Death. The certain prospect of death could sweeten every life with a precious and fragrant drop of levity- and now you strange apothecary souls have turned it into an ill-tasting drop of poison that makes the whole of life repulsive
-Friedrich Nietzsche
ഒരു ജീവിതത്തിൽ നാം എത്രവട്ടം മരിക്കും? ഒരു പ്രത്യേകയിടത്ത് വച്ച് നാം ‘ഫ്രീസ്’ ചെയ്യപ്പെടുന്നു. പിന്നീടങ്ങോട്ട് നമുക്ക് പ്രായമാവുന്നില്ല, മരണവുമില്ല -നിശ്ചലം. ചലനമാണ് (Movement) ജീവിതം. നാം ചലിക്കുന്നു, നമ്മുടെ മനസും ശരീരവും ചലിക്കുന്നു, നമ്മുടെ ചുറ്റുമുള്ളതെല്ലാം ചലിക്കുന്നു. നിഗൂഢമായതെങ്കിലും മരണം എന്ന സത്യമാണ് ജീവിതത്തെ ചലിപ്പിക്കുന്നത്. നിത്യത (Eternity) എല്ലാക്കാലത്തും മനുഷ്യസങ്കല്പത്തിലുണ്ട്. അതേസമയം, മരണത്തെ ചുറ്റിപ്പറ്റിയുള്ള ചിന്തകളും, ആശങ്കകളും ഭയവുമുണ്ട്. മരണത്തെ കുറിച്ച് നമ്മിലുണ്ടാവുന്ന എല്ലാ ചിന്തകളും ദാർശനികമാണ്. കാരണം നാം കാണുന്ന രണ്ട് സത്യങ്ങളേയുള്ളൂ, അത് മരണവും ജീവിതവുമാണ്. ബാക്കിയെല്ലാം അതിനെച്ചുറ്റിപ്പറ്റി വന്നുപോകുന്നതാണ്.
ജീവിതത്തെയും മരണത്തെയും കാലത്തെയും കുറിച്ചാണ് നോട്ടറി ഓഫ് സോൾസ് (Notary of Souls) എന്ന ചലച്ചിത്രം പറയുന്നത്. നമുക്ക് മരണം ഒരു തിരഞ്ഞെടുപ്പല്ല. എന്നാൽ, ഈ സങ്കല്പഭൂമിയിൽ അതങ്ങനെയാണ്. മരണം മാത്രമല്ല, നീണ്ട, അനശ്വരമായ ജീവിതവും, ഒന്ന് തിരഞ്ഞെടുക്കുമ്പോൾ മറ്റൊന്ന് നഷ്ടപ്പെടുന്നു. ലോറ എന്ന 126 വയസുള്ള ‘ചെറുപ്പക്കാരി’ ആത്മാക്കളുടെ നോട്ടറിയായി ചാർജ്ജെടുക്കുന്നു.
ലോറയുടെ ജോലി മരണം തിരഞ്ഞെടുക്കുന്ന മനുഷ്യരെ രേഖപ്പെടുത്തി വയ്ക്കലാണ്, ആ തിരഞ്ഞെടുപ്പിനുള്ള അവരുടെ കാരണങ്ങളും. ആ മുറിയിൽ വച്ച് അവർ അതുവരെയുള്ള ജീവിതം ഉരിഞ്ഞെറിയുകയും പകരമൊരു കറുത്ത പക്ഷിയായിത്തീരുകയും ചെയ്യുന്നു. കൂട്ടിലടച്ചാൽ ‘മരിച്ചു’പോകുന്ന കറുത്ത പക്ഷി. പക്ഷേ, ലോറയ്ക്ക് ജീവിതത്തെ കടന്ന് മരണത്തെ തിരഞ്ഞെടുക്കാനുള്ള അവകാശമില്ല. കാരണം, ജോലിയിലേക്കുള്ള അവളുടെ കരാറതാണ്.
