പ്രശസ്ത സംവിധായകന് അറ്റ്ലീയെ കൊമേഡിയനും അവതാരകനുമായ കപില്‍ ശര്‍മ അടുത്തിടെ ഒരു പരിപാടിയിൽ വെച്ച് പരിഹസിച്ചതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ‘ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ’യില്‍ അതിഥിയായെത്തിയ അറ്റ്ലീയോട് കപില്‍ ശര്‍മ ചോദിച്ച ഒരു ചോദ്യമാണ് സാമൂഹികമാധ്യമങ്ങളില്‍ വിവാദത്തിന് തിരികൊളുത്തിയത്. കപില്‍ ശര്‍മയുടെ ചോദ്യം നിറത്തിന്റെ പേരില്‍ അപമാനിക്കുന്ന രീതിയിലുള്ളതാണെന്നാണ് സാമൂഹികമാധ്യമങ്ങളിലെ വിമര്‍ശനം. ഇപ്പോഴിതാ വിവാദത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കപിൽ ശർമ.
പുറത്തുവന്ന വീഡിയോയില്‍ എവിടെയാണ് താന്‍ ഒരു വ്യക്തിയുടെ ലുക്കിനെ സംബന്ധിച്ച് സംസാരിച്ചതെന്ന് വ്യക്തമാക്കാമോ എന്ന് സാമൂഹികമാധ്യമത്തിലൂടെ കപില്‍ ചോദിച്ചു. സാമൂഹികമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കരുതെന്നും അദ്ദേഹം കുറിച്ചു. കപിലിനെ വിമര്‍ശിച്ചുകൊണ്ടുള്ള എക്സിലെ ഒരു ട്വീറ്റ് റീപോസ്റ്റ് ചെയ്താണ് താരം മറുപടി നല്‍കിയത്.
സര്, എവിടെയാണ്,എപ്പോഴാണ് ഞാന്‍ ഒരാളുടെ രൂപത്തെ സംബന്ധിച്ച് വീഡിയോയില്‍ സംസാരിച്ചതെന്ന് ദയവായി വിശദീകരിക്കാമോ? സാമൂഹികമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കരുത്. നന്ദി.- കപില്‍ എക്സില്‍ കുറിച്ചു.
വീഡിയോ കണ്ട് സ്വയം തീരുമാനിക്കൂവെന്നും ആരുടെയെങ്കിലും ട്വീറ്റ് അന്ധമായി പിന്തുണക്കരുതെന്നും പറഞ്ഞാണ് കപില്‍ പോസ്റ്റ് അവസാനിപ്പിച്ചത്. ഇതാദ്യമായാണ് വിഷയത്തില്‍ കപില്‍ പ്രതികരണം നടത്തുന്നത്.
‘നിങ്ങള്‍ ഒരു താരത്തെ കാണാന്‍ പോയപ്പോള്‍ അവര്‍ക്ക് നിങ്ങളെ തിരിച്ചറിയാന്‍ കഴിയാതിരുന്ന സംഭവമുണ്ടായിട്ടുണ്ടോ, അറ്റ്ലീ എവിടെയെന്ന് അവര്‍ ചോദിച്ചിട്ടുണ്ടോ’ എന്നായിരുന്നു കപില്‍ ശര്‍മയുടെ വിവാദചോദ്യം. എന്നാല്‍, അറ്റ്ലീ ഇതിന് കൃത്യമായ മറുപടി നല്കി.
”സര്, താങ്കളുടെ ചോദ്യം ഒരുതരത്തില്‍ എനിക്ക് മനസിലായി. ഞാന്‍ ഉത്തരം പറയാന്‍ ശ്രമിക്കാം. എ.ആര്. മുരുഗദോസ് സാറിനോട് ഏറെ നന്ദിയുള്ളവനാണ് ഞാന്‍, കാരണം എന്റെ ആദ്യ ചിത്രം നിര്‍മിച്ചത് അദ്ദേഹമാണ്. അദ്ദേഹം എന്റെ സ്ക്രിപ്റ്റ് ചോദിച്ചപ്പോള്‍ എന്നെ കാണാന്‍ എങ്ങനെയുണ്ടെന്ന് അദ്ദേഹം നോക്കിയിട്ടില്ല. ഞാന്‍ കഴിവുള്ളവനാണോ അല്ലയോ എന്നതാണ് അദ്ദേഹം നോക്കിയത്. പക്ഷേ, അദ്ദേഹത്തിന് എന്റെ സ്ക്രിപ്റ്റ് ഇഷ്ടമായി. ലോകം അത് കാണണം. രൂപം കൊണ്ടല്ല, ഹൃദയം കൊണ്ടാണ് ഒരാളെ വിലയിരുത്തേണ്ടത്”, അറ്റ്ലീ പറഞ്ഞു.
സംവിധായകന് നല്കിയ മറുപടിക്ക് പിന്നാലെ സദസ്സില്‍നിന്ന് കരഘോഷം മുഴങ്ങി. സാമൂഹികമാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അവതാരകനായ കപില്‍ ശര്‍മയും അറ്റ്ലീയുടെ മറുപടിക്ക് കൈയടിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]