രാജ് ബി ഷെട്ടിയുടെ ആദ്യ മലയാള ചിത്രമായ ‘രുധിരം’ തീയേറ്ററികളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. മാനുഷിക വികാരങ്ങളെ ആസ്പദമാക്കി മുന്നോട്ടുപോകുന്ന ഈ സിനിമയുടെ അമരക്കാരന് ജിഷോ ലോണ്‍ ആന്റണിയുടെ വാക്കുകളിലേക്ക്…
സിനിമയില്‍ ഏറ്റവും ഇഷ്ടപ്പെട്ട ജോണര്‍ ഏതാണ്?
എനിക്ക് ത്രില്ലര്‍, ഗ്യാങ് സ്റ്റര്‍, റിവഞ്ച് ഡ്രാമകളും ആക്ഷന്‍ ഓറിയേന്റഡായിട്ടുള്ള സിനിമകളും ഹോമിസൈഡ് ഇന്‍വസ്റ്റിഗേഷന്‍ എന്നി ജോണറുകളാണ് ഇഷ്ടം. ഹൊററിനോട് താത്പര്യമില്ല. കോമഡി സിനിമകളും അത്രയധികം കാണാറില്ല. റൊമാന്റിക്ക് സിനിമകള്‍ കാണാറുണ്ട്. എന്നിരുന്നാലും കൂടുതല്‍ ഇഷ്ടം മേല്‍ പറഞ്ഞ ജോണറും ട്രാവല്‍ സിനിമകളുമെല്ലാമാണ്.
ഈ കഥ എഴുതി തുടങ്ങിയത് എപ്പോഴായിരുന്നു?
ഇതിന്റെ പ്ലോട്ട് കുറേയധികം നാളായി മനസിലുണ്ട്. ആദ്യം വിചാരിക്കുന്ന സിനിമ തന്നെ ഒരു പുതുമുഖ സംവിധായകന് പുറത്ത് വരണമെന്നില്ല. മുമ്പ് പല സിനിമകളും ആലോചിരുന്നപ്പോഴും ഈ പ്ലോട്ട് മനസിലുണ്ടായിരുന്നു കോവിഡ് സമയത്ത് ആലോചിച്ച് വച്ച് 2021 ലാണ് ചിന്തയില്‍ നിന്ന് അതൊരു കഥയായത്. സ്ക്രിപ്റ്റിങ്ങിലോട്ട് കടക്കുന്നത് ആ വര്‍ഷമാണ്. 2022 ല്‍ അനൗണ്‍സ് ചെയ്തിട്ട് 2023 ഫെബ്രുവരി 14 ല്‍ ഷൂട്ട് നടക്കുന്നത്.
സിനിമയുടെ പ്ലോട്ട് മനസിലേക്ക് വരുന്നത് എങ്ങനെയാണ് ഒരു പ്രത്യേക സാഹചര്യത്തിലോ സമയത്തിലോ ആണോ?
കാണുന്ന കാഴ്ചകള്‍, വായിക്കുന്ന പുസ്തകങ്ങള്‍ ഇത്തരത്തില്‍ ഒരുപാട് കാര്യങ്ങള്‍ സ്വാധീനിക്കും. പുസ്തകം വായിക്കുമ്പോള്‍ ആയിരിക്കാം ടിവിയിലെ ഒരു വാര്‍ത്ത കാണുമ്പോളായിരിക്കാം ഒരു സിനിമ കാണുമ്പോഴാകാം അങ്ങനെ എന്തുമാകാം. അങ്ങനെ ഒരു സ്പാര്‍ക്ക് എപ്പോഴാണ് വന്നതെന്ന് കൃത്യമായി ഓര്‍മയില്ല. പുറത്തുള്ള പലതും സ്വാധീനിക്കാറുണ്ട്. അതുപോലെ തന്നെ പലതിലേക്കും ബന്ധിപ്പിക്കാറുമുണ്ട്. കാര്‍ ഓടിക്കുമ്പോള്‍ വഴിയില്‍ കാണുന്ന ഒരു പോസ്റ്ററില്‍ നിന്നാവാം ആ പ്ലോട്ട് വരുന്നത്. അതുകൊണ്ടുതന്നെ എളുപ്പത്തില്‍ പ്ലോട്ട് എവിടെനിന്നാണ് കിട്ടിയതെന്ന് പറയാന്‍ കഴിയില്ല.
