ഹൈദരാബാദ്: പുഷ്പ 2 പ്രദര്‍ശനത്തിനിടെയുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഒൻപതുവയസ്സുകാരനെ സന്ദർശിച്ച് ഹൈദരാബാദ് സിറ്റി പോലീസ് കമ്മിഷണർ. തെലങ്കാന ആരോഗ്യവകുപ്പ് സെക്രട്ടറി ക്രിസ്റ്റീന ചോങ്തുവിനൊപ്പമാണ് കമ്മിഷണര്‍ സി.വി ആനന്ദ് ചികിത്സയിലുള്ള ശ്രീതേജിനെ സന്ദര്‍ശിച്ചത്. ആശുപത്രിയിലെത്തിയ ഇരുവരും കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് അന്വേഷിച്ചു.
കുട്ടിക്ക് മസ്തിഷ്കമരണം സംഭവിച്ചെന്നും പരിക്ക് ഭേദമാവാന്‍ കുറേനാളുകള്‍ വേണ്ടിവരുമെന്നും കമ്മിഷണര്‍ പറഞ്ഞു. നിലവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടി കഴിയുന്നതെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യവകുപ്പ് സെക്രട്ടറി ദിവസേന കുട്ടിയുടെ ആരോഗ്യനില നിരീക്ഷിച്ചുവരുന്നുമുണ്ട്.
ഡിസംബര്‍ നാലാം തീയതി രാത്രി 11 മണിയുടെ പ്രീമിയര്‍ ഷോയ്ക്കിടെയായിരുന്നു അപകടമുണ്ടായത്. സംഭവത്തിൽ കുട്ടിയുടെ അമ്മയും ദില്‍സുഖ്നഗര്‍ സ്വദേശിനിയുമായ രേവതി നേരത്തേ മരണപ്പെട്ടിരുന്നു. യുവതിയുടെ ഭര്‍ത്താവിനും പരിക്കേറ്റിരുന്നു. അല്ലു അര്ജുന് എത്തിയതറിഞ്ഞ് തടിച്ചുക്കൂടിയ ജനക്കൂട്ടം ഗേറ്റ് തകര്‍ത്തതിനെ തുടര്‍ന്ന് തിക്കിലും തിരക്കിലുംപെട്ടായിരുന്നു അപകടം.
സംഭവത്തിൽ തിയേറ്റർ അധികൃതർക്ക് ഹൈദരാബാദ് പോലീസ് കാരണം കാണിക്കൽ നോട്ടീസയച്ചിട്ടുണ്ട്. സംഭവം നടന്ന സന്ധ്യാ തീയേറ്റർ അധികൃതർക്കാണ് നോട്ടീസയച്ചത്. പോലീസ് തീയേറ്ററിന്റെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ലൈസന്‍സ് റദ്ദാക്കാതിരിക്കാനുള്ള കാരണം കാണിക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 11-ഓളം വീഴ്ചകള്‍ തീയേറ്ററിന്റെ ഭാഗത്തുനിന്നുണ്ടായതായാണ് പോലീസ് പറയുന്നത്.
തീയേറ്ററിന്റെ അടിസ്ഥാനസൗകര്യങ്ങള്‍ തൃപ്തികരമല്ലെന്നും അല്ലു അര്‍ജുന്റെ സന്ദര്‍ശനത്തെ സംബന്ധിച്ച് തിയേറ്റര്‍ അധികൃതര്‍ പോലീസിനെ അറിയിച്ചില്ലെന്നും നോട്ടീസില്‍ പറയുന്നു. സിനിമയിലെ പ്രധാന അഭിനേതാക്കള്‍ വന്‍ ജനക്കൂട്ടത്തിന് ഇടയാക്കുമെന്ന് അറിഞ്ഞിട്ടും തീയേറ്ററിലേക്ക് പോകാനും വരാനുമൊന്നും യാതൊരു നടപടിക്രമങ്ങളും സ്വീകരിച്ചില്ലെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]