ഇന്ത്യക്കാർക്ക് കാപ്പിയോടുള്ള പ്രിയം വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെയാണ് സ്റ്റാർബക്സ് മുതൽ കഫേ കോഫി ഡേ വരെയുള്ള മുൻനിര ബ്രാൻഡുകളെല്ലാം ഇവിടെ ചുവടുറപ്പിച്ചിരിക്കുന്നത്. എന്നാൽ ഈയടുത്ത് ലോകത്തെ മികച്ച കോഫി വിൽപ്പനക്കാരിൽ ഒരാളായ സ്റ്റാർബക്സ് ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവാങ്ങാൻ ഒരുങ്ങുകയാണ് എന്ന റിപ്പോർട്ട് പുറത്തു വന്നിരുന്നു. ഇതിലെ സത്യാവസ്ഥ വ്യക്തമാക്കിയിരിക്കുകയാണ് കമ്പനി.
ഉയർന്ന പ്രവർത്തനച്ചെലവും കുറഞ്ഞ ലാഭവും കാരണം സ്റ്റാർബക്സ് ഇന്ത്യൻ വിപണിയിൽ നിന്ന് പുറത്തുകടക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. ഉയർന്ന വാടക, ഇറക്കുമതി ചാർജുകൾ, ഉപഭോക്താക്കളുടെ കുറവ് എന്നിവ കാരണം ബ്രാൻഡ് നഷ്ടം നേരിടുന്നതിനാൽ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവാങ്ങുന്നു എന്നായിരുന്നു പിൻവലിയുന്നു എന്നതിന്റെ കാരണം.
കാപ്പിയുടെ പര്യായമായ സ്റ്റാർബക്സ് ഇന്ത്യയിൽ ചുവടുറപ്പിക്കുന്നത് ടാറ്റയിലൂടെയാണ്. 2012 ഒക്ടോബറിൽ ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡും സ്റ്റാർബക്സ് കോഫി കമ്പനിയും തമ്മിലുള്ള സംയുക്ത സംരംഭത്തിലൂടെ സ്റ്റാർബക്സ് ഇന്ത്യയിലേക്കെത്തി. രാജ്യത്ത് ഇത് “ടാറ്റ സ്റ്റാർബക്സ്” എന്ന പേരിലാണ് അറിയപ്പെടുന്നത്.
ഇന്ത്യൻ വിപണിയിൽ നിന്ന് പുറത്തുകടക്കുന്നു എന്ന റിപ്പോർട്ട് പുറത്തുവന്നതോടെ ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് ഇതിൽ വിശദീകരണം നൽകിയിട്ടുണ്ട്. ഈ റിപ്പോർട്ടുകൾ തികച്ചും തെറ്റും അടിസ്ഥാനരഹിതവുമാണ് എന്നാണ് കമ്പനി വ്യക്തമാക്കിയത്.
ബിസിനസ് ഇൻസൈറ്റ് പ്രൊവൈഡർ ടോഫ്ലർ പറയുന്നതനുസരിച്ച്, കഴിഞ്ഞ സാമ്പത്തിക വർഷം ടാറ്റ സ്റ്റാർബക്സിൻ്റെ വരുമാനം നാല് വർഷം മുമ്പുള്ളതിനേക്കാൾ ഇരട്ടിയിലധികമായി.റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ടാറ്റ സ്റ്റാർബക്സിൻ്റെ വിൽപ്പന 12% ഉയർന്ന് 1,218 കോടി രൂപയായി, അതേസമയം, അറ്റ നഷ്ടം 25 കോടിയിൽ നിന്ന് 80 കോടി രൂപയായി വർദ്ധിച്ചു. ഈ വർഷം ആദ്യ പകുതിയിൽ വരുമാനം നേരിയ തോതിൽ മാത്രമാണ് ഉയർന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]