കൊച്ചി പാലാ സെയ്റ്റ് മേരീസ് സ്കൂളില്‍ പഠിക്കു മ്പോള്‍ കഥയും കവിതയും നാടകവുമൊക്കെയായിരുന്നു ദീപ്തിയുടെ ലോകം. ഫിസിക്സില്‍ ബിരുദം നേടിയ ശേഷം അച്ഛനും അമ്മയും ബി.എസ്.സി. നഴ്സിങ്ങിനു പോകാന്‍ പറഞ്ഞപ്പോഴും ദീപ്തി അതേ വഴിയില്‍ സഞ്ചരിച്ചു. നഴ്സായി അയര്‍ലന്‍ഡിലേക്ക് പറന്ന ദീപ്തി പിന്നീട് ബിസിനസുകാരനായ ഭര്‍ത്താവിന്റെ ഇഷ്ടപ്രകാരം ഓസ്ട്രേലിയയിലേക്ക് ചേക്കേറിയപ്പോഴും മനസ്സില്‍ ഒരു സ്വപ്നം സൂ ക്ഷിച്ചിരുന്നു. മലയാളത്തിന്റെ വെള്ളിത്തിരയിലെ താരം പൊന്നമ്മ ബാബുവിന്റെ മകളെന്ന മേല്‍വിലാസത്തില്‍ ആ സ്വപ്നം സ്വാഭാവികവുമായിരുന്നു.
ജീവിതത്തിലും പ്രൊഫഷണലിസത്തിലും പല മേല്‍വിലാസങ്ങള്‍ സ്വന്തമാക്കിയ ദീപ്തി നിര്‍മല ജെയിംസ് ഇപ്പോള്‍ സുന്ദരമായൊരു സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിലാണ്. ദീപ്തി സംവിധാനം ചെയ്ത ‘വേള്‍പൂള്‍’ എന്ന ഹ്രസ്വചിത്രം ഒട്ടേറെ ചലച്ചിത്ര മേളകളില്‍ മികച്ച അഭിപ്രായം നേടുമ്പോള്‍ പൊന്നമ്മയും നിറഞ്ഞ സന്തോഷത്തിലും അഭിമാനത്തിലുമാണ്.
ഓസ്ട്രേലിയയിലെ സിനിമ
ഫിസിക്സും നഴ്സിങ്ങും പഠിച്ച ദീപ്തി ഓസ്ട്രേലിയയിലെത്തിയപ്പോള്‍ അവിടെ ഫിലിംമേക്കിങ് കോഴ്സിനു ചേര്‍ന്നതാണ് സ്വപ്ന സാക്ഷാത്കാരത്തിലേക്ക് വഴിതുറന്നത്. ”ഓസ്ട്രേലിയയില്‍ ജനറല്‍ മാനേജരായി ജോലി ചെയ്യുന്ന എനിക്ക് സിനിമാ മോഹം സാക്ഷാത്കരിക്കാനാകുമോയെന്ന സംശ യമുണ്ടായിരുന്നു. എന്നാല്‍, ഭര്‍ത്താവ് ജെയിംസ് ജേക്കബ്ബും മക്കളായ അമാന്‍ഡയും അലീഷയും ജെയ്ക്കും നിറഞ്ഞ പിന്തുണ തന്നതോടെ ഞാന്‍ കോഴ്സ് ഭംഗിയായി പൂര്‍ത്തിയാക്കി.
കോഴ്സിനിടെ സ്റ്റുഡന്റ്സ് ഫിലിമുകള്‍ ചെയ്ത ആത്മവിശ്വാസത്തില്‍ ഒരു ഷോര്‍ട്ട് ഫിലിമാണ് ആദ്യം പ്ലാന്‍ ചെയ്തത്. ഇംഗ്ലണ്ടിലുള്ള സഹോദരന് ബിബിനും ഫിലിമിന്റെ കാര്യത്തില്‍ കട്ട സപ്പോര്‍ട്ടിലായിരുന്നു. അവനുമായി ഫോണില്‍ സംസാരിച്ചാണ് ഫിലിമിന്റെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തത്. അതിനിടയിലാണ് ഒരു ദിവസം ‘ വേള്‍പൂള്‍’ എന്ന കഥ മനസ്സില്‍ വന്നത്. കടലിലെ ചുഴി ആണല്ലോ വേള്‍പൂള്‍. വിവിധ പ്രശ്നങ്ങളുടെ അതേ ആഴങ്ങളിലേക്കു പോകുന്ന ഒരു കുറ്റവാളിയുടെ കഥയാണ് ഈ ഷോര്‍ട്ട് ഫിലിമില്‍ പറയുന്നത്’ – ദീപ്തി ‘വേള്പുള്’ പിറന്ന കഥ പറഞ്ഞു.
ജോഷിയും സിബി മലയിലും
സ്ട്രേലിയയിലെ മെല്‍ബണിലാണ് ദീപ്തി ‘വേള്‍പൂള്‍’ ചിത്രീകരിച്ചത്. ഓസ്ട്രേലിയക്കാരായ റെനെ പറ്റേര്നിറ്റിയും എപ്പോനിന് ഫില്‍മോര്‍ ഗ്രീനും ഫൗസ് ഡഗസ്താനിയുമാണ് പ്രധാന വേഷങ്ങള്‍ ചെയ്തത്.
