.news-body p a {width: auto;float: none;}
ബീജിംഗ്: ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ ദ്വീപ് വിമാനത്താവളം നിർമിക്കാനുള്ള ഒരുക്കത്തിലാണ് ചൈന. വടക്കുകിഴക്കൻ ലിയോണിംഗ് പ്രവിശ്യയിലെ തുറമുഖ നഗരമായ ഡാലിയനിനെ പ്രാദേശിക ഗതാഗത ശക്തികേന്ദ്രമായി മാറ്റുകയാണ് ചെയ്യുന്നത്. എണ്ണ ശുദ്ധീകരണശാലകൾ, ഷിപ്പിംഗ്, ലോജിസ്റ്റിക്സ്, തീരദേശ ടൂറിസം എന്നിവയുടെ പ്രധാന കേന്ദ്രമാണ് ഡാലിയൻ തുറമുഖ നഗരം.
ലോകം ഇതുവരെ സാക്ഷ്യം വഹിക്കാത്ത ഒരു അന്താരാഷ്ട്ര വിമാനത്താവളമാണ് ചൈനയുടെ ലക്ഷ്യം. ഡാലിയൻ ജിൻഷൗവാൻ അന്താരാഷ്ട്ര വിമാനത്താവളം എന്നാണ് പുതിയ പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്. പൂർണമായും കടലിൽ പുനർനിർമിച്ച ഭൂമിയിലാണ് വിമാനത്താവളം ഒരുക്കുന്നത്. ചൈനയുടെ പ്രധാന തീരത്തെ ആദ്യ കൃത്രിമ ദ്വീപ് വിമാനത്താവളമായിരിക്കും ഡാലിയൻ ജിൻഷൗവാൻ അന്താരാഷ്ട്ര വിമാനത്താവളം. ചൈനയുടെ അയൽരാജ്യങ്ങളായ ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവർക്ക് സമീപത്തായാണ് വിമാനത്താവളം പണിയുന്നത്.
ലിയോണിംഗ് പ്രവിശ്യയിലെ പ്രാദേശിക ഭരണകൂടത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം, 20.9 ചതുരശ്ര കിലോ മീറ്റർ വിസ്തൃതിയാണ് കൃത്രിമ ദ്വീപ് വിമാനത്താവളത്തിനുണ്ടാവുക. വലിപ്പത്തിലും വ്യാപ്തിയിലും ലോകമെമ്പാടുമുള്ള സമാനമായ മറ്റ് വിമാനത്താവളങ്ങളെ വെല്ലുന്നതായിരിക്കും ഡാലിയൻ ജിൻഷൗവാൻ അന്താരാഷ്ട്ര വിമാനത്താവളം എന്ന് ചൈന അവകാശപ്പെടുന്നു. ലോകത്തിലെ പ്രമുഖ കൃത്രിമ ദ്വീപ് വിമാനത്താവളങ്ങളായ ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളം, കാൻസായ് വിമാനത്താവളം എന്നിവയേക്കാൾ വലിപ്പമുള്ളതായിരിക്കും ഡാലിയൻ ജിൻഷൗവാൻ അന്താരാഷ്ട്ര വിമാനത്താവളം. 12.48 ചതുരശ്ര കിലോമീറ്ററാണ് ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വിസ്തൃതി. 10.5 ചതുരശ്ര കിലോമീറ്ററാണ് കാൻസായ് വിമാനത്താവളത്തിന്റെ വലിപ്പം.
ദശലക്ഷക്കണക്കിന് ക്യുബിക് മീറ്റർ മണലും പാറയും ഉപയോഗിച്ചാണ് കൃത്രിമ ദ്വീപ് സൃഷ്ടിക്കുന്നത്. ഇതിനായി നൂതനമായ ഭൂമി വീണ്ടെടുക്കൽ സാങ്കേതിക വിദ്യകൾ ഉപയോഗിക്കും. നാല് റൺവേകളും 900,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഒരു വലിയ ടെർമിനലും ആണ് ഡാലിയൻ ജിൻഷൗവാൻ വിമാനത്താവളത്തിന്റെ പ്രത്യേകതകൾ.
