
‘തുപ്പാക്കി പുടീങ്കെ ശിവ’, ഗോട്ടിൽ അതിഥി വേഷത്തിലെത്തിയ ശിവ കാർത്തികേയനോട് വിജയുടെ കഥാപാത്രം പറഞ്ഞ ഈയൊരു ഡയലോഗ് തമിഴ് സിനിമാലോകത്തിൽ ഉണ്ടാക്കിയ ഓളം ശ്രദ്ധേയമാണ്. കുട്ടി ആരാധകർ മുതൽ സൂപ്പർസംവിധായകൻ ലോകേഷ് കനകരാജ് വരെ ഈ ഡയലോഗ് ഏറ്റെടുത്തു, ട്രോളുകൾ നിറഞ്ഞു. സിനിമയ്ക്ക് ബെെ പറഞ്ഞ് രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്ന വിജയ് തൻ്റെ സിംഹാസനം ശിവകാർത്തികേയന് വെച്ചുനീട്ടിയതാണെന്നുള്ള വ്യാഖ്യാനങ്ങളായിരുന്നു ഏറെയും. അങ്ങനെയെങ്കിൽ വിജയ് ഒഴിച്ചിട്ടിരിക്കുന്ന വിടവ് നികത്താൻ കെൽപ്പുള്ള താരമാണോ ശിവ?, അതെ എന്നു തന്നെയാണ് ഭൂരിഭാഗം തമിഴ് സിനിമാപ്രേമികളും പറയുന്നത്. അതിൻ്റെ സൂചനകൾ കണ്ടുതുടങ്ങുകയും ചെയ്യുന്നു. ശിവയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ‘അമരൻ‘ എന്ന ചിത്രത്തിൻ്റെ വൻവിജയം അതിന് അടിവരയിടുന്നുണ്ട്. ടെലിവിഷൻ അവതാരകനിൽനിന്നു കഠിനാധ്വാനത്തിലൂടെയും കൃത്യമായ പദ്ധതികളിലൂടെയും സൂപ്പർ താരപദവിയിലേയ്ക്കുള്ള ശിവകാർത്തികേയൻ്റെ ജെെത്രയാത്ര തുടങ്ങിക്കഴിഞ്ഞു. ഇനി തമിഴ്സിനിമാലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത് മറ്റൊരു ക്രൗഡ് പുള്ളറിൻ്റെ ഉദയത്തിനായിരിക്കും.
പരിഹാസം കേട്ട ‘രക്ഷകൻ’ റോളുകൾ, വിജയ് vs ശിവ
തമിഴ് സിനിമയെ സംബന്ധിച്ചിടത്തോളം ഒഴിച്ചുനിർത്താൻ സാധിക്കാത്തൊരു താരമാണ് വിജയ്. ചുരുങ്ങിയത് 400 കോടിയുടെ ബിസിനസാണ് സമീപകാലത്തിറങ്ങിയ ഓരോ വിജയ് സിനിമയെ ആശ്രയിച്ചു നടന്നത്. സമ്മിശ്ര പ്രതികരണങ്ങൾ മുതൽ പരാജയ ചിത്രങ്ങളിൽ പോലും നിർമാതാക്കൾ സേഫ് ആകുന്നു എന്നതുതന്നെയാണ് വിജയ് എന്ന സൂപ്പർതാരത്തെ വ്യത്യസ്തനാക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷത്തിനിടെ അതിഗംഭീരമെന്ന റിപ്പോർട്ട് എല്ലാത്തരം പ്രേക്ഷകരിൽ നിന്നും ലഭിച്ച ഒരു ചിത്രം വന്നിട്ടില്ല എന്നിരിക്കെപ്പോലും ബോക്സോഫീസ് ഭരിക്കുന്നത് വിജയ് ആണെന്നതാണ് മറ്റൊരു കൗതുകം. ഈയൊരു വളർച്ചയിലെത്താൻ കെൽപ്പുള്ള ഒരു താരത്തെയാണ് തമിഴ് സിനിമാലോകത്തിന് ഇന്ന് ആവശ്യം.
