ചിരിയും വാടകക്ക് കിട്ടുമത്രേ ഇപ്പോള്‍; മൊത്തമായും ചില്ലറയായും: ചെറുചിരി, പൊട്ടിച്ചിരി, അട്ടഹാസച്ചിരി, വെടലച്ചിരി, പരിഹാസച്ചിരി, സങ്കടച്ചിരി എന്നിങ്ങനെ പലയിനം ചിരികള്‍. കഴിഞ്ഞ ദിവസം തിയേറ്ററില്‍ ചെന്നിരുന്ന് സിനിമ കാണുമ്പോള്‍ വീണുകിട്ടിയ അറിവാണ്. പരമാര്‍ത്ഥമെന്ന് പറയുന്നു പലരും. എന്നാലും പൂര്ണ്ണമായിട്ടങ്ങു വിശ്വാസം വന്നിട്ടില്ല. ഇങ്ങനെയൊക്കെ സംഭവിക്കുമോ? യൂട്യൂബ് വ്യൂസ്, ലൈക്ക്സ്, ഷെയേഴ്സ് തുടങ്ങി സിനിമയുടെ പോസിറ്റിവ് റിവ്യൂയും ടോപ്പ് റേറ്റിംഗും വരെ പണം മുടക്കിയാല്‍ കിട്ടുന്ന കാലമാണെന്നറിയാം. എന്നാല്‍ ചിരി?
സിനിമയിലേക്ക് തന്നെ വരാം. നര്‍മ്മത്തിന്റെ മേമ്പൊടിയുള്ള പടമാണ്. ബോറടിക്കില്ല. എന്നാലും നിലമറന്നുള്ള പൊട്ടിച്ചിരിക്കൊന്നും വലിയ സ്കോപ്പില്ല. അങ്ങിങ്ങായി ചെറുചിരികള്‍ ഉയര്‍ത്തിയേക്കാവുന്ന പടം. അങ്ങനെ മൃദുഹാസങ്ങളുമായി പ്രേക്ഷകര്‍ മുന്നേറിക്കൊണ്ടിരിക്കെ അതാ വരുന്നു തിയേറ്ററിന്റെ ഒരു കോണില്‍ നിന്ന് അട്ടഹാസച്ചിരി. ഞാനും ഭാര്യയും മകനും മുഖത്തോടു മുഖം നോക്കി. ഇതെന്ത് കഥ ? തലയറഞ്ഞു ചിരിക്കാന്‍ മാത്രമുള്ള ഫലിതമൊന്നും സ്ക്രീനില്‍ ആരും വിളമ്പിയതായി തോന്നിയില്ല. ഇനി നമ്മുടെ ആസ്വാദനശീലത്തിന്റെ കുഴപ്പമാകുമോ? പുതുതലമുറ ആസ്വദിക്കുന്ന തമാശകള്‍ വേറെ ഇനത്തില്‍ പെട്ടതാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. പ്രിയദര്ശന്, സത്യന് അന്തിക്കാട് പടങ്ങള്‍ കണ്ടുവളര്‍ന്ന അങ്കിള്‍സിനും ആന്റിമാര്‍ക്കും അവ രുചിക്കണമെന്നില്ല.
സംശയനിവൃത്തിക്ക് വേണ്ടി ചുറ്റുമൊന്ന് കണ്ണോടിച്ചു. ധാരാളം കൗമാരക്കാരും കുട്ടികളുമുണ്ട് മുന്നിലും പിന്നിലും അടുത്ത സീറ്റുകളിലുമായി. അവരാരും ഇങ്ങനെ അലമുറയിട്ട് ചിരിക്കുന്നില്ല. മാത്രമല്ല അട്ടഹാസം കേട്ട് അത്ഭുതപരതന്ത്രരായി ഇരിക്കുകയാണ് പല യുവ ശിങ്കങ്ങളും.
ഹാവൂ, സമാധാനമായി. അത്രയ്ക്കങ്ങ് കാലഹരണപ്പെട്ടിട്ടില്ലല്ലോ നമ്മള്.
കഥ അവിടെ തീര്‍ന്നില്ല. പിന്നെയും മുഴങ്ങി പൊട്ടിച്ചിരികള്‍. ഇടയ്ക്ക് തിയേറ്ററിന്റെ ഇടത്തേ മൂലയില്‍ നിന്ന്. അല്ലാത്തപ്പോള്‍ വലത്തു നിന്ന്. സിനിമയിലെ സിറ്റുവേഷന് നോക്കിയല്ല ചിരി എന്ന് വ്യക്തം. സ്വിച്ചിട്ടപോലെയാണ് ചിരിയുടെ തുടക്കം. അതും എട്ടോ പത്തോ പേര് ഒരുമിച്ചു കോറസ്സായി. ഒടുക്കവും അതുപോലെ തന്നെ. റെക്കോര്‍ഡ് ചെയ്തു വെച്ച പോലുള്ള ചിരി. അഞ്ചാറ് തവണ ഈ കൂട്ടച്ചിരി ആവര്‍ത്തിക്കപ്പെട്ടു തിയേറ്ററില്‍. ഡയലോഗുകള്‍ പോലും മുങ്ങിപ്പോയി പലപ്പോഴും ചിരിപ്പൂരത്തില്‍.
