ബറേലി: സംഭാലിൽ കൈയേറ്റമൊഴിപ്പിക്കലിനിടെ ക്ഷേത്രം കണ്ടെത്തിയ പ്രദേശത്തെ ന്യൂനപക്ഷ വിഭാഗം താമസക്കാർ സ്വന്തം വീടുകൾ പൊളിച്ചുതുടങ്ങി. ഒരുവിഭാഗമാളുകളാണ് വീടുകൾ പൊളിച്ച് തുടങ്ങിയത്. ജില്ലാ ഭരണകൂടം സ്ഥലത്ത് സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും കയ്യേറ്റ വിരുദ്ധ നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഇവർ സ്വന്തം വീടുകൾ പൊളിച്ചു തുടങ്ങിയത്. കൈയേറ്റമാരോപിച്ച് ജില്ലാ അധികൃതർ എന്തായാലും വീടുകൾ പൊളിക്കുമെന്നും നമ്മൾ തന്നെ അതു ചെയ്താൽ വിലപിടിപ്പുള്ള വല്ലതും സംരക്ഷിക്കാമെന്നും അധികൃതർ പൊളിച്ചാൽ എല്ലാം നശിപ്പിക്കുമെന്നും താമസക്കാര് പറഞ്ഞു.
ഉത്തർപ്രദേശ് പവർ കോർപ്പറേഷൻ സംഭാലിലെ ന്യൂനപക്ഷ ആധിപത്യ പ്രദേശങ്ങളിൽ റെയ്ഡും ആരംഭിച്ചു. അനധികൃത നിർമാണം നടത്തിയെന്നാരോപിച്ച് അടുത്തിടെ നോട്ടീസ് നൽകിയ സമാജ്വാദി പാർട്ടി എംപി സിയാ ഉർ റഹ്മാൻ്റെ വീട്ടിൽ ചൊവ്വാഴ്ച സ്മാർട്ട് മീറ്റർ സ്ഥാപിച്ചു. ഇതുവരെ, ഡസൻ കണക്കിന് വീടുകളിൽ വൈദ്യുതി മോഷണം കണ്ടെത്തുകയും 1.3 കോടി രൂപ പിഴ ചുമത്തുകയും ചെയ്തു. ജമാ മസ്ജിദിന് സമീപമുള്ള സംഭാലിലെ ചില പ്രദേശങ്ങളിൽ വൈദ്യുതി മോഷണം കണ്ടെത്താൻ പരിശോധന ആരംഭിച്ചെന്നും നിരവധി വീടുകളിൽ വൈദ്യുതി മോഷ്ടിക്കുന്നത് കണ്ടെത്തിയെന്നും അധികൃതർ പറഞ്ഞു. ക്രമസമാധാനം ഉറപ്പാക്കാൻ അധികാരികൾ കനത്ത രീതിയിൽ പൊലീസിനെ വിന്യസിച്ചു.
കോടതി ഉത്തരവിനിടെ നവംബർ 24 ന് സംഭാലിൽ ഉണ്ടായ അക്രമത്തിൻ്റെ പശ്ചാത്തലത്തിലാണ് കയ്യേറ്റമൊഴിപ്പിക്കൽ. ജുമാ മസ്ജിദിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) നടത്തിയ സർവേക്കിടെ ഉണ്ടായ അക്രമങ്ങളിലും വെടിവെപ്പിലും അഞ്ച് പേർ കൊല്ലപ്പെടുകയും 20ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുഗൾ ഭരണകാലത്ത് തകർത്തതായി പറയപ്പെടുന്ന ഒരു ഹിന്ദു ക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങൾക്ക് മുകളിലാണ് മസ്ജിദ് നിർമ്മിച്ചതെന്ന അവകാശവാദത്തെ തുടർന്നാണ് സർവേ ആരംഭിച്ചത്. സർവേ ഉത്തരവിനെതിരായ മസ്ജിദ് കമ്മിറ്റിയുടെ വെല്ലുവിളി അലഹബാദ് ഹൈക്കോടതി പരിഗണിക്കുന്നതുവരെ നടപടികൾ നിർത്തിവയ്ക്കാൻ സംഭാൽ വിചാരണ കോടതിയോട് സുപ്രീം കോടതി നിർദ്ദേശിച്ചു.
അതിനിടെയാണ് പള്ളിക്ക് ഒരുകിലോമീറ്റർ അപ്പുറം പുരാതന ക്ഷേത്രം കണ്ടെത്തിയെന്ന അവകാശവാദവുമായി ജില്ലാ അധികൃതർ രംഗത്തെത്തിയത്. ക്ഷേത്രവും ക്ഷേത്രക്കിണറും കണ്ടെത്തിയെന്നാണ് അറിയിച്ചത്. വിഗ്രഹങ്ങളും ലഭിച്ചെന്ന് അറിയിച്ചു. 1978ലെ കലാപത്തിന് ശേഷം അടച്ചിട്ട ക്ഷേത്രമാണ് തുറന്നതെന്നാണ് അധികൃതരുടെ വാദം. ക്ഷേത്രത്തിൻ്റെ പഴക്കം നിർണ്ണയിക്കാൻ കാർബൺ ഡേറ്റിംഗ് നടത്താൻ എഎസ്ഐയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]