കേന്ദ്ര കഥാപാത്രങ്ങളെല്ലാം ഇവര്‍തന്നെ ചെയ്യണമെന്ന് മനസിലുണ്ടായിരുന്നോ?
അങ്ങനെ ആരും തന്നെ മനസില്‍ ആദ്യം ഉണ്ടായിരുന്നില്ല. കഥ എഴുതി ആദ്യം തന്നെ സംസാരിക്കുന്നത് അപര്ണയോടായിരുന്നു. അപര്‍ണയുടെ പോസീറ്റീവ് റെസ്പോണ്‍സ് കൂടെയായപ്പോള്‍ സ്വാതിയായി തീരുമാനിക്കുകയായിരുന്നു. മാത്യു റോസി എന്ന കഥാപാത്രത്തിനായി കുറച്ചധികം പേരെ പോയി കണ്ടിരുന്നു. പക്ഷേ അവര്‍ക്കൊന്നും പല രീതിയിലും ആ കഥാപാത്രം കണക്ടായിരുന്നില്ല. ഗംഭീരമായിട്ടുള്ള ഒരു പെര്‍ഫോമെന്‍സ് ആ കഥാപാത്രം ചെയ്യാന്‍ അത്യാവശ്യമായിരുന്നു. അപര്‍ണയുടെ കഥാപാത്രത്തെ വെല്ലുവിളിക്കുന്ന തരത്തിലായിരിക്കണം മാത്യു റോസി. അങ്ങനെ ഒരു പെര്‍ഫോമറെ തിരഞ്ഞ് എത്തിയത് രാജിന്റെ പക്കലായിരുന്നു. കഥ പറയുമ്പോൾത്തന്നെ വേണ്ട എന്ന മറുപടി ഒരുപാട് കിട്ടിയിരുന്നതുകൊണ്ടുതന്നെ അത്രയ്ക്കും പേടിയില്ലാതെയാണ് രാജിനെ സമീപിച്ചത്. എന്നാല്‍ രാജ് കഥയ്ക്ക് ഓകെ പറയുകയാണുണ്ടായത്.
രാജ് ബി ഷെട്ടിയുമായി വര്‍ക്ക് ചെയ്ത അനുഭവം എങ്ങനെയുണ്ടായിരുന്നു?
ഒരു സംവിധായകന് പറയുന്ന കാര്യങ്ങള്‍ ഒരു അഭിനേതാവിന് ശരിയായി മനസിലാകുന്നുവെന്ന് പറയുന്നത് വളരെ സുഖമുള്ള കാര്യമാണ്. അദ്ദേഹം ഒരു ടെക്നീഷ്യന് കൂടെയാണ്. അതുകൊണ്ട് തന്നെ കമ്മ്യൂണിക്കേഷന്‍ വളരെ എളുപ്പമായിരുന്നു. അപര്‍ണയും അതുപോലെ തന്നെ. നാഷണല്‍ അവാര്‍ഡ് ജേതാവായിരുന്നല്ലോ അപര്‍ണ. സിനിമയില്‍ അവരുടേതായ രീതിയില്‍ കഴിവ് തെളിയിച്ച ആളുകളാണ് ഇവര്‍ രണ്ട് പേരും. കുറച്ച് കൂടി കാര്യങ്ങള്‍ എനിക്ക് അനായാസമായിരുന്നു അവരോട് പറയാന്‍. ഞാന്‍ ഉദ്ദേശിക്കുന്ന കാര്യം എന്താണെന്ന് അവര്‍ക്ക് അറിയാന്‍ സാധിച്ചു. അതുകൊണ്ട് തന്നെ വളരെ കംഫര്‍ട്ടബിളായിരുന്നു ഇവരുമായി വര്‍ക്ക് ചെയ്യാന്‍. രാജ് സാര്‍ ഇത്രയും സിനിമ ചെയ്ത നടനാണെങ്കിലും സ്ക്രിപ്റ്റില്‍ ഒരിക്കലും കൈകടത്തിയിരുന്നില്ല.
