ലഖ്നൗ: ഉത്തർപ്രദേശില്‍ തഹസീല്‍ദാരുടെ കാറിനടിയില്‍പ്പെട്ട് മുപ്പത് കിലോമീറ്റർ വലിച്ചിഴച്ച യുവാവ് മരിച്ചു. 35 വയസുള്ള നരേന്ദ്ര കുമാർ ഹൽദാർ എന്നയാളാണ് മരിച്ചത്. ലഖ്നൗവിൽ നിന്ന് 127 കിലോമീറ്റർ അകലെയുള്ള ബഹ്റൈച്ചിലാണ് സംഭവം. പയാഗ്പൂർ സ്വദേശിയായ നരേന്ദ്ര കുമാർ ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ നൻപാറ-ബഹ്റൈച്ച് റോഡിൽ വച്ച് വ്യാഴാഴ്ച അപകടത്തിൽപ്പെടുകയായിരുന്നു.
കുടുങ്ങിയ മൃതദേഹവുമായാണ് തഹസീര്‍ദാര്‍ കാറില്‍ തങ്ങളുടെ അടുത്തേക്കെത്തിയതെന്ന് പോലീസ് പറഞ്ഞു. അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന നായിബ് തഹസിൽദാർ ശൈലേഷ് കുമാർ അവസ്തിയെ സസ്പെൻഡ് ചെയ്യാൻ ജില്ലാ മജിസ്ട്രേറ്റ് മോണികാ റാണി ശുപാർശ ചെയ്തു. ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവർ മെറാജ് അഹമ്മദിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അപകടസമയത്ത് മരിച്ച നരേന്ദ്ര ഹൽദാറിന്റെയും, തഹസിൽദാറുടെ ഡ്രൈവർ മെറാജ് അഹമ്മദിന്റെയും ലൊക്കേഷന്‍ വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹം 30 കിലോമീറ്റർ വലിച്ചിഴിച്ചാണ് കൊണ്ടുവന്നതെന്ന് സ്ഥിരീകരിച്ചതെന്ന് പോലീസ് സൂപ്രണ്ട് വൃന്ദ ശുക്ല പറഞ്ഞു. ഗുരുതരമായ അശ്രദ്ധയാണ് സംഭവിച്ചിട്ടുള്ളതെന്നും 30 കിലോമീറ്ററോളം വാഹനത്തിൽ മൃതദേഹം കുടുങ്ങിയിരിക്കാൻ സാധ്യത കുറവാണെന്നും ഭയം മൂലമാകാം വാഹനം നിർത്താതെ പോയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അപകടമുണ്ടാകാനിടയായ കൃത്യമായ സാഹചര്യം കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനായി 30 കിലോമീറ്റർ റൂട്ടിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്തേക്കുള്ള ലോറി, വടകരയിൽ തടഞ്ഞു; കന്യാകുമാരി സ്വദേശി ലോറിയിൽ കടത്തിയത് 140.25 ലിറ്റർ മാഹി മദ്യം!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]