വിനയന് സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഊരിയാടാപ്പയ്യന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെ അനുഭവങ്ങള്‍ ഓര്‍ത്തെടുത്ത് സംവിധായകന് ജിസ് ജോയ്. അക്കാലത്ത് മറൈന്‍ ഡ്രൈവില്‍വെച്ച് കണ്ട ഒരു കൈനോട്ടക്കാരിയെയാണ് തന്റെ സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തില്‍ സേതുലക്ഷ്മിയുടെ കഥാപാത്രത്തിലൂടെ പുനരവതരിപ്പിച്ചതെന്ന് ജിസ് ജോയി പറഞ്ഞു. കൈനോട്ടക്കാരി നടന് ഇന്ദ്രജിത്തിന്റെ കൈനോക്കിയ രസകരമായ അനുഭവവും സഫാരി ടിവിയുടെ പരിപാടിയില്‍ ജിസ് ജോയി പങ്കുവെച്ചു.
ജിസ് ജോയിയുടെ വാക്കുകള്‍: ഊമപ്പെണ്ണിന് ഊരിയാടാപ്പയ്യന്‍ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയം. ഷൂട്ടിങ്ങില്ലാത്ത ഒരു ദിവസം ഇന്ദ്രജിത്തുമായി ജയസൂര്യ വാഴക്കാലയിലുള്ള എന്റെ വീട്ടില്‍ വന്നു. പാലിയോ എന്ന കാറിലാണ് വന്നതെന്ന് തോന്നുന്നു. ഇന്ദ്രജിത്ത് അത് വാങ്ങിച്ചതിന്റെ അടുത്ത ദിവസമാണ്. നമ്പറൊന്നും കിട്ടിയിട്ടില്ല. വീട്ടില്‍വന്ന് വാ അളിയാ നമുക്ക് എറണാകുളം വരെ പോകാമെന്ന്. അന്ന് ലുലു മാളൊന്നും തുടങ്ങിയിട്ടില്ല. നമുക്ക് ആകെ പോയിരിക്കാവുന്ന സ്ഥലം മറൈഡ്രൈവാണ്. ജിസിഡിഎ കോംപ്ലക്സിന്റെ അവിടെ കായലിലേക്ക് നോക്കിയിരിക്കാം. ഞാനും ജയസൂര്യയും ഇന്ദ്രജിത്തുംകൂടെ കാറില്‍ ജിസിഡിഎയിലേക്ക് പോകുന്നു. ഞങ്ങള്‍ അവിടെ സംസാരിച്ചിരുന്നു. എനിക്ക് ഇന്ദ്രജിത്തിനെ അടുത്ത് പരിചയപ്പെട്ടതില്‍ സന്തോഷം തോന്നി. ജയനാണെങ്കില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായി മാറിക്കഴിഞ്ഞു.
അങ്ങനെയിരിക്കുമ്പോള്‍ ഒരു സ്ത്രീ തത്തയുമായി കൈനോക്കാന്‍ എത്തി. മുണ്ടുടുത്ത് പ്രായംചെന്ന ഒരു സ്ത്രീ. ആ അമ്മ പലരുടേയും അടുത്ത് ചെല്ലുന്നു. പലരും വേണ്ട എന്ന് പറയുന്നു. അങ്ങനെ ഞങ്ങളുടെ അടുത്തേക്ക് എത്തുന്നു. ഞങ്ങള്‍ക്ക് വേറെ സമയം കളയാനില്ലാത്തതിനാല്‍ ഒന്ന് കൈ നോക്കിക്കളയാം എന്ന് വിചാരിച്ചു. ജയസൂര്യയുടെ കൈ കാണിക്കുന്നു. ജയസൂര്യയുടെ മുഖത്ത് നോക്കിയിട്ട് പറയുന്നു കലാകാരനാണ്, കലാരംഗത്ത് വലിയആളാകുമെന്ന്. ജയസൂര്യ എപ്പോഴും മൂകാംബിക കുങ്കുമം തൊടാറുണ്ട്. ഒരുകലാകാരന്റെ ലുക്കുണ്ട്. സിനിമയിലേക്ക് വരും കലാരംഗം തന്നെയാണ് മേഖല എന്നൊക്കെ പറയുന്നു.
അതിന് ശേഷം ഇന്ദ്രജിത്തിന്റെ കൈ നോക്കുന്നു. ഇന്ദ്രന് ഇത് ഇപ്പോള്‍ ഓർക്കുന്നുണ്ടോ എന്നറിയില്ല. കൈ നോക്കിയിട്ട് നിങ്ങളും കലാകാരനാണ്, ഗായകനാണ് എന്ന് പറയുന്നു. നമ്മള് കേട്ടിട്ടുണ്ട്, കേട്ടിട്ടുണ്ട് എന്ന ഭാവത്തില്‍ ഇരിക്കുന്നു. പിന്നെ ആ സ്ത്രീ ഇന്ദ്രജിത്തിന്റെ മുഖത്തേക്ക് നോക്കി. കുഞ്ഞിന്റെ അച്ഛന് രാജ്യം ഭരിക്കേണ്ടയാളാണ്, ഒത്തിരി പ്രജകളുണ്ടാകേണ്ടയാളാണെന്ന് പറയുന്നു. ഒരുപാട്പേര് ആരാധിക്കേണ്ടയാളാണ്. വളരെ കൗതുകത്തോടെ ആരാണ് മോന്റെ അച്ഛന് എന്ന് ചോദിമ്പോള്‍ ഇന്ദ്രജിത്തിന്റെ കണ്ണ് നിറഞ്ഞു. എന്റെ അച്ഛന് സിനിമാ നടനായിരുന്നു…സുകുമാരന്‍. സുകുമാരന്റെ മോനാണോ എന്ന് അവര്‍ ചോദിക്കുന്നു. അച്ഛന് മരിച്ചിട്ട് രണ്ട് വര്‍ഷമായി. ഞാന്‍ പറയുന്നത് 2000-2001ലെ കാര്യമാണ്.
അത് വല്ലാത്ത ഒരു ഷോക്കായിപ്പോയി. ഇന്നും അതിന് ഉത്തരമില്ല. എനിക്ക് ഇന്നും അത്ഭുതമാണ് എങ്ങനെയാണ് അവര്‍ അത് പറഞ്ഞത്. ആ ചോദ്യം എന്നോടോ ജയസൂര്യയോടോ പറഞ്ഞില്ല. കൃത്യമായി ഇന്ദ്രജിത്തിന്റെ കൈപിടിച്ച് മുഖത്ത് നോക്കി ചോദിച്ചു. ഈ കഥാപാത്രത്തെ ഞാന്‍ അങ്ങനെ തന്നെ സേതുലക്ഷ്മി ചേച്ചിയെക്കൊണ്ട് സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. അന്ന് സേതുലക്ഷ്മി ചേച്ചിയെ ഞാന്‍ അണിയിച്ചൊരുക്കിയത് ഇത്തരം ഒരു ജീവിതാനുഭവത്തിന്റെ വെളിച്ചത്തിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]