ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തിയ റൈഫിള്‍ ക്ലബ് മികച്ച പ്രേക്ഷകപ്രതികരണം നേടി മുന്നേറുകയാണ്. തോക്കുകള്‍ കൊണ്ട് കഥ പറയുന്ന ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്കും മേക്കിംഗിനുമാണ് ഏറ്റവും കയ്യടി ഉയരുന്നത്. ഇക്കൂട്ടത്തില്‍, റൈഫിള്‍ ക്ലബിലെ സ്ത്രീ കഥാപാത്രങ്ങളും അവരുടെ പെര്‍ഫോമന്‍സും വലിയ പ്രശംസയാണ് ഏറ്റുവാങ്ങുന്നത്.
മികച്ച ഉന്നമുള്ള ഷൂട്ടേഴ്സാണ് റൈഫിള്‍ ക്ലബിലെ ഓരോ സ്ത്രീകളും. ‘തോക്കിനേക്കാള്‍ നോക്കിന് ഉന്നവും ഉണ്ടയേക്കാള്‍ മുന്‍പ് മണ്ട’യുമെത്തുന്നവരാണ് ഇവരോരുത്തരും. ഇട്ടിയാനവും സിസിലിയും കുഞ്ഞോളും സൂസനും ശോശാമ്മയുമെല്ലാം ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളാകുമ്പോള്‍, അവരെ സ്ക്രീനില്‍ എത്തിച്ച വാണി വിശ്വനാഥും ഉണ്ണിമായ പ്രസാദും ദര്‍ശനയും സുരഭി ലക്ഷ്മിയും പൊന്നമ്മ ബാബുവുമെല്ലാം സ്ക്രീന്‍ പ്രസന്‍സ് കൊണ്ട് ഞെട്ടിക്കുകയാണ്. റൈഫില്‍ ക്ലബിലേക്ക് എത്തിച്ചേരുന്ന നാദിയ എന്ന കഥാപാത്രവും ഈ ഗ്യാങ്ങിന് പറ്റിയ ആള് തന്നെ.
ആകാശം ഇടിഞ്ഞുവീണാലും ചില് മൂഡ് വിടാത്ത ഒരു കൂട്ടം പെണ്ണുങ്ങള് കൂടിയാണിവര്‍. ഓരോരുത്തരെയും ഒന്നിനൊന്ന് വ്യത്യസ്തമാക്കുന്ന ക്യാരക്ടര്‍ ട്രെയ്റ്റുകളുമുണ്ട്. ഒന്നിനു മുന്നിലും കുലുങ്ങാത്ത പ്രകൃതമെന്നത് എല്ലാവരിലും സ്ഥായിയായി ഉണ്ടെങ്കിലും, പ്രതിസന്ധികളെ നേരിടുന്നതും, ജീവിതത്തോടുള്ള കാഴ്ചപ്പാടും ഓരോരുത്തര്‍ക്കും വ്യത്യസ്തമാണെന്നും ചിത്രം വ്യക്തമാക്കുന്നുണ്ട്.
തുടക്കത്തില്‍ ഷൂട്ടിങ് പ്രാക്ടീസ് ചെയ്യുന്ന സമയത്തും, വേട്ടയെ കുറിച്ച് സംസാരിക്കുമ്പോഴും, ക്ലബിലേക്ക് ബീരയും സംഘവും കയറി വരുമ്പോഴും തുടങ്ങി ക്ലൈമാക്സ് സീനുകളില്‍ വരെ ഇത് കാണാം. അളന്നുമുറിച്ച ഡയലോഗുകളുള്ള ചിത്രത്തില്‍ അവ പ്രേക്ഷകരുടെ മനസില്‍ കയറിക്കൂടുംവിധം ഇവരോരുത്തരും പറയുന്നുണ്ട്. പ്രത്യേകിച്ച്, വാണി വിശ്വനാഥിന്റെ ഇട്ടിയാനവും പൊന്നമ്മ ബാബുവിന്റെ ശോശാമ്മയും.
