രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിച്ച സുനിൽ ഛേത്രിക്കു പകരക്കാരൻ ആരാകും എന്നൊരു ചോദ്യമായിരുന്നു ഇത്തവണ ഐഎസ്എൽ സീസണിന്റെ ടീസർ പരസ്യങ്ങളിലൊന്ന്. ആ ചോദ്യത്തിനു സീസൺ പാതിവഴിയെത്തുമ്പോൾ ബെംഗളൂരു ഒരു തിരുത്ത് നൽകിയിരിക്കുന്നു – സുനിൽ ഛേത്രിക്കു പകരം സുനിൽ ഛേത്രി മാത്രം. ക്യാപ്റ്റൻ, ലീഡർ, ലെജൻഡ് എന്ന 3 വാക്കുകളിൽ ഇന്ത്യൻ ഫുട്ബോളിൽ ചിരകാല വിലാസം കുറിച്ച ഛേത്രി ആ വിശേഷണങ്ങളിലേക്കു മജീഷ്യൻ എന്ന വാക്ക് കൂടി ചേർത്തുവച്ചിരിക്കുന്നു. അതിനുള്ള തെളിവായിരുന്നു, കഴിഞ്ഞ ശനിയാഴ്ച ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ബ്ലാസ്റ്റേഴ്സ് – ബെംഗളൂരു മത്സരം.
ഐഎസ്എലിൽ ഏതാനും മത്സരങ്ങളിലായി ഒട്ടേറെ തിരിച്ചടികൾ നേരിട്ടാണ് ബെംഗളൂരു എഫ്സി കേരള ബ്ലാസ്റ്റേഴ്സിനെതിരെ കളത്തിലെത്തിയത്. വിജയം കൂടിയേ തീരൂ എന്ന അവസ്ഥയിൽ ബ്ലാസ്റ്റേഴ്സ് ഒരുവശത്ത്. ഗോവയോടും ഒഡീഷയോടും വഴങ്ങിയ ഗോളുകൾ വെളിച്ചത്തുകൊണ്ടുവന്ന പ്രതിരോധനിരയിലെ പ്രശ്നങ്ങൾ മറുവശത്ത്.
നാട്ടിലേക്കു മടങ്ങിയ കോച്ച് ജെറാർദ് സരഗോസയുടെ അഭാവംകൂടി മറികടന്നു വേണമായിരുന്നു ബെംഗളൂരുവിനു കളിക്കിറങ്ങാൻ. തേരു തെളിക്കാൻ ഒരു തേരാളി അനിവാര്യമായ സമയത്ത്, കിക്കോഫിനും മുൻപേ ആ വെല്ലുവിളി സുനിൽ ഛേത്രി ഏറ്റെടുത്തു. മത്സരത്തലേന്നു മാധ്യമസമ്മേളനത്തിൽ അപ്രതീക്ഷിത അതിഥിയായെത്തിയതു ഛേത്രി. ഇനിയും എത്ര നാൾ എന്ന മുനയുള്ള ചോദ്യങ്ങൾ. ചെറുചിരിയോടെ ഛേത്രിയുടെ മറുപടി:
‘‘എനിക്ക് 41 വയസ്സ്. ഇത് എളുപ്പമാകില്ല. പക്ഷേ, ഞാൻ കളിക്കുന്നത് ആസ്വദിക്കുന്നു, പരിശീലനം ആസ്വദിക്കുന്നു. കളിയുടെ ഓരോ കണികയും ആസ്വദിക്കുന്നു. അതിനാൽ, എനിക്കാകുന്ന സമയം വരെ ഇവിടെ കാണും’’
ಶಂಕರಣ್ಣ 🤝 ಸುನಿಲ್ ಅಣ್ಣ 😍
ಸುನಿಲ್ ಛೇತ್ರಿ ನಮ್ಮ ಹುಡುಗ ನಮ್ಮ ಹೆಮ್ಮೆ. 🔥#WeAreBFC #Santhoshakke #BFCKBFC pic.twitter.com/YP0TVAjOPN
— Bengaluru FC (@bengalurufc) December 8, 2024
പക്ഷേ, യഥാർഥ മറുപടി ഛേത്രി കരുതിവച്ചതു പിറ്റേന്നു കളിക്കളത്തിലാണ്. എട്ടാം മിനിറ്റിൽ, ബെംഗളൂരുവിനെ മുന്നിലെത്തിച്ച ഹെഡർ ഗോൾ. റയാൻ വില്യംസിന്റെ ക്രോസിനു ബ്ലാസ്റ്റേഴ്സിലെ പൊക്കക്കാരെ മറികടന്ന് ഒരു 5 അടി 7 ഇഞ്ചുകാരൻ ഇത്രയും കരുത്തുറ്റ ഷോട്ടിനു തല വയ്ക്കണമെങ്കിൽ ആ താരം ഛേത്രി ആകണമെന്ന് ആരാധകർ ഉള്ളിൽ പറഞ്ഞ നിമിഷം.