രാഷ്ട്രീയത്തിലേയ്ക്കുള്ള വിജയുടെ പ്രവേശനം ഒരു സുപ്രഭാതത്തിൽ സംഭവിച്ചതല്ല. വർഷങ്ങളായുള്ള പദ്ധതിയുടെ ഫലംതന്നെയാണ് ഇപ്പോൾ കാണുന്നത്. തുടക്കകാലത്ത് പഴികേട്ട നടനിൽ നിന്നും ഇളയദളപതിയിലേയ്ക്കും പിന്നെ ദളപതിയിലേയ്ക്കും ഇപ്പോൾ ജനങ്ങളെക്കൊണ്ട് തലെെവർ എന്ന വിളിപ്പിക്കുന്നതിലേയ്ക്കും വിജയ് എത്തിയതും യാദൃച്ഛികമല്ല. കാലങ്ങൾകൊണ്ട് വിജയ് പടുത്തുയർത്തിയതാണ് തൻ്റെ സാമ്രാജ്യം. ആരാധകരെ അണികളാക്കി മാറ്റിയ രാഷ്ട്രീയതന്ത്രം.
വിജയ് പാർട്ടി പ്രഖ്യാപനവേളയിൽ | Photo: PTI
എതിർചേരിയിലെ ആരാധകർ ‘രക്ഷകൻ’ റോളുകളെ പരിഹസിച്ചപ്പോഴും വിജയ് തൻ്റെ ട്രാക്ക് അധികമൊന്നും മാറ്റിയില്ല. രാഷ്ട്രീയ പ്രവേശനത്തിനൊപ്പം സിനിമയിലെ ഇടവേള കൂടി പ്രഖ്യാപിച്ചതോടെ വിജയുടെ ‘രക്ഷകൻ’ റോളുകളുടേയും സിനിമയിലെ പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻ്റുകളുടെയും പിന്നിലെ കൂർമബുദ്ധിയും വെളിവാകുന്നുണ്ട്.
സൂപ്പർതാരത്തിലേയ്ക്കുള്ള വിജയുടെ യാത്രയുടെ ഏറെക്കുറെ സമാനമായ പാതയിൽ തന്നെയാണ് ശിവ കാർത്തികേയൻ്റെയും വളർച്ച. തുടക്കം മുതൽ ‘നമ്മ വീട്ടുപ്പയ്യൻ’ ഇമേജ് സ്വന്തമാക്കിയ ശിവകാർത്തികേയൻ കുടുംബപ്രേക്ഷകരുടേയും കുട്ടികളുടേയും യൂത്തിൻ്റേയും ഇഷ്ടം ഒരുപോലെ നേടിയെടുത്തു. ‘അമരനി’ലൂടെ തൻ്റെ സ്ഥാനം ഊട്ടിയുറപ്പിക്കാൻ ശിവകാർത്തികേയന് സാധിക്കുന്നുണ്ട്.
