.news-body p a {width: auto;float: none;}
ന്യൂഡൽഹി: ശീതകാല സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നും പ്രതിപക്ഷ പ്രതിഷേധത്തിൽ മുങ്ങി പാർലമെന്റ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അംബേദ്കർ പരാമർശത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയ്ക്കുള്ളിൽ പ്രതിഷേധം മുഴക്കിയതോടെ സഭ പിരിഞ്ഞു. വന്ദേമാതരം കഴിഞ്ഞും പ്രതിപക്ഷം മുദ്രാവാക്യം മുഴക്കുകയായിരുന്നു.
അമിത് ഷായുടെ അംബേദ്കർ പരാമർശത്തിനെതിരെ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു കോൺഗ്രസ് എംപിമാർ പാർലമെന്റ് സമുച്ചയത്തിൽ പ്രതിഷേധമുയർത്തിയത്. പാർലമെന്റ് കവാടങ്ങളിൽ പ്രതിഷേധങ്ങൾക്ക് സ്പീക്കർ വിലക്കേർപ്പെടുത്തിയിട്ടും ഇത് അവഗണിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഐ ആം അംബേദ്കർ എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. വിജയ് ചൗക്കിൽ നിന്ന് പ്രതിഷേധമാർച്ചുമായാണ് പ്രതിപക്ഷ എംപിമാർ പാർലമെന്റിലേക്കെത്തിയത്. അമിത് ഷാ രാജിവയ്ക്കണമെന്നും അംബേദ്കർ പരാമർശത്തിൽ മാപ്പ് പറയണമെന്നുമായിരുന്നു പ്രതിപക്ഷ ആവശ്യം.
ഇന്നലെയുണ്ടായ സംഘർഷങ്ങൾക്കിടെ പരിക്കേറ്റ രണ്ട് ബിജെപി എംപിമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാഹുൽ തള്ളിയെന്നാണ് ബിജെപിയുടെ ആരോപണം. ആക്രമണം, കൊലപാതകശ്രമം എന്നീ കുറ്റങ്ങൾ ആരോപിച്ച് രാഹുൽ ഗാന്ധിക്കെതിരെ ഡൽഹി പൊലീസിൽ പരാതിയും നൽകിയിരുന്നു. മല്ലികാർജുൻ ഖാർഗെയെ ബിജെപി എംപിമാർ ആക്രമിച്ചെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അംബേദ്കറുടെ പേര് ഉപയോഗിക്കുന്നത് ഇപ്പോൾ ഫാഷനായി മാറിയിരിക്കുകയാണ് എന്ന അമിത് ഷായുടെ പരാമർശമാണ് പ്രതിഷേധത്തിന് വഴിതുറന്നത്. ‘അംബേദ്കർ, അംബേദ്കർ, അംബേദ്കർ, അംബേദ്കർ, അംബേദ്കർ, അംബേദ്കർ’ എന്ന് പറയുന്നത് ഒരു ഫാഷനായി മാറിയിരിക്കുന്നു. പകരം ദൈവത്തിന്റെ നാമം ഉപയോഗിച്ചിരുന്നെങ്കിൽ സ്വർഗത്തിൽ സ്ഥാനം ലഭിക്കുമായിരുന്നുവെന്നും ഷാ പറഞ്ഞിരുന്നു.