.news-body p a {width: auto;float: none;}
പാലക്കാട്:സ്കൂളിൽ ക്രിസ്തുമസ് ആഘോഷിച്ചതിന് ഭീഷണിപ്പെടുത്തിയതായി പരാതി. അദ്ധ്യാപകരെ ഭീഷണിപ്പെടുത്തിയ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ഇവരെ റിമാൻഡ് ചെയ്തിട്ടുണ്ട്. പാലക്കാട് നല്ലേപ്പുള്ളി ഗവ. യു പി സ്കൂളിലാണ് സംഭവം.
നല്ലപ്പള്ളി സ്വദേശികളായ വടക്കുംതറ കെ അനിൽകുമാർ, മാനാംകുറ്റി കറുത്തേടത്ത്കളം സുശാസനൻ, തെക്കുമുറി വേലായുധൻ എന്നിവർക്കെതിരെയാണ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തത്. ഇതിൽ അനിൽകുമാർ വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറിയാണ്. വിശ്വഹിന്ദു പരിഷത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ് വേലായുധൻ. ബജ്രംഗദൾ ജില്ലാ സംയോജകനാണ് വി സുശാസനൻ.കൃത്യനിർവഹണം തടസപ്പെടുത്തൽ, മതസ്പർദ്ധ വളർത്തുന്ന രീതിയിൽ അസഭ്യം പറയൽ, അതിക്രമിച്ചു കടക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.
രണ്ട് ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കുട്ടികളും അദ്ധ്യാപകരുമെല്ലാം സാൻഡായുടെ തൊപ്പി ധരിച്ച് കേക്ക് മുറിച്ചു. ഈ സമയത്താണ് പ്രതികൾ സ്ഥലത്തെത്തിയത്. തുടർന്ന് സ്കൂളുകളിൽ ശ്രീകൃഷ്ണ ജയന്തിയാണ് ആഘോഷിക്കേണ്ടതെന്നും പറഞ്ഞ് പ്രധാനാദ്ധ്യാപികയെയും അദ്ധ്യാപകരെയും അസഭ്യം പറഞ്ഞു.
സ്കൂളിലെ അദ്ധ്യാപകരുടെയും പി ടി എ ഭാരവാഹികളുടെയും പരാതിയുടെ അടിസ്ഥാനത്തിൽ ചിറ്റൂർ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പരിപാടി തുടങ്ങുന്ന സമയത്ത് തന്നെ മൂന്ന് പേരും സ്കൂളിലെത്തിയെന്നും കുട്ടികളെയും ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.
അതേസമയം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, പ്രതിഷേധസൂചകമായി ഡി വൈ എഫ് ഐയുടെ നേതൃത്വത്തിൽ പ്രദേശത്ത് സൗഹൃദ ക്രിസ്തുമസ് സന്ദേശ പരിപാടി സംഘടിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]