കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫിലുണ്ടായ തീപ്പിടുത്ത അപകടം പരാമർശിച്ച് കുവൈത്തിനെ നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അനേകം ഇന്ത്യക്കാർ കൊല്ലപ്പെട്ട അപകടം വലിയ ഹൃദയവേദനയുണ്ടാക്കി. കുവൈത്ത് സർക്കാർ വളരെയധികം സഹായിച്ചെന്നും ഒരു സഹോദരനെപ്പോലെ ഒപ്പം നിന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കുവൈത്തിന് അഭിവാദ്യം അർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മംഗഫ് തീപ്പിടുത്തത്തിൽ മരിച്ചതിൽ ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു. അതിൽ 24 പേർ മലയാളികളും ആയിരുന്നു.
ലോകത്തിന്റെ വളർച്ചയുടെ എഞ്ചിനായി ഇന്ത്യ മാറുമെന്ന് കുവൈത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. കുവൈത്തിനുൾപ്പടെ ലോകത്തിനാവശ്യമായ കഴിവുള്ള പ്രതിഭകളെ നൽകാൻ ഇന്ത്യ സജ്ജമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ഇന്ത്യൻ സമൂഹത്തോട് സംസാരിച്ച പ്രധാനമന്ത്രിക്ക് നാളെയാണ് നിർണായക കൂടിക്കാഴ്ചകൾ ഉള്ളത്. യുപിഐ പേമെന്റ് കുവൈത്തിൽ നടപ്പാക്കുന്ന കാര്യത്തിലും പ്രഖ്യാപനം പ്രതീക്ഷിക്കുന്നുണ്ട്. ബാങ്കിങ്, ഐ.ടി, ഫാർമസ്യൂട്ടിക്കൽ മേഖലകളിൽ കുവൈത്തുമായി കൂടുതൽ സഹകരണമാണ് കുവൈത്ത് സന്ദര്‍ശനത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ഈ മേഖലകളിൽ ഇന്ത്യയുടെ മുന്നേറ്റം പ്രധാനമന്ത്രി അക്കമിട്ട് നിരത്തി. കുവൈത്ത് അമീറുമായുള്ള നരേന്ദ്രമോദി നാളെ കൂടിക്കാഴ്ച്ച നടത്തും.
Also Read: 43 വർഷത്തിന് ശേഷം ആദ്യം; കുവൈത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേൽപ്പ്
43 വർഷത്തിന് ശേഷമെത്തിയ ഇന്ത്യൻ പ്രധാനമന്ത്രിയെ കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര – പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യസഫ് സൗദ് അൽ സബാഹ്, വിദേശകാര്യമന്ത്രി അബ്ദുള്ള അലി അൽ യഹ്യ ഉൾപ്പടെയുള്ളവർ ചേര്‍ന്നാണ് സ്വീകരിച്ചത്. പൗരപ്രമുഖരുമായുള്ള ഹൃസ്വ കൂടിക്കാഴ്ച്ചയ്ക്കിടെ രാമായണവും മഹാഭാരതവും അറബി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത അബ്ദുല്ല അൽ-ബറൂൺ, അബ്ദുൾ ലത്തീഫ് അൽ-നിസഫ് എന്നിവർ കോപ്പികളുമായി പ്രധാനമന്ത്രിയെ കാണാനെത്തി. കുവൈത്തിൽ കഴിയുന്ന മുൻ ഇന്ത്യൻ നയതന്ത്രജ്ഞനും, ഐ എഫ് എസ് ഓഫീസറുമായ നൂറ്റൊന്നു വയസുകാരൻ മംഗൾ സെയ്ൻ ഹന്ദയും പ്രധാനമന്ത്രിയെ കാണാൻ എത്തിയിരുന്നു. ഇന്ത്യൻ തൊഴിലാളികൾ ജോലി ചെയ്യുന്ന ഗൾഫ് സ്പൈക് കമ്പനിയുടെ ലേബർ ക്യാമ്പ് സന്ദർശിച്ച നരേന്ദ്ര മോദി, തൊഴിലാളികൾക്കൊപ്പം ലഘുഭക്ഷണവും കഴിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]