സര്‍വൈവര്‍ ത്രില്ലര്‍ എന്ന ഈ ജോണര്‍ തന്നെ തിരഞ്ഞെടുക്കാന്‍ കാരണം എന്തായിരുന്നു?
പല സബ്ജക്ടുകളും മുമ്പ് ആലോചിച്ചിരുന്നു. ഒരു സമയമെത്തിയപ്പോള്‍ ഇതില്‍ എത്തിച്ചേര്‍ന്നു ഇതിനു വേണ്ടി വര്‍ക്ക് ചെയ്തു. അവസാനം ഇതൊരു പ്രോജക്ടായി മാറി. അങ്ങനെയാണ് പറയാന്‍ സാധിക്കുക. വേറെയും പല സിനിമകളും ആലോചിച്ചിരുന്നു. ഇതിന് ശേഷമായിരിക്കും പലതും വരിക. ഒരു സിനിമ എങ്ങനെ വരുമെന്നത് പ്രഡിക്ടബിളല്ല. ഇഷ്ടപ്പെട്ട ജോണര്‍ അല്ലെങ്കില്‍ ഇഷ്ടപ്പെട്ട കുറച്ച് കഥാപാത്രങ്ങളുള്ള സിനിമ മാനുഷിക വികാരങ്ങളുടെ റിഫ്ളക്ഷന്‍സ് ഇതൊക്കെ പറയാന്‍ പറ്റുന്ന ഒരു സിനിമ. ആ സിനിമയാണ് ജോണര്‍ എന്നതിനേക്കാള്‍ ഇഷ്ടപ്പെട്ടത്.
സിനിമയുടെ ലൊക്കേഷന്‍ വളരെ നല്ലതായിരുന്നു. എങ്ങനെയാണ് ഈ ലൊക്കേഷന്‍ തിരഞ്ഞെടുക്കാനുള്ള കാരണം?
എന്റെ നാട് തൃശൂരാണ്. അവിടെ വരന്തരപ്പിള്ളിയാണ് സ്ഥലം. അവിടുന്ന് ഒരു 25 കിലോ മീറ്റര്‍ മാത്രമാണ് ചിമ്മിനി ഡാം വൈല്‍ഡ് ലൈഫ് സാന്ക്ച്വറിയിലേക്കും ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ പ്ലാന്റേഷനിലേക്കും. എനിക്ക് കുറച്ച് കൂടെ ഈ സ്ഥലങ്ങള്‍ അറിയാവുന്നതാണ്. അതുപോലെ തന്നെ കണക്ട് ചെയ്യാന്‍ സാധിക്കുന്ന ലൊക്കേഷനുകളാണ്. എവിടെയും ഈ ലൊക്കേഷന്‍ സ്ഥാപിക്കാന്‍ സാധിക്കണം അതായിരുന്നു മനസില്‍. ഒരു കന്നടക്കാരനോ തമിഴനോ മലയാളിക്കോ അങ്ങനെ ആര്‍ക്ക് കണ്ടാലും ഈ ഒരു ലൊക്കേഷന്‍ കണ്ടതായി തോന്നണം. എന്നാല്‍ മാത്രമേ സിനിമയിലെ സബ്ജക്ടിലേക്ക് കടക്കാന്‍ സാധിക്കുകയുള്ളൂ. സിനിമയില്‍ ഉടനീളം ലൊക്കേഷന്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നു.
രാജ് ബി ഷെട്ടിയുടെ ആദ്യ മലയാള ചിത്രമായിട്ടാണ് ഇത് അനൗണ്‍സ് ചെയ്തത്. എന്തുകൊണ്ട് പ്രോജക്ടില്‍ ഇത്ര താമസം വന്നു?
