കാലിഫോര്‍ണിയ: ആപ്പിള്‍ കമ്പനി ഐഫോൺ ഹാർഡ്വെയര് ‘സബ്സ്ക്രിപ്ഷന്’ സേവനം വികസിപ്പിക്കുന്നത് അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്. രാജ്യാന്തര മാധ്യമമായ ബ്ലൂംബെർഗിന്റെ റിപ്പോർട്ടിലാണ് ഇതേക്കുറിച്ച് പറയുന്നത്.
ആപ്പിൾ ഉപഭോക്താക്കള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സേവനമാണ് ഐഫോൺ ഹാർഡ്വെയര് സബ്സ്ക്രിപ്ഷന്. ആപ്പിളിന്റെ മുൻനിര ഉപകരണങ്ങൾ ആക്സസ് ചെയ്യുന്നതിനുള്ള ഒരു ബദൽമാർഗമായി ഹാര്ഡ്വെയര് സബ്സ്ക്രിപ്ഷനെ വിശേഷിപ്പിച്ചിരുന്നു. 2022ന്റെ തുടക്കത്തിലാണ് ആപ്പിള്‍ ഈ പ്രോഗ്രാം അവതരിപ്പിച്ചത്. സബ്സ്ക്രൈബർമാരെ ഓരോ വർഷവും ഒരു പുതിയ ഐഫോൺ സ്വീകരിക്കാൻ പ്രാപ്തമാക്കുന്ന സംവിധാനമാണിത്. ഇത്തരത്തിൽ വ്യക്തമായ ആശയമുണ്ടായിട്ടും നടപ്പിലാക്കുന്നതിലുണ്ടായ കാലതാമസമാണ് ഇപ്പോൾ സബ്സ്ക്രിപ്ഷന് സേവനം വികസിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ ആപ്പിളിനെ പ്രേരിപ്പിക്കുന്നത്.
Read more: ആപ്പിള്‍ ഇന്ത്യയില്‍ എയര്‍പോഡുകള്‍ നിര്‍മിക്കുന്നു; വില കുറയുമോ?
ആപ്പിളിന്റെ വർധിച്ചുവരുന്ന സബ്സ്ക്രിപ്ഷൻ ഇക്കോസിസ്റ്റത്തിന്റെ ഭാഗമായിരുന്ന ഈ സേവനം. എന്നാല്‍ സോഫ്റ്റ്വെയർ ബഗുകളും നിയന്ത്രണപരമായ ആശങ്കകളും ഉൾപ്പെടെയുള്ള സാങ്കേതിക വെല്ലുവിളികൾ കാരണം ഈ സേവനം എത്താന്‍ വൈകി.
പ്രഖ്യാപിച്ച 2022ല്‍ തന്നെ ഐഫോൺ ഹാർഡ്വെയര് സബ്സ്ക്രിപ്ഷന് ആരംഭിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഇപ്പോള്‍ ഈ സേവനം വികസിപ്പിക്കുന്നത് അവസാനിപ്പിച്ചതോടെ ഈ വിഭാഗത്തിലുണ്ടായിരുന്ന ജോലിക്കാരെ കമ്പനിക്കുള്ളിലെ മറ്റ് സംരംഭങ്ങളിലേക്ക് മാറ്റിയതായി റിപ്പോർട്ടില്‍ പറയുന്നു.
പേയ്മെന്റുകൾ തവണകളായി വിഭജിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറായ ആപ്പിള്‍ പേ ലേറ്റര്‍ കമ്പനി നിർത്തലാക്കിയതിന് പിന്നാലെയാണ് പുതിയ തീരുമാനം. ഹാർഡ്വെയർ സബ്സ്ക്രിപ്ഷൻ സേവനം മുന്നോട്ടുപോകില്ലെങ്കിലും ഉപഭോക്താക്കൾക്കായി വിവിധ പേയ്മെന്റ് പ്ലാനുകൾ വാഗ്ദാനം നല്‍കുന്നത് ആപ്പിള്‍ തുടരുന്നുണ്ട്. ഐഫോൺ അപ്ഗ്രേഡ് പ്രോഗ്രാം 24 മാസത്തിൽ ഒരു പുതിയ ഐഫോൺ, ആപ്പിൾകെയർ+ കവറേജ് എന്നിവയ്ക്ക് ധനസഹായം നൽകാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. ആപ്പിള്‍ കമ്പനി ആപ്പിൾ മ്യൂസിക്, ഐക്ലൗഡ്, ആപ്പിൾ വൺ ബണ്ടിലുകൾ എന്നിവ പോലുള്ള ഡിജിറ്റൽ സബ്സ്ക്രിപ്ഷൻ സേവനങ്ങളുടെ സ്യൂട്ടിൽ ഇപ്പോള്‍ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
Read more: വില കാടുകയറില്ല; ആപ്പിളിന്റെ സ്ലിം ഫോണായ ഐഫോണ്‍ 17 എയറിന്റെ വില സൂചന പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]