.news-body p a {width: auto;float: none;}
മുഹമ്മദ് യൂനുസ് നയിക്കുന്ന ബംഗ്ളാദേശിലെ ഇടക്കാല സർക്കാരുമായി ഇന്ത്യയ്ക്ക് അത്ര നല്ല ബന്ധമല്ല ഉള്ളത്. ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പുറത്താക്കിയാണ് പട്ടാളത്തിന്റെ സഹായത്തോടെ ബംഗ്ളാദേശിൽ ഇടക്കാല സർക്കാർ ഓഗസ്റ്റ് എട്ടിന് അധികാരത്തിൽ വന്നത്.
ഷെയ്ഖ് ഹസീനയുടെ എല്ലാ വിഭാഗക്കാരെയും ഉൾപ്പെടുത്തിയുള്ള സർക്കാരിന് വിരുദ്ധമായി ഇടക്കാല സർക്കാർ ന്യൂനപക്ഷങ്ങളുടെ നേരെ കടുത്ത ആക്രമണമാണ് പലയിടത്തും നടത്തുന്നത്. അക്രമികളെ നിലയ്ക്ക് നിർത്താൻ സർക്കാരിന് കഴിഞ്ഞിട്ടുമില്ല. മുൻപ് ഇന്ത്യയുമായി നല്ല ബന്ധമുണ്ടായിരുന്ന ബംഗ്ളാദേശിന് ഇപ്പോൾ പാകിസ്ഥാനുമായും ചൈനയുമായുമാണ് അടുപ്പം.
മ്യാൻമാർ അതിർത്തിയിലെ ബംഗ്ളാദേശിന്റെ തലവേദന
ഇതിനിടെ ബംഗ്ളാദേശിന് തലവേദന സൃഷ്ടിക്കുന്ന ഒരു നീക്കം മ്യാൻമാറിൽ നിന്നും ഉണ്ടായിരിക്കുകയാണ്. ബംഗ്ളാദേശിന് സമീപത്തെ മ്യാൻമാർ അതിർത്തിയിലെ 271 കിലോമീറ്ററോളം സ്ഥലം വിമതസേനയായ അരാക്കൻ ആർമി പിടിച്ചെടുത്തിരിക്കുകയാണ്. മ്യാൻമാറിലെ പട്ടാളഭരണകൂടത്തിന്റെ ജുണ്ഡ ആർമിയെ തുരത്തിയാണ് അരാക്കൻ ആർമി എന്ന വിമതർ ഇവിടം പിടിച്ചെടുത്തത്. മ്യാൻമാറിലെ പ്രദേശം പിടിച്ചെടുത്തതിൽ ബംഗ്ളാദേശിനെ എങ്ങനെ ബാധിക്കുമെന്നറിയാം. ബംഗ്ളാദേശിന് കീഴിലുള്ള സെന്റ്.മാർട്ടിൻസ് ദ്വീപിന് തൊട്ടടുത്താണ് ഇപ്പോൾ അരാക്കർ ആർമി പിടിച്ചെടുത്ത ഇടങ്ങൾ.
ബുദ്ധമത വിശ്വാസികളുടെ സായുധസേന
മ്യാൻമാറിലെ റാഖെയ്ൻ സംസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ച പ്രധാനമായും ബുദ്ധമത വിശ്വാസികൾ ചേർന്ന സായുധ സംഘടനയാണ് അരാക്കൻ ആർമി. 2009 ഏപ്രിൽ 10നാണ് ആർമി സ്ഥാപിതമായത്. യുണൈറ്റഡ് ലീഗ് ഓഫ് അരാക്കൻസിന്റെ സൈന്യമാണ് അരാക്കൻ ആർമി. മ്യാൻമാർ സർക്കാരിൽ നിന്നും മോചനത്തിനും രാജ്യത്ത് അഞ്ച് ശതമാനത്തിലേറെ വരുന്ന അരാക്കൻ ജനതയ്ക്ക് സ്വയംഭരണാധികാരം ലഭിക്കുന്നതിനും വേണ്ടി പോരാടുന്ന സായുധ വിഭാഗം.