ആക്രമിക്കുന്ന ബ്ലാസ്റ്റേഴ്സിനെ തടയാൻ മെല്ലെ മെല്ലെ നീങ്ങുന്ന പതിവു ശൈലി വിട്ടു ലോങ്ബോൾ ഗെയിം പയറ്റിയ ബെംഗളൂരു തന്ത്രത്തിനൊപ്പവും മുഴുനീളം ഓടിയെത്താൻ ആകുമെന്നും ഛേത്രി തെളിയിച്ച ഒന്നായിരുന്നു രണ്ടാം ഗോൾ. ഹോർഹെ പെരേരയുടെ അതിവേഗ നീക്കം സ്വീകരിച്ചാണു ഛേത്രി ആ ടാപ് ഇൻ ഗോളിലേക്ക് ഇരമ്പിക്കയറിയത്. തന്റെ ക്ലാസ് മങ്ങിയിട്ടില്ലെന്നു തെളിയിച്ച ഛേത്രിയുടെ മൂന്നാം ഗോൾ പുതുതലമുറക്കാർക്കൊരു പാഠമാണ്!
Chettri hattrick at the age of 40. what xtcy does to a mferpic.twitter.com/Ry9nL2wgoV
— anmol maini (@anmolm_) December 8, 2024
ബോക്സിന്റെ വലതു മൂലയിലിറങ്ങിയ ഫ്രീകിക്ക് ബോൾ ഛേത്രി വരുതിയിലാക്കിയതു നെഞ്ചുകൊണ്ട്. ഓടിയെത്തിയ ഹോർമിപാമിനെ ഒഴിവാക്കാൻ പിന്നെ ഇടംകാലിലൊരു തിരിക്കൽ. പിന്നാലെ പ്രബീറിന്റെ പ്രതിരോധവും പൊളിച്ചു വലംകാലുകൊണ്ട് ഒരു മിന്നൽ പ്രഹരം – പിൻഗാമിയാകാൻ കൊതിക്കുന്നവർ കണ്ടു പഠിക്കേണ്ട മനസ്സാന്നിധ്യവും പന്തടക്കവും ലക്ഷ്യബോധവും ആ ഗോളിലുണ്ടായിരുന്നു.
ആ ഗോളോടെ പുതിയൊരു റെക്കോർഡും ഛേത്രി സ്വന്തമാക്കി. ഐഎസ്എലിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരം. ആദ്യ ഇലവനിൽ 6 തവണ മാത്രം കളത്തിലെത്തിയ ഛേത്രി, 8 ഗോളുമായി ലീഗിലെ ഗോൾ വേട്ടയിൽ രണ്ടാം സ്ഥാനത്തുമുണ്ട്. ഈ പട്ടികയിൽ ഛേത്രി അല്ലാതൊരു ഇന്ത്യൻ താരത്തെ കണ്ടുപിടിക്കാമോ? ബുദ്ധിമുട്ടാണ്; കാരണം, ആദ്യ 18 പേരുടെ പട്ടികയിൽ ഇന്ത്യക്കാരനായി സുനിൽ ഛേത്രി മാത്രമേയുള്ളൂ!
English Summary:
Sunil Chhetri creates new record in ISL: Sunil Chhetri is the oldest player to score hat-trick in ISL
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]