ബെംഗളൂരു: തെലുങ്ക് സൂപ്പർതാരം അല്ലു അർജുന്റെ വീട് ആക്രമിച്ച കേസിൽ 6 പ്രതികൾക്കും ജാമ്യം. പ്രതികൾക്ക് മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുമായി ബന്ധം ഉണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേസമയം പൊലീസ് സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടതോടെ അല്ലു അർജുൻ
പ്രതിരോധത്തിലായി. ഹൈദരാബാദ് ജൂബിലി ഹിൽസിലെ അല്ലു അർജുന്റെ ആഡംബര വീട്ടിൽ അക്രമം അഴിച്ചുവിട്ട 6 പേർക്കും നമ്പള്ളി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 1000 രൂപ കെട്ടിവയ്ക്കണം എന്നതടക്കമാണ് ഉപാധികൾ.
പുഷ്പ2 പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച രേവതിക്ക് നീതി കിട്ടണമെന്നാവശ്യപ്പെട്ട് ഒസ്മാനിയ സർവ്വകലാശാല വിദ്യാർത്ഥികൾ എന്ന പേരിൽ ആണ് പ്രതിഷേധം സംഘടിപ്പിച്ചതെങ്കിലും രേവന്ത് റെഡ്ഢി സ്പോൺസേർഡ് അക്രമം എന്നാണ് ബിആർഎസിന്റെ ആരോപണം. മുഖ്യമന്ത്രിയുടെ അടുത്ത അനുയായിയായ യൂത്ത് കോൺഗ്രസ് നേതാവ് ശ്രീനിവാസ റെഡ്ഢിയും അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെട്ടതാണ് ബിആർഎസ് ആയുധമാക്കുന്നത്.
രേവന്ത് റെഡ്ഢി അല്ലു അർജുനോട് പകപോക്കുന്നുവെന്ന ആക്ഷേപം പ്രതിപക്ഷം കടുപ്പിക്കുമ്പോഴും പുറത്തുവന്ന സിസിടിവിദൃശ്യങ്ങൾ സൂപ്പർതാരത്തിന്ർറെ വാദങ്ങൾ പൊളിക്കുന്നതാണ്. യുവതി മരിച്ചതായി എസിപി നേരിട്ട് പറഞ്ഞിട്ടും തിയേറ്റർ വിടാൻ അല്ലു അർജുൻ തയ്യാറായില്ലെന്ന് ആരോപിക്കുന്ന ഹൈദരാബാദ് പൊലീസ്, ഡിസിപിയെത്തി സൂപ്പർതാരത്തെ പുറത്തേക്ക് മാറ്റുന്ന ദൃശ്യങ്ങളും ഔദ്യോഗിക ഹാൻഡിലിൽ പങ്കുവച്ചു. അല്ലു അർജുന്റെ ജാമ്യം റദ്ദാക്കാനുള്ള പഴുതുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നതായും സൂചനയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]