ബ്രിസ്ബെയ്ൻ∙ ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 185 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക്, 60 റൺസ് എടുക്കുന്നതിനിടെ ആറു വിക്കറ്റ് നഷ്ടം. പരമ്പരയിലുടനീളം ഇന്ത്യൻ ബോളർമാർക്ക് തലവേദന സൃഷ്ടിച്ച ട്രാവിസ് ഹെഡാണ് ആറാമനായി പുറത്തായത്. 19 പന്തിൽ രണ്ടു ഫോറുകൾ സഹിതം 17 റൺസെടുത്ത ഹെഡിനെ, മുഹമ്മദ് സിറാജ് പുറത്താക്കി. 15 ഓവർ പൂർത്തിയാകുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 60 റൺസ് എന്ന നിലയിലാണ് ഓസീസ്. അലക്സ് കാരി (15), ക്യാപ്റ്റൻ പാറ്റ് കമിൻസ് (0) എന്നിവർ ക്രീസിൽ. ഓസീസിന് ആകെ 245 റൺസ് ലീഡുണ്ട്.
ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര, ആകാശ്ദീപ്, മുഹമ്മദ് സിറാജ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഓപ്പണർ ഉസ്മാൻ ഖവാജ (ഏഴു പന്തിൽ എട്ട്), മാർനസ് ലബുഷെയ്ൻ (ഒൻപതു പന്തിൽ ഒന്ന്), നേഥൻ മക്സ്വീനി (25 പന്തിൽ നാല്), മിച്ചൽ മാർഷ് (13 പന്തിൽ രണ്ട്), സ്റ്റീവ് സ്മിത്ത് (അഞ്ച് പന്തിൽ നാല്) എന്നിവരാണ് പുറത്തായ മറ്റുള്ളവർ. ഖവാജ, ലബുഷെയ്ൻ എന്നിവരെ ബുമ്രയും മക്സ്വീനി, മാർഷ് എന്നിവരെ ആകാശ്ദീപും സ്മിത്ത്, ഹെഡ് എന്നിവരെ മുഹമ്മദ് സിറാജും പുറത്താക്കി.
നേരത്തെ, 10–ാം വിക്കറ്റിൽ ആകാശ്ദീപ് സിങ് – ജസ്പ്രീത് ബുമ്ര സഖ്യം കാഴ്ചവച്ച പോരാട്ടത്തിന്റെ മികവിൽ ഫോളോ ഓൺ ഒഴിവാക്കിയ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 260 റൺസിന് പുറത്തായിരുന്നു. ഇന്ന് നാല് ഓവർ കൂടി പിടിച്ചുനിന്ന ഇന്ത്യ, 78.5 ഓവറിലാണ് 260 റൺസിന് പുറത്തായത്. പതിനൊന്നാമനായി ക്രീസിലെത്തിയ ആകാശ്ദീപ് സിങ്, 44 പന്തിൽ രണ്ടു ഫോരും ഒരു സിക്സും സഹിതം 31 റൺസെടുത്ത് ട്രാവിസ് ഹെഡിന്റെ പന്തിൽ പുറത്തായി. ജസ്പ്രീത് ബുമ്ര 38 പന്തിൽ ഒരു സിക്സ് സഹിതം 10 റൺസുമായി പുറത്താകാതെ നിന്നു. 10–ാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത് 47 റൺസ്.
Don’t think Travis Head loved that 😂#AUSvIND pic.twitter.com/XzR6kIJZu5
— cricket.com.au (@cricketcomau) December 18, 2024
ഇതോടെ ഓസീസിന് 185 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് ലഭിച്ചു. ഇന്ത്യ ഓൾഔട്ടായതിനു പിന്നാലെ രസംകൊല്ലിയായി മഴയെത്തിയതോടെ, ഓസീസിന് രണ്ടാം ഇന്നിങ്സ് ആരംഭിക്കാനായിട്ടില്ല. മഴ നിമിത്തം മത്സരം വൈകുന്തോറും ഇന്ത്യ സമനില സ്വന്തമാക്കാൻ സാധ്യത കൂടും.
Akash Deep makes sure India avoid the follow-on and then smashes Pat Cummins into the second level!#AUSvIND pic.twitter.com/HIu86M7BNW
— cricket.com.au (@cricketcomau) December 17, 2024
അർധസെഞ്ചറി നേടിയ ഓപ്പണർ കെ.എൽ. രാഹുലാണ് ഇന്ത്യൻ ഇന്നിങ്സിലെ ടോപ് സ്കോറർ. ഇടയ്ക്കിടെ മഴ തടസ്സപ്പെടുത്തിയ മൂന്നും നാലും ദിനങ്ങളിൽ ബാറ്റു ചെയ്ത ഇന്ത്യയ്ക്കായി, 139 പന്തിൽ എട്ടു ഫോറുകളോടെ രാഹുൽ നേടിയത് 84 റൺസ്. പരമ്പരയിലാദ്യമായി ലഭിച്ച അവസരം മുതലെടുത്ത് അർധസെഞ്ചറി നേടിയ രവീന്ദ്ര ജഡേജ, 123 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 77 റൺസെടുത്ത് പുറത്തായി.
ഇവർ കഴിഞ്ഞാൽ ഇന്ത്യൻ ഇന്നിങ്സിലെ ടോപ് സ്കോറർ അവസാന ബാറ്ററായ ആകാശ്ദീപ് സിങ്ങാണ്. ഇവർക്കു പുറമേ ഇന്ത്യൻ നിരയിൽ രണ്ടക്കം കണ്ടത് ക്യാപ്റ്റൻ രോഹിത് ശർമ (27 പന്തിൽ രണ്ടു ഫോറുകളോടെ 10), നിതീഷ് കുമാർ റെഡ്ഡി (61 പന്തിൽ ഒരു ഫോർ സഹിതം 16), ബുമ്ര (38 പന്തിൽ ഒരു സിക്സ് സഹിതം പുറത്താകാതെ 10) എന്നിവർ മാത്രം.
ഓസ്ട്രേലിയയ്ക്കായി ക്യാപ്റ്റൻ പാറ്റ് കമിൻസ് നാലു വിക്കറ്റ് വീഴ്ത്തി. 22 ഓവറിൽ 81 റണ്സ് വഴങ്ങിയാണ് കമിൻസിന്റെ 4 വിക്കറ്റ് നേട്ടം. മിച്ചൽ സ്റ്റാർക്ക് മൂന്നും ജോഷ് ഹെയ്സൽവുഡ്, നേഥൻ ലയോൺ, ട്രാവിസ് ഹെഡ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
English Summary:
Australia vs India, 3rd Cricket Test, Day 5 – Live Updates
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]