വയനാട്: വയനാട്ടിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ ഒളിവിലുള്ള രണ്ട് പ്രതികൾക്കായി തെരച്ചിൽ തുടരുന്നു. വിഷ്ണു, നബീൽ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. ഇവർ വയനാട് ജില്ലയ്ക്ക് പുറത്ത് ഒളിവിൽ കഴിയുകയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇന്നലെ അറസ്റ്റ് ചെയ്ത ഹർഷിദ്, അഭിറാം എന്നിവർ 26 വരെ റിമാൻഡിലാണ്. പ്രതികള്‍ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു. വധശ്രമത്തിന് പുറമേ പട്ടികജാതി പട്ടികവർഗ്ഗക്കാർക്കെതിരായ അതിക്രമ നിരോധന നിയമപ്രകാരവും ഇവർക്കെതിരെ കേസെടുത്തിരുന്നു.
സംഭവത്തിൽ പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഏതെങ്കിലും ലഹരി കടത്ത് സംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. ആദിവാസി യുവാവ് മാതനെ വലിച്ചിഴച്ച കാറും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കണിയാംപറ്റയിൽ നിന്നാണ് കാർ കണ്ടെത്തിയത്. വാഹനം മാനന്തവാടി സ്റ്റേഷനിലാണ് ഇപ്പോഴുള്ളത്. കെ എൽ 52 എച്ച് 8733 എന്ന സെലേരിയോ കാറിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
Also Read: ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; 2 പേർ അറസ്റ്റിൽ, കുടുങ്ങിയത് ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ
വയനാട് മാനന്തവാടി കൂടൽ കടവിലാണ് ആദിവാസി യുവാവ് മാതനെ റോഡിലൂടെ വലിച്ചിഴച്ച ക്രൂരത അരങ്ങേറിയത്. വിനോദ സഞ്ചാരികളാണ് കാറിൽ കൈ ചേർത്ത് പിടിച്ച് അര കിലോമീറ്ററോളം വലിച്ച് ഇഴച്ചത്. ചെക്ക് ഡാം കാണാനെത്തിയ യുവാക്കൾ കൂടൽ കടവിൽ വെച്ച് മറ്റൊരു കാർ യാത്രക്കാരുമായി വാക്ക് തർക്കമുണ്ടായി. ഇതിൽ ഇടപെട്ട നാട്ടുകാർക്ക് നേരെയായി പിന്നീട് അതിക്രമം.
പ്രദേശവാസിയായ ഒരു അധ്യാപകനെ കല്ലുകൊണ്ട് ആക്രമിക്കാൻ തുടങ്ങിയപ്പോൾ മാതൻ തടഞ്ഞു. കാറിൽ വിരൽ കുടുങ്ങിയ മാതനെ അരകിലോമീറ്ററോളം ടാറിട്ട റോഡിലൂടെ യുവാക്കൾ വലിച്ചിഴക്കുകയായികുന്നു. പിന്നാലെ വന്ന കാറ് യാത്രക്കാർ ബഹളം വെച്ചതോടെയാണ് മാതനെ വഴിയിൽ തള്ളിയത്. കൈയ്ക്കും കാലിനും ശരീരത്തിന്റെ പിൻഭാഗത്തും സാരമായി പരിക്കേറ്റ ആദിവാസി യുവാവ് മാതനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]