.news-body p a {width: auto;float: none;}
2025 ഒക്ടോബറിനകം കാനഡയിൽ പൊതുതിരഞ്ഞെടുപ്പ് നടക്കും. 2015 മുതൽ പ്രധാനമന്ത്രി കസേരയിൽ തുടരുന്ന ലിബറൽ പാർട്ടി നേതാവ് ജസ്റ്റിൻ ട്രൂഡോയ്ക്ക് അതുവരെ അധികാരത്തിൽ കടിച്ചുതൂങ്ങാനാകില്ലെന്ന് ഏറെക്കുറേ ഉറപ്പായി. ശൈത്യകാല അവധിയ്ക്ക് ശേഷം ജനുവരി 27ന് പാർലമെന്റ് ചേരുമ്പോൾ ഒരു തീരുമാനമുണ്ടാകും. ഖാലിസ്ഥാൻ അനുകൂലിയായ ജഗ്മീത് സിംഗിന്റെ ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻ.ഡി.പി) ട്രൂഡോയെ പുറത്താക്കാൻ പാർലമെന്റിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ട്രൂഡോ ഒരു പരാജയമാണെന്നും ഉടൻ തിരഞ്ഞെടുപ്പ് നടത്തണമെന്നും അവർ പറയുന്നു. ട്രൂഡോ സർക്കാരിന്റെ മുൻ സഖ്യ കക്ഷിയാണ് എൻ.ഡി.പി. ആർക്കും ഭൂരിപക്ഷമില്ലാത്ത കനേഡിയൻ പാർലമെന്റിൽ ട്രൂഡോയെ താങ്ങിനിറുത്തിയത് അവരാണ്.
ഇവരുടെ പ്രീതിക്കായി, മികച്ച ബന്ധമുണ്ടായിരുന്ന ഇന്ത്യയെ പോലും പിണക്കി ഖാലിസ്ഥാനിവാദികൾക്ക് ട്രൂഡോ കുടപിടിച്ചു. എന്നാൽ ഒടുവിൽ അവർ തന്നെ ട്രൂഡോയെ തിരിഞ്ഞുകൊത്തുകയാണ് ഇപ്പോൾ. സെപ്തംബറിൽ തന്നെ എൻ.ഡി.പി ട്രൂഡോ സർക്കാരുമായുള്ള സഖ്യം നിറുത്തിയിരുന്നു. എന്നാൽ, അവിശ്വാസ വോട്ടിലും ബില്ലുകളിലും പിന്തുണ തുടരുമെന്നായിരുന്നു പറഞ്ഞത്. ഇപ്പോൾ അതും ഉപേക്ഷിക്കാനാണ് എൻ.ഡി.പിയുടെ നീക്കം.
ട്രൂഡോയുടെ ലിബറൽ പാർട്ടി (153), പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടി (119), ബ്ലോക്ക് കീബെക്വ (33), എൻ.ഡി.പി (25), ഗ്രീൻ (2), സ്വതന്ത്രർ (4) എന്നിവർ ചേർന്നതാണ് നിലവിലെ കനേഡിയൻ പാർലമെന്റ്. അവിശ്വാസ വോട്ടുണ്ടായാൽ രക്ഷപെടാനുള്ള 170 എം.പിമാരുടെ പിന്തുണ ട്രൂഡോയ്ക്ക് ഇനി കിട്ടാനിടയില്ല. കൺസർവേറ്റീവുകൾ ട്രൂഡോയെ പുറത്താക്കാൻ കാത്തിരിക്കുകയാണ്.
ബ്ലോക്ക് കീബെക്വയാകട്ടെ അടുത്തിടെ കൺസർവേറ്റീവുകൾക്ക് പിന്തുണയറിയിച്ചു. എൻ.ഡി.പി കൂടി എതിരായാൽ ട്രൂഡോയ്ക്ക് പിന്നെ രക്ഷയില്ല. കൺസർവേറ്റീവുകൾ സെപ്തംബറിൽ നടത്തിയ അവിശ്വാസ വോട്ടിനെ ട്രൂഡോ അതിജീവിച്ചത് എൻ.ഡി.പിയുടെയും ബ്ലോക്ക് കീബെക്വയുടെയും പിന്തുണയോടെയാണ്.
എൻ.ഡി.പിയുടെ പ്രമേയത്തെ കൺസർവേറ്റീവുകളും ബ്ലോക്ക് കീബെക്വയും പിന്തുണയ്ക്കും. യു.എസിൽ ഡൊണാൾഡ് ട്രംപ് അധികാരത്തിലേറാനിരിക്കെ അദ്ദേഹത്തിന്റെ നികുതി ഭീഷണികളെ പ്രതിരോധിക്കാൻ ശേഷിയുള്ള ശക്തനായ നേതാവ് തങ്ങൾക്ക് വേണമെന്ന വികാരം കനേഡിയൻ ജനതയ്ക്കുമുണ്ട്. എൻ.ഡി.പി നീക്കം ഉപേക്ഷിച്ചാൽ ട്രൂഡോയ്ക്ക് അധികാരത്തിൽ തുടരാം.
ഇല്ലെങ്കിൽ ട്രൂഡോയ്ക്ക് മുന്നിൽ രണ്ട് വഴികളാണുള്ളത്. ഒന്നുകിൽ അവിശ്വാസ വോട്ടിലൂടെ പുറത്താകും. അല്ലെങ്കിൽ അവിശ്വാസ വോട്ടിന് മുന്നേ രാജിവയ്ക്കാം.