തുടക്കസമയത്ത് അധികം പരീക്ഷണത്തിന് മുതിരാതെയുള്ള സിനിമ തിരഞ്ഞെടുപ്പായിരുന്നു ശിവകാർത്തികേയൻ്റേത്. സേഫ് സോണിൽ നിന്നുകൊണ്ട് സാധാരണക്കാർക്ക് ഇഷ്ടം തോന്നുന്ന ഒരുപിടി കഥാപാത്രങ്ങൾ താരം ധാരാളമായി ചെയ്തു. വിജയ്ക്ക് ‘തുപ്പാക്കി’ പോലെയാണ് ശിവയ്ക്ക് ‘അമരനെ’ന്ന് ആരാധകർ പറയുന്നതും വെറുതെയല്ല. ഒരു വിജയ് ചിത്രത്തിൽ അതിഥി വേഷത്തിലെത്തി കെെയടി നേടുക അത്ര എളുപ്പമല്ല, അതിലും ശിവ കാർത്തികേയൻ വിജയിച്ചു. കൂടെ വിജയുടെ വക കുറിക്ക് കൊള്ളുന്ന ഡയലോഗും. ഇതോടെ വലിയൊരു ശതമാനം വിജയ് ആരാധകരുടെ പിന്തുണയും ശിവകാർത്തികേയന് ലഭിച്ചുതുടങ്ങിയിട്ടുണ്ട്. തൻ്റെ പകരക്കാരനായി വിജയ് തന്നെ ശിവയെ അവതരിപ്പിച്ചുവെന്നാണ് ഇക്കൂട്ടരിലേറെയും വിശ്വസിക്കുന്നത്. വിജയെ പോലെ സ്റ്റേജിൽ കയറിനിന്ന് കെെയടി വാങ്ങാനുള്ള കഴിവ് തനിക്കുണ്ടെന്ന് ശിവ പലകുറി തെളിയിച്ചിട്ടുള്ളതുമാണ്. വിജയെ സ്വപ്നം കണ്ട് മുൻനിര തിരക്കഥാകൃത്തുക്കൾ എഴുത്തിത്തയ്യാറാക്കിയ പലതിരക്കഥകളും ഇനി ശിവയിലേയ്ക്ക് എത്തിയാലും അത്ഭുതപ്പെടാനില്ല.
വിജയും ശിവകാർത്തികേയനും | Photo: Instagram / sivakarthikeyan
‘അമരൻ’ ഓഡിയോ ലോഞ്ചിനിടെ ലോകേഷ് കനകരാജും ശിവകാർത്തികേയനും ഒന്നിച്ചുള്ള സിനിമയെക്കുറിച്ചുള്ള ചോദ്യങ്ങളോട് അനുകൂല പ്രതികരണമായിരുന്നു ലോകേഷിൻ്റേത്. ‘ശിവ തുപ്പാക്കി വാങ്ങിയല്ലോ, നോക്കാം’ എന്നായിരുന്നു ലോകേഷിൻ്റെ പ്രതികരണം. ലോകേഷ്-രജനി ചിത്രം ‘കൂലി’യിൽ ശിവകാർത്തികേയൻ്റെ സാന്നിധ്യം ഉണ്ടാകുമെന്നും അഭ്യൂഹങ്ങളുണ്ട്.
ചാനൽ അവതാരകനിൽനിന്നു ജനപ്രിയ താരത്തിലേയ്ക്കുള്ള യാത്ര
സ്റ്റേജ് ഷോകളിലൂടെ വളർന്നുവന്ന താരമാണ് ശിവകാർത്തികേയൻ. മിമിക്രിയും സ്റ്റാൻഡ് അപ്പ് കോമഡിയും തുടക്കത്തിൽ മുന്നോട്ടുള്ള ഊർജമായി മാറി. ടിവി ഷോകളിലും സ്ഥിരസാന്നിധ്യമായി മാറി ശിവ. പിന്നാലെ ഹ്രസ്വചിത്രങ്ങൾ തേടിയെത്തി. ആദ്യമായി മുഖം കാണിച്ച സിനിമകളിൽനിന്ന് നടൻ്റെ ഭാഗങ്ങൾ ഒഴിവാക്കപ്പെട്ടിട്ടുണ്ട് എന്നതും തുടക്കകാലത്തെ നിരാശയാണ്.
ചാനൽ അവതാരകനിൽനിന്നു നടനിലേയ്ക്കുള്ള ദൂരമാണ് ശിവകാർത്തികേയൻ്റെ കരിയറിലെ പ്രധാനഘട്ടം. സ്റ്റേജുകളിൽ മിമിക്രി കാണിച്ചും തമാശ പറഞ്ഞും നടന്നയാളുടെ വാക്കുകൾക്കായി ആരാധകരിപ്പോൾ കാതോർത്തിരിക്കുന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങളെത്തി.