ജാപ്പനീസ് അധിനിവേശത്തിന്റെ കാലത്ത് നിർമിച്ച, നൂറ്റാണ്ടുകൾ പഴക്കമുള്ള ഡാലിയൻ ഷൗഷുയിസി അന്താരാഷ്ട്ര വിമാനത്താവളത്തിന് പകരമായാണ് പുതിയ വിമാനത്താവളം ഒരുങ്ങുന്നത്. മലനിരകൾ നിറഞ്ഞ താഴ്വരയിൽ സ്ഥിതി ചെയ്യുന്നതായതിനാൽ ഷൗഷുയിസി വിമാനത്താവളം നാവിഗേറ്റ് ചെയ്യാൻ പൈലറ്റുമാർ ബുദ്ധിമുട്ടുന്നതായി അധികൃതർ വ്യക്തമാക്കുന്നു. പ്രതികൂല കാലാവസ്ഥകളിൽ വിമാനങ്ങളുടെ പ്രവർത്തനങ്ങളിൽ ഇത് അപകടം ക്ഷണിച്ചുവരുത്താൻ സാദ്ധ്യതയുണ്ട്. ഇക്കാര്യങ്ങൾ പരിഗണിച്ചാൽ ചൈന പുതിയ കൃത്രിമ വിമാനത്താവളം നിർമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഷൗഷുയിസി വിമാനത്താവളത്തിൽ ദിവസേന എത്തുന്ന യാത്രക്കാരുടെ എണ്ണം വർദ്ധിക്കുകയാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. വികസനപ്രവർത്തനങ്ങൾ നടത്തിയിട്ടും വിമാനത്താവളം പരമാവധി ശേഷി പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞവർഷം മാത്രം 6,58,000 യാത്രക്കാർക്കാണ് വിമാനത്താവളം സേവനം നൽകിയത്. പുതിയ വിമാനത്താവളം എത്തുന്നതോടെ ഈ പ്രശ്നം പരിഹരിക്കാനാവുമെന്നാണ് അധികൃതർ കരുതുന്നത്.
വർഷത്തിൽ 43 ദശലക്ഷം പേരെ യാത്രയാക്കാൻ വിമാനത്താവളത്തിന് കഴിയും. നിലവിലെ വിമാനത്താവളത്തേക്കാൾ ഇരട്ടി ശേഷിയായിരിക്കും പുതിയതിന് ഉണ്ടാവുക. ക്രമേണ 80 ദശലക്ഷം യാത്രക്കാരെവരെ ഉൾകൊള്ളാനാവും. ഒരു ദശലക്ഷം ടൺ ചരക്കുവരെ കയറ്റി അയയ്ക്കാനും വിമാനത്താവളത്തിന് സാധിക്കും. മേഖലയിലെ വിമാന യാത്രയ്ക്കുള്ള വർദ്ധിച്ചുവരുന്ന ആവശ്യം പരിഹരിക്കുന്നതിന് ഇതിലൂടെ സാധിക്കും. മാത്രമല്ല, ഒരു പ്രധാന സാമ്പത്തിക, ഗതാഗത കേന്ദ്രമെന്ന നിലയിൽ ഡാലിയനെ മാറ്റാനും ഇതിലൂടെ സാധിക്കും.
4.3 ബില്യൺ ഡോളറിന്റെ പദ്ധതി 2035ഓടെ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് ചൈന പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റിൽ 77,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പ്രദേശത്ത്”ആഴത്തിലുള്ള അടിത്തറ സംസ്കരണം” പൂർത്തിയായതായി ചൈന വ്യക്തമാക്കുന്നു. ഭൂമി പുനർനിർമ്മാണവും ടെർമിനൽ അടിത്തറ പ്രവർത്തനങ്ങളും പുരോഗമിക്കുന്നതായും ലിയോണിംഗ് പ്രവിശ്യാ സർക്കാർ അറിയിക്കുന്നു. ഏവിയേഷൻ മേഖലയിൽ വലിയ വളർച്ചയാണ് ചൈന കൈവരിക്കുന്നത്. ജൂലായിലെ കണക്കനുസരിച്ച് രാജ്യത്തുടനീളം 19.6 ബില്യൺ ഡോളർ വിലമതിക്കുന്ന 22 പുതിയ വിമാനത്താവളങ്ങളുടെ നിർമ്മാണമാണ് പുരോഗമിക്കുന്നത്.