അങ്ങനെ ഡിലേ വരാനായി ഒരു പ്രത്യേക കാരണമില്ല. ഒരോ സിനിമയക്കും ഒരു ഓര്‍ഗാനിക് പ്രോസസുണ്ട്. സിജിയുടെ വര്‍ക്കുകള്‍ കുറച്ചധികമുണ്ടായിരുന്നു. അത് കൃത്യമായി ലഭിക്കേണ്ടത് സിനിമയുടെ മുഴുവന്‍ കഥയ്ക്ക് തന്നെ അനിവാര്യമായിരുന്നു. ഇതിലെ പല സിജി ഷോട്ടുകളും അത് അങ്ങനെ അറിയാന്‍ പറ്റാതെ തീര്‍ത്തും നാച്വറലായി തന്നെ തോന്നുന്നുവെന്ന് പറഞ്ഞത് വളരെ സന്തോഷിപ്പിച്ചു.
പോസ്റ്റ് പ്രൊഡക്ഷന്‍ കുറച്ച് സമയം എടുത്തിരുന്നു. എന്നാലും ആ താമസം നല്ലതെന്ന് തന്നെ പറയാം. ഗോകുലം പോലുള്ള വലിയ ബാനര്‍ ലഭിച്ചു. പ്രൊഡ്യൂസറും ഞാനും പുതിയ ആളുകളാണ്. കര്‍ണാടകയിലെ ഹോംബാലെ ഇതിലേക്ക് വന്നു. അങ്ങനെ സിനിമയക്ക് മികച്ചൊരു വിസിബിലിറ്റി കിട്ടി.
പുതുമുഖ സംവിധായകന് എന്ന നിലയില്‍ എന്താണ് സിനിമയിലെ ഇന്സ്പിറേഷന്?
കുട്ടികാലത്തെ സ്വാധീനിച്ച കുറേയേ കാര്യങ്ങളുണ്ടാകും. നമ്മള് അറിയാതെ പോലും അത് സ്വപ്നത്തിന്റെ പടിക്കല്‍ എത്തിക്കും. അമ്മയുടെ വീട്ടില്‍ ഇടയ്ക്ക് അവധിക്കാലത്ത് പോകുമായിരുന്നു. എന്റെ അമ്മാവന്റെ അടുത്ത് 2000-3000 ഓഡിയോ കാസറ്റുകളുണ്ടായിരുന്നു. അതൊക്കെ എപ്പോഴും അവിടെ പ്ലേ ചെയ്യുമായിരുന്നു. പണ്ട് വിസിആറിലും മറ്റും സിനിമ കാണാനായി വീഡിയോ കാസ്റ്റുകള്‍ ഗള്‍ഫില്‍ നിന്നാകും വരിക. 25 ഓളം വീഡിയോ കാസ്റ്റുകളുണ്ടായിരുന്നു അവിടെ. അതുകൊണ്ട് തന്നെ ഒരു സിനിമ മൂന്നോ നാലോ തവണ ആവര്‍ത്തിച്ച് കാണും. അതിനാല്‍ തന്നെ സിനിമ വളരെ ഇഷ്ടമായിരുന്നു. മൂന്നാം മുറ, ബട്ടര്‍ഫ്ളൈ, ചിത്രം, ധ്രുവം, സാജന് ഇതിന്റെ ഒക്കെ കാസറ്റുണ്ട് വീട്ടില്‍. ആവര്‍ത്തിച്ച് കാണുന്ന സിനിമ അതിനോടുള്ള ഇഷ്ടം വര്‍ധിപ്പിച്ചു. കരിയര്‍ തിരഞ്ഞെടുക്കുന്ന സമയത്ത് ആ ഇഷ്ടം അതിലേക്ക് പ്രതിപാദിക്കപ്പെടും.
സിനിമയ്ക്ക് ആക്സ് ഫൊര്ഗെറ്റ്സ് ബട്ട് ട്രീ റിമമ്പേഴ്സ് എന്ന ടാഗ് നല്‍കാനുള്ള കാരണം?