പാണ്ഡിരാജ് ഒരുക്കിയ ‘മരീന’യിലെ വേഷത്തിലൂടെയാണ് ശിവയുടെ സിനിമാ കരിയറിന് തുടക്കമാകുന്നത്. ചിത്രത്തിൻ്റെ റിലീസിന് മുന്നെ ധനുഷ് ചിത്രത്തിലേയ്ക്കുള്ള വിളിയെത്തി. ശിവ കാർത്തികേയൻ്റെ കരിയറിൽ ധനുഷിനും വളരെയേറെ പ്രാധാന്യമുണ്ട്. 2011-ൽ ധനുഷ് നായകനായി പുറത്തിറങ്ങിയ ‘3’ എന്ന ചിത്രം ശിവയുടെ കരിയറിന് വളരെയേറെ ഗുണം ചെയ്തിട്ടുണ്ട്. ശിവയെ വെച്ച് ചിത്രങ്ങളൊരുക്കിക്കൊണ്ട് ധനുഷ് നടനെ ചേർത്തുപിടിച്ചു.എന്നാൽ പിൽക്കാലത്ത് ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങളും മാധ്യമശ്രദ്ധ നേടി.
ചെറിയ വേഷങ്ങളിലൂടെ തുടങ്ങിയ ശിവയുടെ വളർച്ച പെട്ടെന്നായിരുന്നു. തുടക്കകാലത്ത് ശിവ കാർത്തികേയൻ നായകനായെത്തിയ സിനിമകളെല്ലാം റൊമാൻസിൻ്റേയും ഹ്യൂമറിൻ്റെയും ഒക്കെ പശ്ചാത്തലത്തിലുള്ളതായിരുന്നു. കുടുംബ പ്രേക്ഷകരുടേയും കുട്ടികളുടേയും യൂത്തിന്റെയും ഒക്കെ പൾസ് അറിഞ്ഞുകൊണ്ടുള്ള ചിത്രങ്ങളായിരുന്നു ഏറെയും. ഹാസ്യതാരം സൂരിയും ഒത്തുള്ള കോംബിനേഷനും ഏറെ കെെയടി നേടി.
ശിവകാർത്തികേയൻ | Instagram/sivakarthikeyan
എതിർനീച്ചൽ, വരുത്തപ്പെടാത വാലിബർ സംഘം, മാൻ കരാട്ടെ, രജനിമുരുകൻ മുതലായ ചിത്രങ്ങളിലൂടെ ശിവ ഒട്ടേറെ ആരാധകരേയും സ്വന്തമാക്കി. ‘കാക്കി സേട്ടെെ’ പോലുള്ള ഉഗ്രൻ ത്രില്ലറുകളും ഇടയ്ക്കെത്തി. ശരാശരി നിലവാരം പുലർത്തുന്ന ചിത്രങ്ങളാണ് താരത്തിൻ്റെ കരിയറിൽ ഏറെയും സംഭവിച്ചത്. ചെറിയ ബജറ്റിലൊരുക്കുന്ന ചിത്രങ്ങളിലൂടെ വലിയ ലാഭം നേടാറുണ്ടെന്നതും നിർമാതാക്കളെ ആകർഷിച്ചു.
നെൽസൻ ഒരുക്കിയ ‘ഡോക്ടർ’ എന്ന ചിത്രത്തിലൂടെ ആക്ഷന്റെ മറ്റൊരു തലവും തനിക്ക് വഴങ്ങുമെന്ന് ശിവ കാണിച്ചുതന്നു. വിജയെപ്പോലെ ശിവയിലെ ഗായകനും ആരാധകരുണ്ടെന്നത് മറ്റൊരു പ്രത്യേകത.
