രാത്രി താരാട്ട്പാട്ടു പോലെ ചാഞ്ചാടിപ്പോകുന്ന തീവണ്ടി വേഗത കുറച്ചപ്പോഴാണ് ഞെട്ടിയുണര്‍ന്നത്. അപ്പോള്‍ മുകളിലെത്തെ ബര്‍ത്തില്‍ നിന്ന് ഒരു കിലുക്കം കേട്ടു, കൊലുസിന്റെ കിലുക്കം. അത് ഓര്‍മ്മകളെ തൊട്ടു, വണ്ടിയുടെ വേഗത കുറഞ്ഞിരിക്കുന്നു. പഠിക്കുന്ന കാലം മുതല്‍ ഇങ്ങോട്ട് ജീവിതത്തില്‍ അങ്ങളോമിങ്ങോളം കേട്ട കൊലുസിന്റെ കിലുക്കം ഇങ്ങനെ കടന്നുവന്നു.
പിന്ന കൂടുതല്‍ മണിയൊച്ചയോടെ ബര്‍ത്തിലേക്ക് തേടിയെത്തി. വണ്ടിയുടെ വേഗത പിന്നെയും കുറഞ്ഞു. അലസമനോജ്ഞമവള് വരുമ്പോള്‍ വെള്ളിക്കൊലുസ്സുകള്‍ പാടുകയായി എന്ന് യേശുദാസിന്റെ ശബ്ദത്തില്‍ കേട്ടപ്പോഴാണ് ഓര്‍മ്മയില്‍ വന്നിറങ്ങുന്ന കൊലുസുകള്‍ പാട്ടില്‍ തൊട്ടത്. ഒ.എന്‍വിയുടെ വരികള്‍. അവളുടെ പാദസരക്കിലുക്കത്തില്‍ പ്രണയവും പരിഭവവും പാട്ടുകളിലെ മിഴി നിറച്ചു. ചിലങ്കകള്‍ പാടുന്നു അരികിലാണോ എന്നും ഒ.എന്‍.വി എഴുതി. പാട്ട് ഓര്‍മ്മകളേ കൈവള ചാര്‍ത്തി വരൂ എന്നതായിരുന്നു.
ആയിരം പാദസരങ്ങള്‍ കിലുങ്ങി ആലുവാപ്പുഴ പിന്നെയുമൊഴുകി എന്ന് ഓടിയെത്തും ഓര്‍മകളെ ചേര്‍ത്തെഴുതിയത് വയലാറാണ്. എത്രയോ തവണ കിലുക്കത്താല്‍ സന്തോഷം കൊണ്ട ഹൃദയങ്ങള്‍. അതുകൊണ്ടാവണം ഒരു കുഞ്ഞു കാറ്റു തൊടുമ്പോള്‍ കുളിരുന്ന കായല്പെണ്ണിന്‍ കൊലുസിന്റെ കൊഞ്ചല് നെഞ്ചില്‍ ഉണരും രാത്രിയില്‍ (കന്മദം) എന്ന് ഗിരീഷ് പുത്തഞ്ചേരി എഴുതിയിട്ടുണ്ടാവുക. എന്റെ എല്ലാമെല്ലാമല്ലേ എന്റെ ചേലൊത്ത ചെമ്പരുന്തല്ലേ നിന്റെ കാലിലെ കാണാ പാദസരം ഞാനല്ലേ ഞാനല്ലേ എന്നും അത്രമേല്‍ സ്നേഹത്തോടെ അദ്ദേഹം എഴുതി. പാദസരം പോലെ തിളങ്ങുന്ന സ്നേഹങ്ങള്‍. കാട്ടാറിനെന്തിനു പാദസരം എന്‍ കണ്മണിക്കെന്തിനാഭരണം ശ്രീകുമാരന്‍ തമ്പി എഴുതുമ്പോള്‍ വരികളിലെ പ്രണയഭാവം നിറഞ്ഞ് നില്ക്കുന്നു.
പാദസരം തീര്‍ക്കും പൂഞ്ചോല നിന് മണിക്കുമ്പിളില്‍ മുത്തുകളായ് (പാഥേയം) കൈതപ്രം വാക്കുകളാല്‍ ഭംഗിതിര്ക്കുന്നു. തിളക്കം സിനിമയിലെത്തുമ്പോള്‍ അതേ കൈതപ്രം മഞ്ഞിന് പാദസരം നീ അണിയും ദളമര്മരമായ് ഞാന്‍ ചേരും (നീയൊരു പുഴയായ് തഴുകുമ്പോള്‍) എന്ന വരികളിലെ മഞ്ഞിനെ കൊലുസായി കാണുന്നു. അഴകിയ രാവണില്‍ അദ്ദേഹം കാണുന്നത് മറ്റൊരു രീതിയിലാണ് കാലി മേയുന്ന പുല്ലാനിക്കാട്ടില്‍ കണ്ണിമാങ്ങാ കടിച്ചു നടക്കാം കാറ്റിന് പാദസരങ്ങള്‍ കിലുക്കാം ഒന്നീ മഞ്ചാടി കുന്നിലേറാം (വെണ്ണിലാചന്ദനക്കിണ്ണം) കിലുക്കം കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ ഓമനപ്പൂവേ.. ഓമന കോമളത്താമരപൂവേ (ഒരു ഇന്ത്യന്‍ പ്രണയകഥ) എന്ന പാട്ടില്‍ വരുന്നു. പാദസര താളം കേള്ക്കെകാതിനിന്നോണമായി എന്ന റഫീക്ക് അഹമ്മദ് എഴുതുന്നു.
പൂഞ്ചോലക്കടവില്‍ നിന്റെ പാദസരം കുലുങ്ങിയല്ലോ (താമസമെന്തേ… വരുവാന്‍) ഭാസ്കരന് മാഷും താഴ്വരയാറ്റിന്‍ തീരെ ആടുവാന്‍ വന്ന കാറ്റേ കാലിലെ പാദസരം കാണാതെ വീണതെങ്ങോ (ചെമ്പരത്തിപ്പൂവേ ചൊല്ല് ദേവനെ നീ കണ്ടോ.) ഷിബു ചക്രവര്‍ത്തിയും പാട്ടുകളില്‍ കിലുക്കം തീര്‍ക്കുന്നു. കസവിന്റെ തട്ടമിട്ട് വെള്ളിയരഞ്ഞാണമിട്ട് പൊന്നിന്റെ കൊലുസ്സുമിട്ടൊരു മൊഞ്ചത്തി (കിളിച്ചുണ്ടന്‍ മാമ്പഴം). വരികളില്‍ ബിയാര്‍ പ്രസാദ് മധുരം തേക്കുന്നു. കൊലുസ്സ് തെന്നി തെന്നി വളകള്‍ കൊഞ്ചിക്കൊഞ്ചികഥകള് നെയ്തുവന്ന പൂങ്കാറ്റേ.. കസിന്‍സിലെ ഈ പാട്ട് നിറക്കൂട്ടുകളുമായി മനസ്സ് തൊട്ടുവരുന്നു. മുരുകന് കാട്ടാക്കടയുടേതാണ് എഴുത്ത്. അങ്ങനെ കിലുക്കത്തിന്റെ മാധുര്യം പാട്ടുകളുടെ അകമ്പടിയോടെ കൂടെ പോന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]