
വാഷിങ്ടൺ ഡിസി: അമേരിക്കയിലേക്ക് സ്റ്റഡി വിസകൾ അനുവദിക്കപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം എഫ്-1 വിസകൾ ലഭിച്ച ഇന്ത്യക്കാരുടെ എണ്ണത്തിൽ 38 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലുള്ള കണക്കുകളുമായുള്ള താരതമ്യത്തിലാണ് ഈ കുറവ്.
അമേരിക്കയിലെ ബ്യൂറോ ഓഫ് കോൺസുലാർ അഫയേഴ്സ് പുറത്തുവിട്ട പ്രതിമാസ കണക്കുകൾ പ്രകാരം ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആകെ 64,008 എഫ്-1 വിസകളാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇഷ്യൂ ചെയ്തിരുന്ന എഫ്-1 വിസകളുടെ എണ്ണം 1,03,495 ആയിരുന്നു.
കൊവിഡ് കാലത്തെ യാത്ര പ്രതിസന്ധികൾക്ക് ശേഷം എഫ്-1 വിസകളുടെ എണ്ണം ഇത്രയും കുറയുന്നത് ഇതാദ്യമായാണ്. 2020ൽ ആകെ സമർപ്പിക്കപ്പെട്ട അപേക്ഷകളിൽ 6,646 എണ്ണം മാത്രമാണ് പരിഗണിക്കപ്പെട്ടത്. കൊവിഡിന് ശേഷം 2021ൽ ജനുവരി മുതൽ സെപ്റ്റംബർ വരെ 65,235 എഫ്-1 വിസകളും 2022ൽ ഇതേ കാലയളവിൽ 93,181 വിസകളും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അനുവദിക്കപ്പെട്ടു.
അതേസമയം ഇത്രവലിയ ഇടിവില്ലെങ്കിലും മറ്റ് ചില രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് അനുവദിക്കപ്പെടുന്ന എഫ്-1 വിസകളുടെ എണ്ണത്തിലും ചെറിയ കുറവുകളുണ്ടായിട്ടുണ്ട്. അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിദേശ വിദ്യാർത്ഥി സമൂഹമായ ചൈനക്കാരുടെ എണ്ണത്തിൽ എട്ട് ശതമാനം കുറവ് ഈ വർഷം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം 73,781 എഫ്-1 വിസകൾ ഇതുവരെ ചൈനീസ് വിദ്യാർത്ഥികൾക്ക് ഇഷ്യൂ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത് 80,603 ആയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]