ശിവകാർത്തികേയൻ്റെ ശരീരഭാഷയും കോമഡി ടെെമിങ്ങും ശെെലിയും ഒക്കെ താരത്തെ വ്യത്യസ്തനാക്കുന്നുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും ഒക്കെ ഓളമുണ്ടാക്കിയ ‘റെമോ’യും കരിയറിൽ ഗുണമായി. ഹീറോ, മാവീരൻ, അയലാൻ പോലുള്ള പരീക്ഷണ ചിത്രങ്ങൾ ഇന്ന് ഒരുക്കാനും ശിവയ്ക്കിപ്പോൾ സാധിക്കുന്നുണ്ട്.
2014-ൽ ‘മാൻ കരാട്ടെ’ എന്ന ചിത്രത്തിലൂടെയാണ് ശിവകാർത്തികേയൻ തൻ്റെ ബോക്സോഫീസ് സാധ്യതകൾ വിളിച്ചുപറയുന്നത്. ഏഴ് വർഷങ്ങൾക്കിപ്പുറം 2021-ൽ ഡോക്ടർ എന്ന ചിത്രത്തിലൂടെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബിലെത്തി. പക്ഷേ മൂന്ന് വർഷങ്ങൾക്കിപ്പുറം ‘അമരനി’ലൂടെ തൻ്റെ ആദ്യ 150 കോടി, 200 കോടി ക്ലബ്ബുകളിലേയ്ക്ക് ശിവ എത്തി.
തിരിച്ചടികളുടെ കാലം, തളരാതെ മുന്നോട്ട്
കരിയറിൽ ഏറെ തിരിച്ചടികളും നേരിട്ട താരമാണ് ശിവകാർത്തികേയൻ. പലപ്രാവശ്യം വിവിധ വേദികളിൽവെച്ച് താൻ നേരിട്ട തിരിച്ചടികളെക്കുറിച്ച് ശിവ പറഞ്ഞിട്ടുണ്ട്. താരത്തിൻ്റെ റെമോ, രജനിമുരുകൻ എന്നീ ചിത്രങ്ങളുടെ റിലീസുകൾ ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ നടന് പിന്തുണയുമായി സിമ്പു, വിശാൽ തുടങ്ങിയ താരങ്ങളും എത്തിയിട്ടുണ്ട്. 2023-ൽ ഡി ഇമ്മൻ- ശിവകാർത്തികേയൻ വിഷയവും ശ്രദ്ധേയമായിരുന്നു.
ശിവയോടൊപ്പം ഇനി ഒരുമിച്ച് പ്രവർത്തിക്കില്ലെന്നായിരുന്നു ഇമ്മൻ്റെ പ്രതികരണം. ധനുഷ്-ശിവ ആരാധകർ ഇരുവരുടേയും പേരിൽ പ്രശ്നങ്ങളുണ്ടാക്കുന്നതും പതിവാണ്. ശിവയെ കൊണ്ടുവന്നത് ധനുഷാണെന്നും വന്ന വഴി മറക്കരുതെന്നുമാണ് താരത്തിൻ്റെ ആരാധകർ പറയുന്നത്. എന്നാൽ ധനുഷിൻ്റെ റെക്കോഡുകൾ മറികടക്കുന്ന തലത്തിലേയ്ക്ക് ശിവ എത്തിയെന്നാണ് താരത്തിൻ്റെ ആരാധകരുടെ മറുപടി.