യൗവ്വനം നിലനിൽക്കാനും മരണത്തിലേക്കെത്താതിരിക്കാനും കൃത്യമായ ഇടവേളകളിൽ അവൾ കുളിക്കേണ്ടതുണ്ട് (Bath). അതിൽ വച്ച് നിങ്ങളിലെ ഓർമ്മകളും, വൈകാരികമായി ഒന്നിനെ അറിയാനുള്ള കഴിവും നഷ്ടപ്പെട്ടു പോകുന്നു. ഓർമ്മകളില്ലാതെ, ഒന്നിനെയും സ്പർശിക്കാതെ കാലാകാലം നിങ്ങൾക്ക് ജീവിക്കാം.
ശരിക്കും, എന്തും സഹിച്ചും, എന്തും ഉപേക്ഷിച്ചും നീട്ടിക്കൊണ്ടുപോകാനുള്ള മഹത്വമുണ്ടോ ജീവിതത്തിന്? ഓർമ്മകൾ നശിച്ച്, ഒരു വികാരവും സ്പർശിക്കാതെ വെറുതെ… വെറുതെ..? ആ ചോദ്യം സിനിമയിലുടനീളം കാണാം. ഒറ്റപ്പെട്ടു കിടക്കുന്ന ആത്മാക്കളുടെ നോട്ടറി ഓഫീസ് കെട്ടിടമായി. ഒരില പോലും അനങ്ങാതെ നിൽക്കുന്ന ഒറ്റമരമായി. ഒരു പച്ചപ്പുപോലും കാണാനില്ലാത്ത പാടമായി.
അവിടെയുണ്ടാവുന്ന ശബ്ദങ്ങൾ, നിലച്ചുപോയ ജീവിതം അവസാനിപ്പിച്ച് കറുത്ത പക്ഷികളായി മാറിയവരുടേത് മാത്രമാണ്. അവരെ ചുറ്റിപ്പറ്റിയുള്ളതാണ് നിറങ്ങൾ പോലും. ബാക്കിയെല്ലാം നിശബ്ദവും നരച്ചതുമാണ്. കറുത്ത പക്ഷിയും നരച്ചനീല കെട്ടിടവും വെളുപ്പും കറുപ്പും വസ്ത്രങ്ങളും വെള്ളാരങ്കല്ലുകളും വെള്ളപ്പൂക്കളും… ഒരേസമയം തന്നെ കറുപ്പിന്റെയും വെളുപ്പിന്റെയും അതിനിടയിലെ ഗ്രേയുടെയും വിവിധ ഭാവങ്ങൾ കാണാം.
നിന്നുപോയ ജീവിതം അവസാനിപ്പിക്കാനായി എത്തുന്ന മനുഷ്യരോട് ലോറയ്ക്ക് ജോലിയിൽ കവിഞ്ഞ എന്തോ ഒന്നുണ്ട്. മരണം അവളെ ആകർഷിച്ചു തുടങ്ങിയിട്ടുണ്ട്. ജീവിക്കാത്ത ജീവിതമെല്ലാം മരവിപ്പാണ്, മരണം പോലും അതിന് മുകളിലാണ്. പിന്നീടുണ്ടാവുന്ന അനശ്വരമായി തുടരാനുള്ള ഓരോ കുളികളിലും അവളുടെ ശരീരത്തിൽ മുളച്ചുവരുന്ന കറുത്ത പക്ഷിയുടെ/ മരിക്കാനുള്ള അവളുടെ ആഗ്രഹത്തിന്റെ ചിറകുകളെ അവൾ വേദനയോടെ പറിച്ചെറിഞ്ഞു കളയുകയാണ്.
സയൻസ് ഫിക്ഷൻ ഗണത്തിൽ പെടുന്ന ബ്രസീലിയൻ സിനിമ സംവിധാനം ചെയ്തത് ലിയോ ബെല്ലോയാണ്. ദൈർഘ്യം 77 മിനിറ്റ്. ജീവിതത്തിന്റെയും മരണത്തിന്റെയും അർത്ഥതലങ്ങൾ തേടുകയാണ് സിനിമ, അതിന്റെ ദാർശനികമായ കാഴ്ച്ചപ്പാട് അത് കാണുന്നവരുടേത് കൂടിയാണ്.
വെളിച്ചത്തെ അന്വേഷിക്കുന്ന ജീവിതങ്ങള്: ‘ഓള് വി ഇമാജിന് ആസ് ലൈറ്റ്’ റിവ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net