നോട്ടങ്ങള്‍ കൊണ്ട് പോലും പരസ്പരം മനസിലാക്കുന്ന സ്ത്രീ സൗഹൃദങ്ങളും ചിത്രത്തിലുണ്ട്. സിനിമയില്‍ അധികം കടന്നുവന്നിട്ടില്ലാത്ത എലമെന്റുകളിലും ഏച്ചുകൂട്ടലിന്റെ ഭാരമില്ലാതെയുമാണ് റൈഫിള്‍ ക്ലബിലെ മിക്ക കഥാപാത്രങ്ങളുമെത്തുന്നത്. അക്കൂട്ടത്തില്‍ ഏറ്റവും തിളങ്ങിനില്‍ക്കുന്നത് ഈ സത്രീകള്‍ തന്നെയാണ്. റൈഫിള്‍ ക്ലബ് വീണ്ടും കാണാന്‍ പ്രേരിപ്പിക്കുന്നതില്‍ ലേഡീസ് ഗ്യാങ്ങിന് വലിയ പങ്കുണ്ട്.
തികച്ചും ഒരു റെട്രോ സ്റ്റൈല്‍ സിനിമയായാണ് ചിത്രം എത്തുന്നത്. ബോളിവുഡില്‍ ശ്രദ്ധേയ സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള, വേറിട്ട വേഷങ്ങളില്‍ വിവിധ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള അനുരാഗ് കശ്യപിന്റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് ‘റൈഫിള്‍ ക്ലബ്’. ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, വിന്‍സന്റ് വടക്കന്‍, വിശാല്‍ വിന്‍സന്റ് ടോണി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നതാണ് ചിത്രം. സിനിമയുടെ ഛായാഗ്രഹണവും ആഷിഖ് അബു തന്നെയാണ് നിര്‍വഹിക്കുന്നത്. ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
വിജയരാഘവന്, റാഫി, വിനീത് കുമാര്‍, സുരേഷ് കൃഷ്ണ, ഹനുമാന്‍കൈന്‍ഡ്, സെന്ന ഹെഗ്ഡെ, വിഷ്ണു അഗസ്ത്യ, വാണി വിശ്വനാഥ്, ദര്‍ശന രാജേന്ദ്രന്, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കര്‍, നിയാസ് മുസലിയാര്‍, റംസാന് മുഹമ്മദ്, നവനി ദേവാനന്ദ്, പരിമള്‍ ഷായ്സ്, സജീവ് കുമാര്‍, കിരണ്‍ പീതാംബരന്, ഉണ്ണി മുട്ടത്ത്, ബിബിന്‍ പെരുമ്പിള്ളി, ചിലമ്പന്, ഇന്ത്യന്‍ എന്നിവരടക്കമുള്ള വന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്.
റൈഫിള്‍ ക്ലബ്ബിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് നായര്‍, ശ്യാം പുഷ്കരന്, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ്. ‘മായാനദി’ക്ക് ശേഷം ആഷിക്ക് അബു, ശ്യാം പുഷ്കരന്, ദിലീഷ് നായര്‍ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘മഞ്ഞുമ്മല്‍ ബോയ്സി’ലൂടെ വലിയ ജനപ്രീതി നേടിയ അജയന് ചാലിശ്ശേരിയാണ് റൈഫിള്‍ ക്ലബ്ബിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മേക്കപ്പ്: റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം: മഷര്‍ ഹംസ, എഡിറ്റര്‍: വി സാജന്, സ്റ്റണ്ട്: സുപ്രീം സുന്ദര്‍, സംഗീതം: റെക്സ് വിജയന്, പ്രൊഡക്ഷന്‍ കണ്ട്രോളര്: കിഷോര്‍ പുറക്കാട്ടിരി, സ്റ്റില്‍സ്: റോഷന്, അര്ജുന് കല്ലിങ്കല്‍, പി.ആര്.ഒ: ആതിര ദില്‍ജിത്ത്.
ALSO READ : ‘ഇനി ഇവിടെ ഞാന്‍ മതി’; ആക്ഷന്‍ ടീസറുമായി ‘മാര്‍ക്കോ’ ടീം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]