.news-body p a {width: auto;float: none;}
മുംബയ്: കുറച്ചുനാൾ മുമ്പാണ് ഇന്ത്യയിൽ നോട്ടുനിരോധനം നടപ്പാക്കിയത്. നിലവിലുണ്ടായിരുന്ന നോട്ടുകൾ ഒട്ടുമിക്കതും പിൻവലിച്ചു. പകരം പുതിയ രൂപത്തിലുള്ളവ പുറത്തിറക്കി. ഇതിനെച്ചൊല്ലിയുള്ള വിവാദങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. മികച്ച തീരുമാനമായിരുന്നു നോട്ടുനിരോധനം എന്ന് കേന്ദ്രസർക്കാരിനെ അനുകൂലിക്കുന്നവർ പറയുമ്പോൾ അപ്പടി പരാജയമായിരുന്നു എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
നോട്ടുകൾക്ക് നിരോധനമേർപ്പെടുത്തിയപ്പോഴും നാണയങ്ങളുടെ കാര്യത്തിൽ കാര്യമായ പിൻവലിക്കലോ മറ്റ് പ്രഖ്യാപങ്ങളോ ഉണ്ടായിട്ടില്ല.
പക്ഷേ പല നാണയങ്ങളുടെയും രൂപത്തിൽ കാര്യമായ മാറ്റം ഉണ്ടായി. ഇത് എന്തുകൊണ്ടാണെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതിന് പ്രത്യക്ഷ ഉദാഹരണം അഞ്ചുരൂപ നാണയങ്ങളാണ്. അടുത്തകാലംവരെ നല്ല കട്ടിയുള്ള വെള്ളിനിറത്തിലെ അഞ്ചുരൂപ നാണയങ്ങൾ വിപണിയിൽ ഇഷ്ടംപോലെ ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ അതല്ല സ്ഥിതി. വല്ലപ്പോഴും മാത്രം കാണാൻ കിട്ടുന്ന അപൂവർ വസ്തുവായി അതുമാറി. ഇപ്പോൾ കൂടുതൽ ലഭിക്കുന്നത് കട്ടികുറഞ്ഞ സ്വർണത്തിന്റെ നിറമുള്ളവയും സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ചവയുമാണ്.
ഇതെന്താ ഇങ്ങനെ?
അഞ്ചുരൂപ നാണയങ്ങൾ നിറുത്താൻ പോകുന്നു എന്നതരത്തിൽ ചില വാർത്തകൾ ഇടയ്ക്കിടെ കേൾക്കുന്നുണ്ട്. എന്നാൽ ഇതിന് ഇതുവരെ ഔദ്യോഗികമായ ഒരു സ്ഥിരീകരണവും ലഭിച്ചിട്ടില്ല. ഇന്ത്യയിൽ അഞ്ചുരൂപയുടെ രണ്ടുതരത്തിലുള്ള നാണയങ്ങളാണ് പ്രചാരത്തിലുള്ളത്. പിച്ചളകൊണ്ടും ലോഹ സംയുക്തങ്ങൾ കൊണ്ടുമാണ് നിർമാണം. അധികൃതർ പഴയ നാണയങ്ങൾക്കുപകരം പുതിയവ പുറത്തിറക്കാത്തതിന് കാരണം പരിശോധിക്കാം.
എന്തിനാണ് അഞ്ച് രൂപ നാണയങ്ങൾ ആർബിഐ നിർത്തുന്നത്. ഇത് ഉരുക്കി അഞ്ചുരൂപയിൽ കൂടുതൽ വിലയുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കാം എന്ന് കണ്ടതോടെയാണിത്. നാണയത്തിന് ലഭിക്കുന്ന മൂല്യത്തെക്കാൾ അതിലടങ്ങിയിരിക്കുന്ന ലോഹത്തിന് മൂല്യം ലഭിക്കുന്നു. നാണയത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന മൂല്യമാണ് നാണയത്തിന് ലഭിക്കുന്ന മൂല്യം. അഞ്ചുരൂപ നാണയത്തിന്റെ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്ന ലോഹത്തിന് അഞ്ചുരൂപയെക്കാൾ മൂല്യം കിട്ടുമെന്ന് കണ്ടതോടെ നാണയങ്ങൾ ബംഗ്ളാദേശിലേക്കുൾപ്പെടെ കടത്തുന്നുണ്ട്. അവിടെയെത്തി ഉരുക്കി മറ്റ് ഉല്പന്നങ്ങളാക്കി വിപണിയിലെത്തിക്കുകയാണ് ചെയ്യുന്നത്.
