ദമാസ്കസ് : 54 വര്‍ഷത്തെ കുടുംബ വാഴ്ച്ചക്ക് തിരശ്സീല വീണ് സിറിയ ലോക വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. ഈ അവസരത്തില്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള പ്രത്യേക ജയിലുകളിൽ അടച്ചിരുന്ന ലക്ഷക്കണക്കിന് പേരുടെ സഹനങ്ങളെ ഓര്‍ക്കാതെ വയ്യ. 27 ജയിലുകളിലായി വെളിച്ചം പോലും കാണാതെയാണ് മനുഷ്യര്‍ ജീവിച്ചിരുന്നത്. അതിൽ തന്നെ എറ്റവും കുപ്രസിദ്ധമായ തടവറയായിരുന്നു സെദ്നായ.
‘മനുഷ്യ അറവുശാലകള്‍’ എന്നാണ് സിറിയൻ മനുഷ്യാവകാശ സംഘടനകൾ സെദ്നായയെ വിശേഷിപ്പിക്കുന്നത്. അസ്സദ്ദിനെതിരെ ശബ്ദമുയർത്തിയ മനുഷ്യരെയും അവരുടെ അവകാശങ്ങളെയും പുറം ലോകം കാണിക്കാതെയാണ് പൂട്ടിയിട്ടിരുന്നത്. ഭൂമിക്കടിയിലേക്ക് തട്ട് തട്ടായി പണിത ഈ തടവറകളില്‍ മൃഗങ്ങളെക്കാൾ മോശം അവസ്ഥയിലാണ് മനുഷ്യരെ അടച്ചുപൂട്ടി വച്ചിരുന്നത്. ചെറിയ കുട്ടികൾ മുതൽ വർഷങ്ങളായി പുറം ലോകം കാണാത്തവർ വരെയുണ്ടായിരുന്നു തടവറകളിൽ. അസ്സദ് വീണുവെന്ന് വിളിച്ചുകൂവുന്നയാളുടെ വാക്കുകളെ വിശ്വസിക്കാതെ നില്ക്കുന്ന അഞ്ച് വയസിൽ താഴെ മാത്രം പ്രായമുള്ളൊരു കുട്ടിയും അമ്മയുടെയും ദൃശ്യമാണ് ആദ്യം സോഷ്യല്‍ മീഡിയയിലടക്കം പ്രചരിച്ചത്.
ദമാസ്കസിൽ നിന്ന് മുപ്പത് കിലോമീറ്റർ അകലെ റിഫ് ദിമാഷ്ഖ് പ്രവിശ്യയിലാണ് സെദ്നായ ജയിൽ. 2011ൽ ആഭ്യന്തരയുദ്ധം തുടങ്ങിയത് മുതൽ ആയിരക്കണക്കിന് മനുഷ്യരെ സെദ്നായ അടക്കം ക്യാന്പുകളിൽ വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നത്. മിനുട്ടുകൾ മാത്രം നീണ്ടുനിൽക്കുന്ന വിചാരണക്ക് ശേഷം ജയിലിലേക്കോ വധശിക്ഷക്കോ മനുഷ്യരെ അയ്ക്കുന്നതായിരുന്നു ഇവിടത്തെ പതിവ്. ജയിലിലടക്കപ്പെട്ടവരിൽ മുപ്പതിനായിരത്തിലധികം പേർ ക്രൂരപീഢനമേറ്റും പട്ടിണികിടന്നും മരിച്ചുവെന്നാണ് സന്നദ്ധ സംഘടനകളുടെ കണക്ക്. വർഷങ്ങളായി വെളിച്ചം കാണാതെ ജയിലിൽ കിടന്നവരില്‍ പലര്‍ക്കും സ്വന്തം പേര് പോലും ഓർത്തടുക്കാനാകുന്നില്ല.
സെദ്നായയിൽ നിന്ന് തടവുപുള്ളികളെ മോചിപ്പിക്കുന്നുവെന്ന് അറിഞ്ഞതിന് പിന്നാലെ ജയിലിലേക്ക് ജനം ഒഴുകിയെത്തുകയാണ്. വർഷങ്ങൾക്ക് മുന്‍പ് ഭരണകൂടം കാണാതാക്കിയ ഉറ്റവരെ തേടി സെദ്നായയിലെ രഹസ്യ അറകൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. ജയിൽ അധികൃതർ ഉപേക്ഷിച്ച് പോയ പ്ലാനുകൾ വച്ചാണ് തെരച്ചിൽ. താഴെ ഇനിയും മനുഷ്യരുണ്ടെന്ന് തന്നെ രക്ഷാപ്രവർത്തകർ വിശ്വസിക്കുന്നു. പല രേഖകളും നശിപ്പിച്ചാണ് ജയിലിൽ നിന്ന് സൈനിക പോലീസ് പിൻവാങ്ങിയത്. ചുവന്ന തൂക്കുകയറുകളുടെ ഒരു കൂനയുടെ ദൃശ്യം സെദ്നനായയിലേത് എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ഇന്നലെ രാത്രി മുതൽ പ്രചരിക്കുന്നുണ്ട്. മനുഷ്യ അറവുശാലയിലെ ഭീകരതകളുടെ കഥകൾ ഇനിയും പുറത്തുവരാനുണ്ട്. നരകത്തിൽ നിന്ന് ജീവനോടെ രക്ഷപ്പെട്ടവരുടെ വാക്കുകൾക്കായി ലോകം കാതോർത്തിരിക്കുകയാണ്.
വിമതർ ഭരണം പിടിച്ചതിന് പിന്നാലെ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ സിറിയയിലെ നൂറോളം കേന്ദ്രങ്ങളിൽ ആക്രമണം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]