ദില്ലി: അംബേദ്കറെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അംബേദ്കറെ അപമാനിച്ചെന്ന ആരോപണത്തെ തള്ളിയാണ് അമിത്ഷായുടെ പ്രതികരണം. കോൺഗ്രസ് തന്റെ വാക്കുകൾ വളച്ചൊടിച്ചെന്ന് അമിത്ഷാ പറഞ്ഞു. ലോക്സഭയിലെ ചർച്ചകളിൽ വിവിധ അഭിപ്രായങ്ങളുണ്ടാകുക സ്വാഭാവികമാണ്. ബിജെപി ഭരണഘടനയെ അംഗീകരിച്ച് മുന്നോട്ടോ പോകുന്ന പാർട്ടിയാണെന്ന് വ്യക്തമാക്കിയ അമിത് ഷാ കോൺഗ്രസ് അംബേദ്കർ വിരോധി പാർട്ടിയാണെന്നും കുറ്റപ്പെടുത്തി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അപമാനിച്ചത് കോൺഗ്രസാണ്. നിയമപരമായി നേരിടുന്നതിന് സാധ്യത തേടുമെന്നും അമിത് ഷാ പറഞ്ഞു. പാർലമെന്റിന് അകത്തും പുറത്തുമുള്ള വ്യാജ ആരോപണങ്ങൾക്കെതിരെ നടപടികളെടുക്കും. ഖർഗെ തന്റെ രാജി ആവശ്യപ്പെടുന്നതിൽ ആനന്ദം കണ്ടെത്തുന്നെങ്കിൽ അത് തുടരട്ടെയെന്നും അമിത് ഷാ പറഞ്ഞു.
ബിആർ അംബേദ്ക്കറെ അമിത് ഷാ അപമാനിച്ചു എന്ന് ആരോപിച്ചുള്ള കോൺഗ്രസ് ബഹളത്തിൽ ലോക്സഭയും രാജ്യസഭയും ഇന്ന് സ്തംഭിച്ചിരുന്നു. രാജ്യസഭയിൽ ഇന്നലെ നടത്തിയ പ്രസംഗത്തിലെ അമിത്ഷായുടെ പരാമർശങ്ങൾക്കെതിരെയായിരുന്നു കോൺഗ്രസ് ബഹളം. അംബേദ്ക്കർ അംബേകദ്ക്കർ എന്ന് പലവട്ടം പറയുന്നത് കോൺഗ്രസിന് ഫാഷനായിരിക്കുകയാണെന്നും ഇത്രയും തവണ ദൈവം എന്നു പറഞ്ഞാൽ മോക്ഷം കിട്ടുമായിരുന്നെന്നും അമിത് ഷാ പറഞ്ഞിരുന്നു.
മനുസ്മൃതിയിൽ വിശ്വസിക്കുന്നവർ അംബേദ്ക്കറെ അപമാനിക്കുന്നതിൽ അത്ഭുതമില്ല എന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. രാഹുൽ ഗാന്ധിയടക്കമുള്ള കോൺഗ്രസ് എംപിമാർ അംബേദ്ക്കറിൻറെ ചിത്രങ്ങളുമായി പാർലമെൻറ് കവാടത്തിൽ പ്രതിഷേധിച്ച ശേഷമാണ് ഇരുസഭകളിലും വിഷയം ഉന്നയിച്ചത്. അംബേദ്ക്കറിന് ഭാരതരത്ന പോലും നല്കാത്ത കോൺഗ്രസ് ഇപ്പോൾ കപട അംബേദ്ക്കർ സ്നേഹം കാണിക്കുകയാണെന്ന് പാർലമെൻററികാര്യമന്ത്രി കിരൺ റിജിജു രാജ്യസഭയിൽ തിരിച്ചടിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]