കൊച്ചി: എറണാകുളം കാക്കനാട് ഹോട്ടലിന് മുന്നിൽ നിന്ന് കണ്ടെത്തിയ വ്യാജ ബോംബിൽ ട്വിസ്റ്റ്. ഇൻഫോപാർക്കിനടുത്ത് ഹെൽമറ്റിനകത്തു നിന്നും ഇലക്ട്രോണിക് ഉപകരണം കണ്ടെത്തിയ സംഭവത്തിലാണ് പുതിയ വിവരം ലഭിച്ചിരിക്കുന്നത്. കോളേജ് വിദ്യാർത്ഥികൾ പഠനാവശ്യത്തിനായി ഉണ്ടാക്കിയ ഉപകരണം ആയിരുന്നു ഇതെന്ന് പോലീസ് വ്യക്തമാക്കുന്നു. ഹോട്ടലിനു മുൻവശം ഇത് മറന്നു വെച്ചതാണെന്ന് വിദ്യാർത്ഥികൾ പൊലീസിനെ അറിയിച്ചു. ഇൻഫോ പാർക്ക് പോലീസ് വിദ്യാർത്ഥികളെ വിളിച്ചുവരുത്തി മൊഴിയെടുത്തതിനെ തുടർന്നാണ് വിവരം.
ഹെൽമറ്റിന് അകത്ത് പ്ലാസ്റ്റിക് കണ്ടെയ്നറിൽ ആയിരുന്നു ഇലക്ട്രോണിക് ഉപകരണം ഉണ്ടായിരുന്നത്. ഹോട്ടലിന് മുൻവശത്ത് നിന്നാണ് ഇത് കണ്ടെടുത്തത്. ഇന്നലെ രാത്രി 11 മണിയോടെയാണ് ഹോട്ടലിന് മുന്നിൽ നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് മുകളിൽ ഈ സാധനങ്ങൾ ഇരിക്കുന്നത് ബൈക്കുടമസ്ഥന്റെ ശ്രദ്ധയിൽപെട്ടത്. ബൈക്കിന്റെ ഉടമ ഹെല്‍മറ്റും അതിലുണ്ടായിരുന്ന വസ്തുവും തന്റെതല്ലെന്ന് പറഞ്ഞ് കടയുടമയുടെ സമീപമെത്തുകയായിരുന്നു. കടയുടമയും ഇത് തന്റെതല്ലെന്ന് പറഞ്ഞു.
ഇതോടെ സ്ഥലത്തുണ്ടായിരുന്നവരും പരിഭ്രാന്തിയിലായി. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി ഇലക്ട്രോണിക് ഡിവൈസ് നിര്‍വീര്യമാക്കിയശേഷം കൊണ്ടുപോവുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയതിനെ തുടർന്നാണ് സംഭവത്തിൽ ആശങ്കപ്പെടാനില്ല എന്ന വിവരം പുറത്തുവരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]