അജിത്തിനോടൊപ്പം ശിവകാർത്തികേയൻ
ഈയടുത്ത് അജിത്തുമായി നടത്തിയ കൂടിക്കാഴ്ചയക്കുറിച്ച് ശിവകാർത്തികേയൻ പറഞ്ഞ വാക്കുകൾ ആരാധകരാകെ ഏറ്റെടുത്ത ഒന്നായിരുന്നു. 2022-ൽ പുറത്തിറങ്ങിയ ‘പ്രിൻസ്’ എന്ന ചിത്രത്തെ മുൻനിർത്തിയായിരുന്നു പ്രസ്താവന. ആ ചിത്രത്തിന് നെഗറ്റീവ് റിവ്യൂകൾ വന്നപ്പോൾ താൻ നിരാശനായെന്ന് ശിവ ആരാധകരോട് പറഞ്ഞു. ആ സമയത്ത് തൻ്റെ സുഹൃത്ത് ഒരുക്കിയ ദീപാവലി പാർട്ടിക്കിടെ അജിത്ത് കുമാറിനെ കണ്ടുവെന്നും തൻ്റെ കരിയറിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചുവെന്നും ശിവ വെളിപ്പെടുത്തി. തന്നെ അദ്ദേഹം ‘ബിഗ് ലീഗി’ലേയ്ക്ക് സ്വാഗതം ചെയ്തുവെന്നാണ് ശിവ പറഞ്ഞത്. സിനിമയിലെ മുൻനിരയിലേയ്ക്കുള്ള ശിവയുടെ എൻട്രി അജിത്ത് കുമാർ ഉറപ്പിക്കുകയായിരുന്നുവെന്നാണ് ആരാധകർ ഇതിനോടായി പ്രതികരിച്ചത്.
മറ്റു നടന്മാരോട് ശിവയ്ക്കുള്ള പിണക്കങ്ങളും തമിഴ് ഇൻഡസ്ട്രിയിലെ സംസാരവിഷയമാണ്. വിജയക്കുതിപ്പിനിടെ തുടർപരാജയങ്ങളും താരത്തെ തേടിയെത്തി. പക്ഷേ, മികച്ച ചിത്രങ്ങളിലൂടെ എല്ലാ പ്രതിസന്ധികളും തകർത്തെറിഞ്ഞ് മുന്നോട്ട് കുതിക്കുകയാണ് താരം.
തല-ദളപതി-സൂര്യ, ഇനി ശിവയുടെ ഊഴം?
തമിഴ്നാട്ടിലെ ആരാധകർക്ക് സിനിമകളെന്നാൽ ആഘോഷമാണ്, സിനിമാതാരങ്ങൾ അവരുടെ സൂപ്പർഹീറോകളും. തങ്ങളുടെ ഇഷ്ടതാരങ്ങളുടെ ചിത്രത്തിൻ്റെ ആദ്യദിനം റെക്കോഡ് കളക്ഷനും ഫാൻ ഷോകളും ഒരുക്കാനുള്ള നെട്ടോട്ടത്തിലാണ് ആരാധകർ എപ്പോഴും. രജനി-കമൽ, വിജയ്-അജിത്ത് ആരാധകരുടെ വീറും വാശിയും നിറഞ്ഞ ഫാൻ ഫെെറ്റുകളാണ് കോളിവുഡ് സിനിമാലോകത്തിൻ്റെ ഹെെലെെറ്റ്. പിന്നാലെ സൂര്യ-വിക്രം-ധനുഷ് ആരാധകരുമുണ്ട്. ഇക്കൂട്ടത്തിലേയ്ക്ക് ലേറ്റസ്റ്റ് എൻട്രിയാകാൻ ഒരുങ്ങി നിൽക്കുകയാണ് ശിവ കാർത്തികേയൻ.