ജീവിതത്തില്‍ സ്വന്തം സ്വകാര്യ സ്പെയിസിലായിരിക്കും സ്വയം വിലയിരുത്താന്‍ അല്ലെങ്കില്‍ സ്വയം മനസിലാക്കാന്‍ അവസരം വരുന്നത്. സുഹൃത്തുക്കള്‍ക്ക്
പോലും അറിയില്ല ശരിക്കുമുള്ള നാം ആരാണെന്നുള്ളത്. ആരോടും പറയാത്തൊരു വ്യക്തിത്വം നമുക്ക് ഉണ്ടാകും. അത് എല്ലാ മനുഷ്യനിലുമുള്ള കാര്യമാണ്. എല്ലാ മനുഷ്യന്റെ മനസിലും ഒരു മഴുവും ഒര മരവുമുണ്ടാകും. ആരുടെയെങ്കിലും ജീവിതത്തിന് അവന് പോലും അറിയാതെ മഴുവായിട്ടുണ്ടാകാം. ഒരു നിമിഷമെങ്കിലും.. അത് മനപൂര്വ്വമായിരിക്കില്ല. പലപ്പോഴും അതേ മനുഷ്യന് മരമായിട്ടുമുുണ്ടാകാം. ആഫ്രിക്കന്‍ പഴഞ്ചൊല്ലാണ് ശരിക്കും ഇത്. മനുഷ്യ ജീവിതത്തിലെ തീവ്രമായ രണ്ട് തലങ്ങളെ കാണിക്കാന്‍ ഇതിലും മികച്ച ഒരു ടാഗ് ഉണ്ടായിയെന്ന് വരില്ല.
സ്വാതിയെ സംബന്ധിച്ച് മാത്യു മഴു ആകുമ്പോള്‍ മാത്യുവിന് അത് സ്വാതിയാണ്. ഈ രണ്ടു കഥാപാത്രങ്ങളുടെ ശരിയിലൂടെ ഈ പഴഞ്ചൊല്ലിനെ സമന്വയിപ്പിച്ച് കൊണ്ടാണ് കഥ മുന്നോട്ട് നീങ്ങുന്നത്. ശരിയും തെറ്റുമെല്ലാം പ്രേക്ഷകരാണ് പറയുന്നത്. ഞാന്‍ പറഞ്ഞ് വെച്ചത് രണ്ട് പേരുടെയും ജീവിതം മാത്രമാണ്.
വളരെ ശക്തമായൊരു സന്ദേശം സിനിമയില്‍ പ്രതിപാദിക്കുന്നുണ്ട് അത്തരത്തില്‍ ഒന്ന് സിനിമയിലുള്‍പ്പെടുത്താന്‍ എന്തെങ്കിലും കാരണമുണ്ടോ?
എനിക്ക് ആ അവസ്ഥയിലൂടെ കടന്ന് പോയൊരു സുഹൃത്തിനെ അറിയാം. അത്തരത്തില്‍ അനുഭവം ഉണ്ടാകുന്നവരുടെ മനസില്‍ അത് ട്രോമയായി കിടപ്പുണ്ടാകും. അത് മാത്രമല്ലാതെ ചുറ്റുപാടുകളിലൂടെ ഒരുപാട് കാര്യങ്ങള്‍ പഠിക്കുമല്ലോ. ഇത്തരത്തില്‍ കാര്യങ്ങള്‍ ആരെങ്കിലും പങ്ക് വെച്ച് കേട്ടിട്ടുള്ളത് ഉണ്ട്. അത്തരം സംഭവങ്ങള്‍ അവരുടെ വ്യക്തിത്വത്തെ തന്നെ മാറ്റി മറിക്കാം. എല്ലാം സങ്കല്പത്തില് മാത്രം പറയാന്‍ സാധിക്കില്ല. തീര്‍ച്ചയായും കഥയില്‍ മറ്റുള്ളവരുടെ ജീവിതങ്ങളില്‍ നിന്ന് ചീന്തിയെടുത്ത് ഈട് ഉണ്ടാകും.
മെസേജ് എന്നിതിലുമുപരി മാനുഷിക വികാരങ്ങളിലേക്ക് യാത്ര നടത്താനായിരുന്നു ഉദ്ദേശിച്ചിരുന്നത്. അതില്‍ നിന്നും ഒരോരുത്തര്‍ക്കും എന്ത് കിട്ടി എന്നുള്ളതാണ് സിനിമയുടെ വിജയം.
ഇവിടെ ഒന്നും പുതിയതായിട്ടില്ല എല്ലാം ചെയ്തുവെച്ചതാണ്. അതില്‍ നിന്ന് എങ്ങനെ പുതിയൊരു കല വരുന്നുവെന്നതിലാണ് കാര്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]