സൂറത്ത്: ബാങ്കിന്റെ ലോക്കർ തകർത്ത് വിഗ്രഹവും സ്വർണാഭരണങ്ങളും കവർന്ന് മോഷ്ടാക്കൾ. ഗുജറാത്തിലെ സൂറത്തിലാണ് സംഭവമുണ്ടായത്. ഹോളിവുഡ് സിനിമകളെ വെല്ലുന്ന തരത്തിലായിരുന്നു വൻ ബാങ്ക് കവർച്ച. കിം ക്രോസ്റോഡിന് സമീപമുള്ള യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയെയാണ് മോഷ്ടാക്കൾ ലക്ഷ്യമിട്ടത്.
75 ലോക്കറുകളിൽ ആറെണ്ണത്തിൽ നിന്നുള്ള വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടാക്കൾ കവർന്നു. ലോക്കർ റൂമിലേക്കുള്ള ഒരു വശത്തെ ഭിത്തിയിൽ രണ്ടടി വലിപ്പത്തിലുള്ള ദ്വാരം സൃഷ്ടിച്ചാണ് മോഷ്ടാക്കൾ അകത്തേയ്ക്ക് പ്രവേശിച്ചത്. മോഷ്ടാക്കൾ സിസിടിവി ക്യാമറകളുടെ കേബിളുകൾ മുറിച്ച് പ്രവർത്തനരഹിതമാക്കിയിരുന്നു. ബാങ്കിൻ്റെ അലാറം സംവിധാനം കേടുവരുത്തുകയും ചെയ്തു. ക്യാമറയിൽ പതിഞ്ഞ വ്യക്തതയില്ലാത്ത ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അഞ്ചോളം പേർ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
മോഷ്ടാക്കൾ ബാങ്കിനുള്ളിൽ മൂന്ന് മണിക്കൂറോളം ചെലവഴിച്ചു. ലോക്കറുകളിൽ മൂന്നെണ്ണം കാലിയായിരുന്നു. ഒരു ലോക്കറിൽ വിദേശത്തുള്ള ഒരു വ്യക്തിയുടെ ഗണേശ വിഗ്രഹമാണ് ഉണ്ടായിരുന്നത്. മറ്റൊരു ലോക്കറിൽ നിന്ന് 40 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. മൂന്നാമത്തെ ലോക്കറിന്റെ ഉടമ ഇപ്പോൾ സ്ഥലത്തില്ലാത്തതിനാൽ അതിൽ എന്താണ് ഉണ്ടായിരുന്നതെന്ന് അറിവായിട്ടില്ല.
മോഷ്ടാക്കളെ തിരിച്ചറിയാൻ റോഡുകളിലെയും ദേശീയപാതകളിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. ലോക്കറുകൾ തകർക്കാൻ ഉപയോഗിച്ച ഇലക്ട്രിക് കട്ടർ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കണ്ടെത്താൻ ഒന്നിലധികം പൊലീസ് സംഘങ്ങൾ അന്വേഷണം നടത്തുന്നുണ്ട്.
READ MORE: പാക് നുഴഞ്ഞുകയറ്റം; കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തിന് ആദ്യം മുന്നറിയിപ്പ് നൽകിയ താഷി നംഗ്യാൽ അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]