ഈ വർഷമാദ്യം തമിഴ് സിനിമകൾ കോളിവുഡ് ബോക്സോഫീസിൽ ചലനമുണ്ടാക്കാൻ പ്രയാസപ്പെട്ടു എന്നത് ശ്രദ്ധേയമാണ്. ചില സിനിമകൾ വിജയിച്ചപ്പോഴും തീയേറ്ററുകളിലേയ്ക്ക് തള്ളിക്കയറ്റമുണ്ടാക്കാൻ തമിഴ് സിനിമകൾക്ക് സാധിച്ചില്ല. അതിനിടെ മഞ്ഞുമ്മൽ ബോയ്സ്, കൽക്കി തുടങ്ങിയ അന്യഭാഷാ ചിത്രങ്ങൾ അവിടെ തിളങ്ങുകയും ചെയ്തു. ‘ഗോട്ട്’ എന്ന ചിത്രത്തിലൂടെ വിജയ് ആണ് വീണ്ടും തീയേറ്ററുകളിൽ തീ പടർത്തിയത്. ഭേദപ്പെട്ട റിപ്പോർട്ട് കിട്ടിയെങ്കിലും രജനിയുടെ ‘വേട്ടയൻ’ അധികം ഓളമുണ്ടാക്കിയല്ല. പക്ഷേ, ‘അമരനി’ലൂടെ ശിവ കാർത്തികേയൻ വീണ്ടും ബോക്സോഫീസിൽ തീ പടർത്തി. സൂര്യയുടെ ‘കങ്കുവ‘യ്ക്ക് ആരാധകരുടെ പ്രതീക്ഷ കാക്കാൻ സാധിച്ചില്ല. സൂപ്പർതാര ചിത്രങ്ങളിൽ ഈ വർഷം ഇനി വരാനുള്ളത് അജിത്തിൻ്റെ ‘വിടാമുയർച്ചി‘യാണ്.
ബോക്സോഫീസ് പവറിൻ്റെ കാര്യത്തിൽ ഏറെക്കാലം കോളിവുഡ് ഭരിച്ചത് രജനികാന്ത് തന്നെയായിരുന്നു. ഇപ്പോഴും മികച്ച അഭിപ്രായം വരുന്ന തലെെവർ ചിത്രങ്ങൾക്ക് തകർക്കാൻ പറ്റാത്ത റെക്കോഡുകളുമില്ല. പക്ഷേ കഴിഞ്ഞ കുറച്ചുകാലമായി സമ്മിശ്രപ്രതികരണങ്ങൾ ലഭിക്കുന്ന ചിത്രങ്ങൾക്ക് വേണ്ടത്ര പ്രേക്ഷക പിന്തുണ കിട്ടുന്നില്ലെന്നതും ശ്രദ്ധേയമാണ്. മറുവശത്ത് സമീപകാലത്ത് ബോക്സോഫീസിൽ ശോഭിക്കാൻ കഴിയാതിരുന്ന കമൽഹാസൻ, ലോകേഷ് ചിത്രം ‘വിക്ര’മിലൂടെ ഉയർത്തെഴുന്നേറ്റു. ഇനി വരാനുള്ളത് വമ്പൻ ചിത്രങ്ങളും.
രജനിയോടൊപ്പം ശിവകാർത്തികേയൻ
വിജയ്-അജിത്ത് ബോക്സോഫീസ് പോരാട്ടം തുടങ്ങിയിട്ട് നാളുകളേറെയായി. ഇടയ്ക്ക് സൂര്യയും ഇക്കൂട്ടത്തിൽ സ്ഥാനം പിടിച്ചു. ഏഴാം അറിവ്, അയൺ, ഗജിനി മുതലായ ചിത്രങ്ങളിലൂടെയെല്ലാം ബോക്സോഫീസിൽ തീപടർത്തിയ സൂര്യയ്ക്ക് പക്ഷേ, കഴിഞ്ഞ കുറച്ചുനാളുകളായി കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടില്ല. തിയേറ്ററുകളിൽ സൂര്യ നായകനായെത്തിയ ചിത്രം റിലീസ് ആയിട്ടുതന്നെ വർഷങ്ങളാകുന്നു. സിരുത്തെെ ശിവ ഒരുക്കുന്ന ‘കങ്കുവ’ എല്ലാം മാറ്റിമറിക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷയെങ്കിലും നിരാശയായിരുന്നു ഫലം.
