ട്
കോഴിക്കോടിന്റെ റഫി പ്രണയത്തിലെ സുപ്രധാന അധ്യായമായിരുന്നു എം.ഇ.എസിന്റെ ധനശേഖരണത്തിനായി 1966 ഫെബ്രുവരി 28-ന് നടന്ന ആ സംഗീതനിശ. ആ പരിപാടിയില്‍നിന്ന് ലഭിച്ച ഒരുലക്ഷംരൂപ അന്ന് എം.ഇ.എസിന് വലിയൊരു തുകയായിരുന്നെന്ന് ഡോ. ഫസല്‍ ഗഫൂര്‍. അതുകൊണ്ട് ആസ്ഥാനമന്ദിരം പണിതു. അന്ന് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് അഞ്ചുരൂപയായിരുന്നു. ആ ടിക്കറ്റ് നിധിപോലെ സൂക്ഷിച്ചുവെച്ച ഒട്ടേറെപ്പേര്‍ ഇന്നുമുണ്ട്.
ആ പരിപാടിക്ക് റഫിയെ കൊണ്ടുവരാന്‍ ബോംബെയിലേക്കു പോയത് പിതാവിന്റെ നേതൃത്വത്തിലാണ്. അന്ന് കൂടെ പോയവരാരും ഇന്ന് ജീവിച്ചിരിപ്പില്ല. സംഗീതപരിപാടിക്കെത്തിയ റഫി നടക്കാവ് പൊറ്റങ്ങാടി രാഘവന് റോഡിലെ ഞങ്ങളുടെ പഴയ വീട്ടില്‍ വന്നിരുന്നു. പിന്നെ കൊച്ചിയില്‍ നടന്ന താരനിശയിലും റഫിയെ കണ്ടു. ദിലീപ് കുമാര്‍, മുഹമ്മദ് റഫി, സുനില്‍ദത്ത്, നര്‍ഗീസ്, സൈറാബാനു, വഹീദ റഹ്മാന്, പ്രേംനസീര്‍, ഷീല എന്നിവരെല്ലാമുള്‍പ്പെട്ട വലിയ ഷോയായിരുന്നു അത്.
തുടരുന്ന സ്നേഹബന്ധം
അദ്ദേഹത്തിന്റെ കുടുംബവുമായുള്ള ബന്ധം പിന്നെയും തുടര്‍ന്നു. മകന്റെ വിവാഹത്തിന് റഫിയുടെ മകന് ഷഹീദ് റഫിയെ മുംബൈയില്‍ പോയി ക്ഷണിച്ചു, അദ്ദേഹം വന്നു. ‘സംഝോഥ’യിലെ ‘ബഡീ ദൂര്സേ ആയാ’ എന്ന പാട്ട് പാടുകയും ചെയ്തു. മുംബൈയില്‍ റഫിയുടെ കുടുംബസംഗമത്തിലേക്ക് ക്ഷണം ലഭിച്ചതും ഓര്‍മ്മയില്‍ തിളങ്ങുന്നു. റഫിയുടെ സംഗീതസംവിധായകരും നടന്മാരുമെല്ലാം പങ്കെടുത്ത പരിപാടിയായിരുന്നു അത്. അവിടെ പോയി.
കല്യാണ്ജി, ആനന്ദ്ജി, ലക്ഷ്മീകാന്ത്, പ്യാരേലാല്‍, ഷമ്മി കപൂര്‍, മഹേന്ദ്രകപൂര്‍ തുടങ്ങിയവരെയൊക്കെ പരിചയപ്പെടാന്‍ സാധിച്ചു. റഫിയെക്കുറിച്ചുള്ള രണ്ടു പുസ്തകങ്ങള്‍ക്ക് നിരൂപണമെഴുതാന്‍ അവസരമുണ്ടായതും വലിയ ബഹുമതിയായാണ് കണക്കാക്കുന്നത്.
റഫി മരിച്ച ദിവസം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ അനുശോചനയോഗവും സംഗീതനിശയും നടത്തിയതും അവിസ്മരണീയം. ”അന്ന് അവിടെ ഹൗസ് സര്ജന്മാരാണ് ഞാനും മെഹ്റൂഫ് രാജും. പരിപാടി ഞങ്ങളാണ് സെറ്റ് ചെയ്തത്. അനുശോചന പ്രഭാഷണം ഞാനാണ് നടത്തിയത്. മെഹ്റൂഫ് രാജ് റഫിഗാനങ്ങള്‍ ആലപിച്ചു. സ്ലൈഡ് പ്രോജക്ട് വെച്ച് പ്രദര്‍ശനവും നടത്തി.”
പിന്നെ എല്ലാ വര്‍ഷവും അനുസ്മരണം തുടര്‍ന്നു. ജന്മദിനത്തിലും ഓര്‍മ്മദിനത്തിലും ഒട്ടേറെ സംഘടനകള്‍ റഫിക്ക് ഗാനാര്‍ച്ചന നടത്തുന്നു. ഇക്കൊല്ലം റഫി ജന്മശതാബ്ദിയായതിനാല് എം.ഇ.എസ്. നൂറ് ഗായകരെ അണിനിരത്തി നൂറ് റഫി ഗാനങ്ങളാണ് അവതരിപ്പിച്ചത്. അങ്ങനെ തലമുറകളില്‍നിന്ന് തലമുറകളിലേക്ക് ആ മഹാഗായകനും അദ്ദേഹത്തിന്റെ ഗാനങ്ങളും പടരുന്നു…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]