ചെന്നൈ∙ കോവിഡ് ലോക്ഡൗൺ കാലത്തു ബോറടി മാറ്റാൻ ആദ്യമായി എറിഞ്ഞ ഒരു പന്ത്! വിമൻസ് പ്രിമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസ് 1.60 കോടി രൂപയ്ക്കു സ്വന്തമാക്കിയ തമിഴ്നാടിന്റെ 16 വയസ്സുകാരി ജി. കമലിനിയുടെ ക്രിക്കറ്റ് കരിയറിന്റെ തുടക്കം ഇത്ര സിംപിളായിരുന്നു. പക്ഷേ പിന്നാലെ വന്ന നേട്ടങ്ങൾ വളരെ വലുതും.
അണ്ടർ 19 വനിതാ ഏഷ്യ കപ്പിൽ കഴിഞ്ഞ ഞായറാഴ്ച പാക്കിസ്ഥാനെതിരെ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറിയ കമലിനി 29 പന്തിൽ 44 റൺസ് നേടി പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം നേടി. പിന്നാലെ, അതേ ദിവസം തന്നെ മുംബൈ ഇന്ത്യൻസിന്റെ കോടി കടന്ന ലേലം വിളി. കമലിനി ജനിച്ച ദിവസം പോലും തങ്ങൾ ഇത്രയും സന്തോഷിച്ചിട്ടില്ല എന്നാണ് അമ്മ ശരണ്യ പറയുന്നത്!
2020ൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന് മധുരയിലെ വീടിനു സമീപം അച്ഛൻ ഗുണാലനും സഹോദരൻ കിഷോറും ക്രിക്കറ്റ് കളിക്കുമ്പോഴാണ് കമലിനി ആദ്യമായി പന്തെറിയുന്നത്. മോശമല്ലാത്ത ലൈനും ലെങ്തും ശ്രദ്ധയിൽപ്പെട്ടതോടെ ഗുണാലൻ വീണ്ടും പന്ത് കമലിനിക്കു നൽകി. പിന്നീട് മൂവരും ചേർന്നായി ക്രിക്കറ്റ് കളി.
13–ാം വയസ്സിൽ ചെന്നൈ സൂപ്പർ കിങ്സ് അക്കാദമിയിൽ പരിശീലനം ആരംഭിച്ചു. ബോളർ എന്ന നിലയിൽ ക്യാംപിലെത്തിയ കമലിനി ബാറ്ററായി, തുടർന്ന് വിക്കറ്റ് കീപ്പറും. മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി ഉൾപ്പെടെയുള്ളവരുടെ കൂറ്റൻ ചിത്രങ്ങൾ അക്കാദമിയിൽ കണ്ട കമലിനിക്ക് ഒരാഗ്രഹം. ചെന്നൈ സൂപ്പർ കിങ്സിന്റെ ഹെൽമറ്റ് വേണം.
തമിഴ്നാട് ക്രിക്കറ്റ് ടൂർണമെന്റിൽ 2 സെഞ്ചറി നേടിയാൽ ഹെൽമറ്റ് സംഘടിപ്പിക്കാമെന്ന് പരിശീലകന്റെ വാക്ക്. ടൂർണമെന്റിൽ 3 സെഞ്ചറി നേടിയ കമലിനിക്കു ഹെൽമറ്റ് നൽകിയത് ചെന്നൈയുടെ ന്യൂസീലൻഡ് താരം മിച്ചൽ സാന്റ്നർ. ഇന്ത്യൻ സീനിയർ ടീമിലെത്തുക എന്നതാണ് കമലിനിയുടെ ഇനിയുള്ള സ്വപ്നം.
English Summary:
Kamalini’s Dream Debut: G. Kamalini’s inspiring cricket journey began during the Covid-19 lockdown. This talented teenager’s incredible rise includes a WPL deal and an Under-19 Asia Cup Player of the Match award, showcasing her exceptional skills and determination
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]