2021ലാണ് തിരഞ്ഞെടുത്ത സർക്കാരിനെ അട്ടിമറിച്ച് മ്യാൻമാറിൽ പട്ടാളം പിന്തുണക്കുന്ന ഭരണം വന്നത്.പട്ടാളത്തിന്റെ ജുണ്ഡ ആർമിക്കെതിരെയുള്ള ത്രീ ബ്രദർഹുഡ് കൂട്ടായ്മയിൽ പെട്ടവരാണ് അരാക്കൻ ആർമി. 40,000നടുത്താണ് അരാക്കൻ ആർമിയുടെ സൈനികബലം. മ്യാൻമാർ-ചൈന മേഖലയിലെ വിമതനീക്കം നടത്തിയവരാണ് ഇപ്പോൾ ഇതിൽ അംഗങ്ങളായവരിൽ ഏറെയും.
റാഖെയ്ൻ സംസ്ഥാനത്തെ പ്രധാനഭാഗങ്ങൾ പൂർണമായും തങ്ങളുടെ കീഴിലായെന്ന് ഡിസംബർ 20 അരാക്കൻ ആർമി സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. കഴിഞ്ഞ അഞ്ച്മാസത്തിനിടെ മ്യാൻമാർ പട്ടാളത്തിന് നേരെ നേടുന്ന രണ്ടാമത് പ്രധാന വിജയമാണിത്. കഴിഞ്ഞ നവംബർ മുതൽ ഇവിടെ നടക്കുന്ന പ്രധാന പോരാട്ടത്തിൽ നേടിയ വിജയം ചൈനയ്ക്കും ഇന്ത്യയ്ക്കും അൽപം ഭീഷണിയും ഉള്ളതാണ്. ചൈനയും ഇന്ത്യയും മുൻകൈയെടുത്ത് നടത്തുന്ന തുറമുഖ പ്രൊജക്ടുകൾ ഈ സംസ്ഥാനത്തുണ്ട്. സംസ്ഥാനത്തെ തലസ്ഥാനമായ സിത്വെ ഏതാണ്ട് പൂർണമായും ഒറ്റപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചൈനയ്ക്ക് തിരിച്ചടി
വിവിധ വിമതസൈന്യങ്ങൾക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുത്ത് സ്ഥലത്ത് അരക്ഷിതാവസ്ഥ നിലനിർത്തുന്ന ചൈനയ്ക്ക് ഇപ്പോഴത്തെ നീക്കം തിരിച്ചടിയാണ്. ഇതിനിടെ കലാദൻ മൾട്ടി മോഡൽ ട്രാൻസിറ്റ് പദ്ധതിയുടെ ഭാഗമായി മിസോറാമിൽ നിന്നുള്ള രാജ്യസഭാംഗം കെ.വൻലവേന അരാക്കൻ ആർമി അംഗങ്ങളുമായി ചർച്ച നടത്തിയിരുന്നു. പദ്ധതി നിർമ്മാണത്തിൽ തടസമുണ്ടാകാതിരിക്കണം എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാൽ ഇതിനെ ഇന്ത്യയുടെ ഇടപെടലായി ചിലർ വ്യാഖ്യാനിച്ചെങ്കിലും ഇന്ത്യ ഈ വാദത്തെ തള്ളിക്കളഞ്ഞിട്ടുണ്ട്. മ്യാൻമാറിൽ ജനാധിപത്യം പുനഃസ്ഥാപിക്കണം എന്നത് മാത്രമാണ് ഇന്ത്യൻ നിലപാട്.
ബുദ്ധമത അനുയായികളായ അരാക്കൻ സേന പിടിച്ചെടുത്ത ഭാഗങ്ങളിൽ നിന്നും ലക്ഷക്കണക്കിന് രോഹിങ്ക്യൻ വിഭാഗക്കാരെ അവർ പുറത്താക്കിയിരുന്നു.ഇവർ ബംഗ്ളാദേശിലാണ് അഭയം തേടിയത്. ഭരണമാറ്റത്തെ തുടർന്ന് മതന്യൂനപക്ഷങ്ങൾ പീഡനം നേരിടുന്ന ബംഗ്ളാദേശിലെ പ്രദേശങ്ങളിലേക്ക് അരാക്കൻ സേന എത്തുമോ എന്നതും ചർച്ചയാകുന്നുണ്ട്.
എന്നാൽ ഇവരുടെ മുന്നേറ്റം ഇന്ത്യയുടെ തന്ത്രപ്രധാനമായ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മിസോറാം, മേഘാലയ പോലെയുള്ള ഇടങ്ങളിൽ ഏത് തരത്തിലാണ് പ്രതിഫലിക്കുക എന്നത് ഇന്ത്യയെ സംബന്ധിച്ചും ആലോചന വേണ്ട കാര്യമാണ്.