മെല്‍ബണിലെ ഷൂട്ടിങ്ങിനു ശേഷം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളെല്ലാം ചെയ്തത് കൊച്ചിയിലാണ്. ”എന്റെ ഫിലിം ഒരു ഇന്തോ – ഓസ്ട്രേലിയന്‍ പദ്ധതിയാണെന്നു തന്നെ പറയാം. മെല്‍ബണ്‍ മുതല്‍ കൊച്ചി വരെയുള്ള യാത്ര അത് അടയാളപ്പെടുത്തുന്നുണ്ട്. കൊച്ചിയില്‍ ഫിലിമിന്റെ പ്രിവ്യൂ ഷോ വെച്ചപ്പോള്‍ സംവിധായകന് ജോഷിയെ ക്ഷണിക്കാന്‍ പോയിരുന്നു. സാറിന് ദുബായിയില്‍ ഒരു പരിപാടിയുള്ളതുകൊണ്ട് ആ സമയത്ത് വരാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ലാപ്ടോപ്പില്‍ ഫിലിമുണ്ടെന്നും സാര്‍ അത് കാണുമോയെന്നും ചോദിച്ചു.
സന്തോഷത്തോടെ സമ്മതിച്ച ജോഷിസാര്‍ ഒറ്റയിരിപ്പില്‍ ലാപ്ടോപ്പില്‍ ‘വേള്‍പൂള്‍’ കണ്ടു. ഫിലിം കണ്ട ശേഷം അദ്ദേഹം പറഞ്ഞത് ഇത് ഒറിജിനല്‍ ഹോളിവുഡ് മൂവി പോലെയുണ്ടെന്നായിരുന്നു. എനിക്ക് കിട്ടിയ ഏറ്റവും വലിയ അവാര്‍ഡ് തന്നെയായിരുന്നു ജോഷി സാറിന്റെ വാക്കുകള്‍. പിന്നീട് സിബി മലയില്‍ സാറും ഫിലിമിനെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും ത്രില്ലടിച്ചു’ – ദീപ്തി പറഞ്ഞു.
പൊന്നമ്മ കരഞ്ഞ നേരത്ത്
പൊന്നമ്മ ബാബുവിന്റെ മകള്‍ എന്ന മേല്‍വിലാസത്തില്‍ ഒരിക്കലും സിനിമയിലേക്ക് പ്രോത്സാഹനം കിട്ടിയിരുന്നില്ലെന്നാണ് ദീപ്തി പറയുന്നത്. ”മമ്മി ഒരിക്കലും ഞാന്‍ ഒരു സിനിമക്കാരിയാകണമെന്നു പറഞ്ഞ് പ്രോ ത്സാഹിപ്പിച്ചിട്ടില്ല. കലാരംഗം സ്ഥിരമാണെന്ന് കരുതാനാകില്ലെന്നും പഠിച്ച് നല്ല ജോലി നേടണമെന്നുമാണ് മമ്മി പറഞ്ഞിരുന്നത്.
ഞാന്‍ ഒരു ഫിലിം സംവിധാനം ചെയ്യുകയാണെന്ന് ഷൂട്ടിങ്ങിനു മുന്‍പ് ഫോണില്‍ വിളിച്ചുപറഞ്ഞപ്പോള്‍ ഒരു തമാശയായിട്ടാണ് മമ്മി കരുതിയത്. എന്നാല്‍, കൊച്ചിയില്‍ എത്തി ഞാന്‍ ഫിലിം കാണിച്ചപ്പോള്‍ മമ്മി ശരിക്കും ഞെട്ടി. ഫിലിം കണ്ട് ശരിക്കും കരഞ്ഞുപോയ മമ്മി എന്നെ കെട്ടിപ്പിടിച്ചു. നീ എന്തേ ഇത്രനാളും ഈ മോഹത്തെപ്പറ്റി എന്നോട് പറഞ്ഞില്ലെന്നായിരുന്നു മമ്മിയുടെ ചോദ്യം. മമ്മി ഉള്‍പ്പെടെ പലരും പറഞ്ഞപ്പോഴാണ് ഈ ഫിലിം ചലച്ചിത്രമേളകളില്‍ അയക്കണമെന്ന് ഞാന്‍ വിചാരിച്ചത്. ഇപ്പോള്‍ കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ എന്റെ ഫിലിം പ്രദര്‍ശിപ്പിച്ചപ്പോള്‍ കൂട്ടുവന്നതും മമ്മിയായിരുന്നു’ – സംസാരം നിര്‍ത്തി അല്പനേരം മൗനമായിരുന്ന ശേഷം ദീപ്തി ഒരു മോഹം കൂടി പറഞ്ഞു, ”താമസിയാതെ എനിക്ക് മലയാളത്തില്‍ ഒരു സിനിമ സംവിധാനം ചെയ്യണം”.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]