ബ്ലേഡ് മാഫിയ
നാണയം ഉരുക്കിയെടുക്കുന്ന ലോഹംകൊണ്ട് ബ്ലേഡുകളാണ് കള്ളക്കടത്തുകാർ നിർമ്മിക്കുന്നത്. ഇത്തരത്തിൽ അഞ്ചുരൂപയുടെ ഒരു നാണയംകൊണ്ട് ആറ് ബ്ലേഡുകൾ നിർമ്മിക്കാൻ കഴിയുമത്രേ. ഒരു ബ്ലേഡിന് വിപണിയിൽ ലഭിക്കുന്നത് രണ്ടുരൂപയാണ്. അങ്ങനെ നോക്കുമ്പോൾ ആറുബ്ലേഡുകൾക്ക് 12 രൂപ ലഭിക്കും. അതായത് അഞ്ചുരൂപ നാണയത്തിലെ ലോഹത്തിന് ലഭിക്കുന്നത് വിപണിമൂല്യത്തെക്കാൾ ഇരട്ടിയിലധികം. ഇത് മനസിലാക്കിയതോടെയാണ് നാണയനിർമ്മാണത്തിന് പുതിയ ലോഹസങ്കരം ഉപയോഗിച്ചുതുടങ്ങിയത്. മറ്റുനാണയങ്ങളുടെ വലിപ്പവും രൂപവുമൊക്കെ മാറിയതിനും ഇതുതന്നെയാണ് കാരണം. ഇപ്പോൾ ഒരുരൂപയുൾപ്പെടെയുളള നാണയങ്ങൾ നിർമ്മിക്കുന്നത് സ്റ്റെയിൻലെസ് സ്റ്റീലിലാണ്.
കമ്മട്ടങ്ങൾ നാല്
1906 ലെ കോയിനേജ് ആക്ട് പ്രകാരം റിസർവ് ബാങ്ക് ഒഫ് ഇന്ത്യക്കാണ് ഇന്ത്യൻ നാണയങ്ങളുടെ നിർമ്മാണത്തിന്റെയും വിതരണത്തിന്റെയും ചുമതല.നാണയങ്ങളുടെ നിർമാണത്തിനായി നാല് മിന്റുകൾ അഥവാ കമ്മട്ടങ്ങളാണ് ഇന്ത്യയിലുള്ളത്. കൊൽക്കത്ത, മുംബയ്, ഹൈദരാബാദ്, നോയിഡ എന്നിവയാണ് അവ. നമ്മുടെ കൈയിലുള്ള നമ്മുടെ കൈയിലുള്ള നാണയങ്ങളിൽ ചില അടയാളങ്ങൾ നോക്കി അത് എവിടെയാണ് നിർമ്മിച്ചതെന്ന് വ്യക്തമായി അറിയാൻ കഴിയും.
നാണയത്തിൽ അതിന്റെ മൂല്യവും നാണയം ഇറങ്ങിയ വർഷവും മാത്രമാണ് ഉള്ളതെങ്കിൽ അത് കൊൽക്കത്ത കമ്മട്ടത്തിൽ ഉണ്ടാക്കിയതാണ്.
നാണയം നിർമ്മിച്ച വർഷത്തിന് താഴെ ഡയമണ്ട് ആകൃതിയിലുള്ള അടയാളമുണ്ടെങ്കിൽ അത് നിർമ്മിച്ചത് മുംബയിലാണ്. വർഷത്തിന് താഴെ B എന്ന മാർക്കിംഗും മുംബയുടെ അടയാളമാണ്. 1996 ന് ശേഷമുള്ള നാണയമാണെങ്കിൽ M എന്നാകും മാർക്കിംഗ്.
നാണയത്തിനുള്ളിലെ വർഷത്തിന് താഴെ സ്പ്ലിറ്റ് ഡയമണ്ട്, ഡയമണ്ടിനുള്ളിലെ ഡോട്ട് എന്നീ രണ്ട് മാർക്കിംഗുകൾ സൂചിപ്പിക്കുന്നത് ഹൈദരാബാദ് മിന്റിനെയാണ്.സ്റ്റാർ മാർക്കിംഗ് നാണയത്തിൽ കാണുന്നുണ്ടെങ്കിലും അത് ഹൈദരാബാദിന്റെ അടയാളമാണ്. തീയതിക്ക് താഴെ വൃത്താകൃതിയിലുള്ള ഡോട്ട് മാർക്കിംഗാണ് നോയിഡ മിന്റിന്റെ അടയാളം.
ഞങ്ങളാണേ ഫസ്റ്റ്
വിനിമയത്തിന്റെ ഭാഗമായി നോട്ടുകളെക്കാൾ മുമ്പ് നിലവിൽ വന്നത് നാണയങ്ങളാണ്. പുരാതന കാലത്ത് സാധനങ്ങൾക്കുപകരം സാധനങ്ങൾ കൈമാറ്റം ചെയ്യുന്ന ബാർട്ടർ സംവിധാനമായിരുന്നു നിലവിലുണ്ടായിരുന്നത്. പിന്നീട് ഈ രീതി മാറുകയും സാധനങ്ങൾക്ക് പകരം ലോഹകഷ്ണങ്ങളോ തുകൾ കഷ്ണങ്ങളോ ഒക്കെ നൽകിയിരുന്നു. എളുപ്പത്തിൽ നശിച്ചുപോകില്ലാത്തതിനാൽ ലോഹത്തിന് കൂടുതൽ സ്വീകാര്യത കൈവരികയും അവ കൃത്യമായ മൂല്യമുള്ള നാണയങ്ങളായി രൂപംകൊള്ളുകയും ചെയ്തു. കൈകാര്യം ചെയ്യാനുളള എളുപ്പത്തിനുവേണ്ടി പിന്നീട് നോട്ടുകൾ രംഗത്തെത്തുകയായിരുന്നു.