2025-ലെ ഓസ്കര് പുരസ്കാരങ്ങള്‍ക്കുള്ള ചുരുക്കപട്ടികയില്‍നിന്ന് ‘ലാപതാ ലേഡീസ്’ പുറത്തായതിന് പിന്നാലെ പ്രതികരണവുമായി ചിത്രത്തിന്റെ നിർമാതാക്കളായ ആമിര്‍ ഖാന് പ്രൊഡക്ഷന്‍സ്. പുറത്തായതിൽ നിരാശയുണ്ടെങ്കിലും ലോകത്തോട് ശക്തമായ കഥകള്‍ പങ്കുവെക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ആമിര്‍ ഖാന് പ്രൊഡക്ഷന്‍സ് പ്രസ്താവനയിൽ പറഞ്ഞു. ഓസ്കറില് ‘ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം’ വിഭാഗത്തിലാണ് ‘ലാപതാ ലേഡീസ്’ നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നത്. ആമിര്‍ ഖാന് പ്രൊഡക്ഷന്‍സും ജിയോ സ്റ്റുഡിയോസും ചേര്‍ന്നാണ് ലാപതാ ലേഡീസ് നിര്‍മിച്ചിരിക്കുന്നത്. പ്രതിഭ റാന്‍ട, സ്പര്‍ഷ് ശ്രീവാസ്തവ, നിതാന്‍ഷി ഗോയല്‍, രവി കിഷന്, ഛായ കദം തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
ലാപതാ ലേഡീസ് അക്കാദമി അവാര്‍ഡിന്റെ ഈ വര്‍ഷത്തെ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചില്ല. ഞങ്ങള്‍ നിരാശരാണ്. എങ്കിലും
ഈ യാത്രയിലുടനീളം ഞങ്ങൾക്ക് ലഭിച്ച അവിശ്വസനീയമായ പിന്തുണയ്ക്കും വിശ്വാസത്തിനും നന്ദിയുണ്ട്.- ആമിര്‍ ഖാന് പ്രൊഡക്ഷന്‍സ് പ്രസ്താവനയിൽ പറഞ്ഞു.
സിനിമ പരിഗണിച്ചതിന് അക്കാദമി അംഗങ്ങള്‍ക്കും ജൂറിക്കും നന്ദി അറിയിച്ച ആമിര്ഖാന് പ്രൊഡക്ഷന്‍സ് ലോകമെമ്പാടുമുള്ള മികച്ച സിനിമകള്‍ക്കൊപ്പം ഉള്‍പ്പെട്ടത് അഭിമാനമാര്ഹമാണെന്നും കുറിച്ചു. ഞങ്ങളെ സംബന്ധിച്ച് ഇത് അവസാനമല്ല ഒരുപടി മുന്നിലാണ്. ലോകത്തോട് ശക്തമായ കഥകള്‍ പങ്കുവെക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഈ യാത്രയുടെ ഭാഗമായതിന് നന്ദി.- പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, ഇന്ത്യന്‍ താരങ്ങള്‍ അഭിനയിച്ച ‘സന്തോഷ്’ എന്ന സിനിമ ഓസ്കര് ചുരുക്കപ്പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. ബ്രിട്ടീഷ്-ഇന്ത്യന്‍ സംവിധായകയായ സന്ധ്യ സുരി സംവിധാനംചെയ്ത ചിത്രം യു.കെ.യില്‍നിന്നാണ് ഓസ്കര് ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചത്. 2025-ലെ ഓസ്കറില് ‘ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം’ വിഭാഗത്തില്‍ അടുത്ത റൗണ്ടിലേക്കായി 15 ചിത്രങ്ങളാണ് കഴിഞ്ഞദിവസം പുറത്തിറക്കിയ ചുരുക്കപ്പട്ടികയിലുള്ളത്.
സെപ്റ്റംബറിലാണ് ‘ലാപതാ ലേഡീസ്’ ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി പ്രഖ്യാപിച്ചത്. വിവിധ ഇന്ത്യന്‍ ഭാഷകളില്‍നിന്നുളള 29 ചിത്രങ്ങളില്‍നിന്നാണ് ‘ലാപതാ ലേഡീസി’നെ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ഫിലിം ഫെഡറേഷന് ഓഫ് ഇന്ത്യ തിരഞ്ഞെടുത്തത്. ഇതിനുപിന്നാലെ ചിത്രത്തിന്റെ പേര് ‘ലോസ്റ്റ് ലേഡീസ്’ എന്നാക്കി മാറ്റിയിരുന്നു. ഈ പേരില്‍ പുതിയ പോസ്റ്ററുകളും പുറത്തിറങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]