സിനിമ കണ്ടുകഴിഞ്ഞു പുറത്തിറങ്ങേ യാദൃച്ഛികമായി കണ്ടുമുട്ടിയ സുഹൃത്തില്‍ നിന്നാണ് ആ ഞെട്ടിക്കുന്ന വിവരമറിഞ്ഞത്. സിനിമയുടെ വിപണനതന്ത്രത്തിന്റെ ഭാഗമായി തിയേറ്ററുകളില്‍ ചിരിക്കാന്‍ ആളെ നിയോഗിക്കുന്ന സമ്പ്രദായമുണ്ടത്രെ ഇപ്പോള്‍. ചില പ്രത്യേക നര്‍മ്മ സന്ദര്‍ഭങ്ങള്‍ ജനം ശ്രദ്ധിക്കാതെ പോകരുത് എന്ന നിര്‍ബന്ധത്തിന്റെ പേരിലുള്ള ഏര്‍പ്പാടാണ്. അതായത്, തമാശ സീന്‍ ആണെന്ന് ഏതെങ്കിലും മണ്ണുണ്ണിക്ക് മനസ്സിലാകാതെ പോയാല്‍ അവനെ/അവളെ അത് ഓര്‍മ്മിപ്പിക്കണം. അതാണ് ലക്ഷ്യം. എല്ലാവരും ചിരിക്കുമ്പോള്‍ നമ്മളൊരാള് ചിരിക്കാതിരുന്നാല്‍ അത് കുറച്ചിലല്ലേ? അപ്പോള്‍ നമ്മളും ചുമ്മാതങ്ങ് ചിരിച്ചുകൊള്ളും. കൊള്ളണം.
മാത്രമല്ല സിനിമയെക്കുറിച്ച് ആരെങ്കിലും അഭിപ്രായം ചോദിച്ചാല്‍ അത്ര പോരാ എന്ന് പറയാന്‍ മടിയായിരിക്കും മിക്കവര്‍ക്കും. തിയേറ്റര്‍ മുഴുവന്‍ ചിരിച്ചു മറിയുമ്പോള്‍ നമുക്ക് മാത്രം തമാശ പിടികിട്ടിയില്ലെന്നു വരുന്നത് കുറച്ചിലല്ലേ? ‘കൊള്ളാം, ചിരിക്കാനുണ്ട്’ എന്നേ പറയൂ നമ്മള്.
വാഹ് വാഹ് ! എന്തൊരു ബുദ്ധി; എന്തൊരു പ്രൊഫഷണല്‍ തന്ത്രം. ആ തന്ത്രശാലിക്കിരിക്കട്ടെ ഒരു സ്വര്‍ണ്ണത്തൂവല്‍.
ചിരിത്തൊഴിലാളികളെ വാടകക്കെടുക്കുന്നവര്‍ ഒരു കാര്യം മാത്രം ശ്രദ്ധിച്ചാല്‍ കൊള്ളാം. സിനിമയില്‍ ചിരിക്കേണ്ട സന്ദര്‍ഭങ്ങള്‍ ഏതൊക്കെയെന്ന് ടിയാന്മാരെ കൃത്യമായി പറഞ്ഞു മനസ്സിലാക്കണം. അല്ലാതെ ഊഹം വെച്ച് ചിരിത്തിര അഴിച്ചുവിട്ടാല്‍ പണി പാളും. ഗദ്ഗദം വേണ്ടിടത്ത് ചിരിച്ചുപോയാലത്തെ സ്ഥിതിയൊന്ന് ആലോചിച്ചുനോക്കൂ. ഇങ്ങനേയും ഒരു ഏര്‍പ്പാട് സിനിമാലോകത്തുണ്ടെന്ന് ഇനിയും പൂര്‍ണ്ണമായി വിശ്വാസം വന്നിട്ടില്ല. പറഞ്ഞയാള്‍ അല്‍പ്പം അതിശയോക്തി കലര്‍ത്തി പറഞ്ഞതാകാം. എങ്കിലും സംഭവം സത്യമായിക്കൂടാ എന്നുമില്ല. കാലം അതല്ലേ ….
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]