.news-body p a {width: auto;float: none;}
കണ്ണൂർ: റെയിൽവേയുടെ ഒട്ടുമിക്ക സേവനങ്ങളും ഒറ്റ പ്ലാറ്റ്ഫോമിൽ ലഭിക്കുമെന്ന അവകാശവാദമുള്ള പുതിയ യു.ടി.എസ് ആപ്പ് യാത്രികരെ മിക്കപ്പോഴും ആപ്പിലാക്കുന്നതായി ആക്ഷേപം. കഴിഞ്ഞ നവംബറിലാണ് ടിക്കറ്റ് ബുക്കിംഗ്, ട്രെയിൻ ട്രാക്കിംഗ്, ഫുഡ് ഓർഡർ, റീഫണ്ടിംഗ് ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭിക്കുമെന്ന് അവകാശപ്പെടുന്ന ആപ്പ് ആരംഭിച്ചത്. മിക്കപ്പോഴും ധനനഷ്ടത്തിന് ഇടയാക്കുന്ന തരത്തിലാണ് ഇതിന്റെ പ്രവർത്തനമെന്നാണ് ഗുണഭോക്താക്കളിൽ വലിയൊരു വിഭാഗം പരാതിപ്പെടുന്നത്.
ആപ്പ് വഴി അൺറിസർവ്ഡ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് അക്കൗണ്ടിൽ നിന്ന് പണം പോകുന്നതല്ലാതെ പലപ്പോഴും ടിക്കറ്റ് ലഭിക്കുന്നില്ലെന്നാണ് ഇതിനെതിരെയുള്ള ഒരു ആരോപണം. ഓൺലൈനിൽ ടിക്കറ്റ് ലഭിക്കാത്തതിനാൽ പലരും രണ്ടും മൂന്നും തവണ പണം അടയ്ക്കേണ്ടിവരുന്നു. പണം ഈടാക്കിയതായി മെസേജ് ലഭിക്കുന്നതോടെ ടിക്കറ്റ് ഫോണിലെത്തുമെന്ന ധൈര്യത്തിൽ ട്രെയിനിൽ കയറുന്നവർക്ക് ഇത് ലഭിക്കാത്തതിനെ തുടർന്ന് ടി.ടി.ഇമാർ വൻതുക പിഴ വിധിക്കുകയാണ്. സഹയാത്രികർക്കു മുന്നിൽ വച്ച് കുറ്റവാളിയോടെന്നതുപോലെയുള്ള പെരുമാറ്റം കടുത്ത മാനഹാനിയും വരുത്തുന്നു.
പൂർണഗർഭിണിയിലെ തടഞ്ഞുവച്ചത് മണിക്കൂറുകൾ
കഴിഞ്ഞദിവസം റെയിൽവേ ആപ്പിൽ ടിക്കറ്റ് ബുക്ക് ചെയ്ത് പയ്യന്നൂരിൽനിന്നും കയറിയ ദമ്പതികൾക്കും കാഞ്ഞങ്ങാട് സ്വദേശിയായ യുവാവിനും കണ്ണൂരിലേക്കുള്ള യാത്രയിൽ റെയിൽവേ ജീവനക്കാരിൽനിന്ന് കടുത്ത ദുരനുഭവമാണുണ്ടായത്. ആപ്പ് വഴി ടിക്കറ്റ് എടുത്തതിനു പിന്നാലെ പണം ഈടാക്കിയെന്ന മെസേജ് ലഭിച്ചതോടെയാണ് പൂർണഗർഭിണിയായ യുവതിയും ഭർത്താവും കണ്ണൂരേക്ക് ഡോക്ടറെ കാണുന്നതിന് ട്രെയിൻ കയറിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ റെയിൽവേ സ്റ്റേഷനിലിറങ്ങിയ ഇവരെ കവാടത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥ തടഞ്ഞ് ടിക്കറ്റ് ആവശ്യപ്പെട്ടു. ടിക്കറ്റിന്റെ പണം ഈടാക്കിയതിന്റെ ഫോൺരേഖ കാണിച്ചിട്ടും ഇവരെ വിട്ടയക്കാൻ ഉദ്യോഗസ്ഥ തയ്യാറായില്ല. കമേർഷ്യൽ ഇൻസ്പെക്ടറെ കൂട്ടിയെത്തിയതിന് പിന്നാലെ പൂർണഗർഭിണിയായ യുവതിയേയും ഭർത്താവിനെയും സ്റ്റേഷനിൽ തടഞ്ഞുവച്ചു. തങ്ങളുടേതല്ലാത്ത തെറ്റിനാണ് സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവിനെയും തന്നെയും ഇൻഫർമേഷൻ സെന്റർ ഉദ്യോഗസ്ഥയും കമേർഷ്യൽ ഇൻസ്പെക്ടറും തടഞ്ഞുവച്ചതെന്ന് യുവതി പറഞ്ഞു. ഡോക്ടറെ കാണാനുള്ള ടോക്കൺ സമയം കഴിയുമെന്നു പറഞ്ഞിട്ടും പൂർണ ഗർഭിണിയാണെന്ന പരിഗണന പോലും നൽകാതെ ഒരു മണിക്കൂറോളമാണ് ഇരുവരും തടഞ്ഞുവെക്കപ്പെട്ടത്. ഉദ്യോഗസ്ഥർക്കെതിരേ റെയിൽവേ അധികൃതർക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകാനാണ് യുവതിയുടെ തീരുമാനം.
അൺറിസർവ്ഡ് ടിക്കറ്റെടുത്ത് കാശുപോയ 23കാരനും കഴിഞ്ഞദിവസം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സമാന അനുഭവമുണ്ടായി. കണ്ണൂരിൽ തൊഴിൽതേടിയെത്തിയ യുവാവിൽനിന്നാണ് ഇൻഫർമേഷൻ സെന്ററിലെ ഉദ്യോഗസ്ഥ പിഴ ഈടാക്കിയത്. ട്രെയിൻ ടിക്കറ്റിനായി 50 രൂപ അക്കൗണ്ടിൽനിന്ന് പോയതിന്റെ രേഖ കാണിച്ചിട്ടും ഈ ഉദ്യോഗസ്ഥ ഗൗനിച്ചില്ല. പിഴയ്ക്കുപുറമേ യാത്രികരുടെ മുന്നിൽ കടുത്തഭാഷയിൽ അപമാനിച്ചതായും പരാതിയുണ്ട്.