മുൻപ് ബോക്സോഫീസിൽ മിനിമം ഗ്യാരൻ്റി ഉണ്ടായിരുന്ന താരങ്ങൾ തിരിച്ചുവരവിൻ്റെ പാതയിലാണ്. വിക്രം, ധനുഷ് മുതലായ താരങ്ങളുടെ ചിത്രങ്ങൾക്ക് പോസിറ്റീവ് റിവ്യൂകൾ വന്നുതുടങ്ങിയാൽ വമ്പൻ ഹിറ്റായി മാറാറുണ്ട്. വിശാൽ, ആര്യ, കാർത്തി, വിജയ് സേതുപതി, ജീവ, രാഘവ ലോറൻസ് മുതലായ താരങ്ങളുടെ കാര്യങ്ങളും ഇങ്ങനെതന്നെ. സമീപകാലത്ത് വിജയങ്ങളുണ്ടെങ്കിലും ബോക്സോഫീസിൽ ആരാധകരുടെ വക ആദ്യദിനങ്ങളിലെ വൻ വരവേൽപ്പും ഫാൻ ക്രേസുമൊന്നും മറ്റു താരങ്ങളെവെച്ച് നോക്കുമ്പോൾ മിക്കപ്പോഴും ഇവർക്ക് ലഭിക്കാറില്ല.
അജിത്ത് – വിജയ് ആരാധകരുടെ തമ്മിൽത്തല്ലിന് ഏറെക്കുറെ അവസാനമായിട്ടുണ്ട്. സിനിമാ കരിയറിൽ വിജയ് ഇടവേള എടുക്കുന്നതും സിനിമയെക്കാളുമേറെ തൻ്റെ റേസിങ് സ്വപ്നങ്ങൾക്ക് അജിത്ത് പ്രാധാന്യം നൽകുന്നതും തന്നെയാണ് ഇതിന് കാരണം. ബോക്സോഫീസിൽ വിജയ് ഒഴിച്ചിടുന്ന ക്രൌഡ് പുള്ളർ സ്ഥാനത്തിന് ഏറ്റവുമടുത്ത് നിൽക്കുന്നത് സൂര്യയാണെന്നതിൽ സംശയമില്ല. കങ്കുവയുടെ ആദ്യദിന കളക്ഷൻ അതിന് ഉറപ്പ് നൽകുന്നുമുണ്ട്. പക്ഷേ സൂര്യയ്ക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടോയെന്ന് കാത്തിരുന്ന് കാണണം. താരമെന്ന നിലയിലുപരി നടനായി തിളങ്ങാൻ ഇഷ്ടപ്പെടുന്ന അഭിനേതാവിനെയാണ് പലപ്പോഴും സൂര്യയിൽ കാണാനായിട്ടുള്ളത്.
കമൽഹാസനൊപ്പം ശിവകാർത്തികേയൻ | Instagram / sivakarthikeyan
മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറഞ്ഞ ‘അമരൻ’ നിർമിച്ചിരിക്കുന്നത് കമൽഹാസൻ ആണെന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്. വമ്പൻ ബജറ്റിൽ ശിവ കാർത്തികേയന് വെച്ച് ചിത്രമൊരുക്കാൻ നിർമാതാക്കൾ ഇപ്പോൾ തയാറാണ് എന്നുള്ളതും താരത്തിന് നേട്ടമാണ്. ശിവയുടെ ഇപ്പോഴത്തെ വളർച്ച തുടരുകയാണെങ്കിൽ ഭാവിയിൽ തമിഴ് ആരാധകർ ആരാധിക്കുന്ന താരത്തിലേയ്ക്ക് ശിവ എത്തിപ്പെടുക തന്നെ ചെയ്യും.
ആരാധകർ പറയുമ്പോലെ വിജയ് കെെമാറിയ തുപ്പാക്കി ശിവ പുടിച്ചിട്ടേൻ. ഇനി ഒരുപക്ഷേ അയാളുടെ കാലമാകും. തമിഴ് സിനിമാലോകത്തിൻ്റെ തലവര മാറ്റാൻ കെൽപ്പുള്ള താരമായി ശിവ കാർത്തികേയൻ വളരുമോ അതോ മറ്റൊരു താരം ആ സ്ഥാനത്തിൽ കണ്ണുവെച്ചിട്ടുണ്ടോ എന്ന് കാത്തിരുന്ന് കാണാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]