
നടന് ജയറാം ഡിസംബര്‍ 10-ന് 60 വയസ്സിലേക്ക് കടക്കുന്നു. ജയറാമിനെയും കുടുംബത്തെയും ചെന്നൈയിലെ വീട്ടില്ച്ചെന്നുകണ്ട് 1999 ഓഗസ്റ്റിലെ ചിത്രഭൂമി ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ഫീച്ചറിന്റെ പുനഃപ്രസിദ്ധീകരണം
ചെന്നൈ വത്സരവാക്കം ജാനകീ നഗര്‍ ലക്ഷ്മിശ്രീ സ്ട്രീറ്റില്‍ ജൂലായ് അവസാനം പുതിയൊരു താമസക്കാരനെത്തി. പച്ച പുല്‍ത്തകിടി മുറ്റം നിറഞ്ഞ മനോഹരമായ ഭവനത്തിന്റെ പച്ച ഗേറ്റ് കടന്ന് ഗ്രാനൈറ്റ് പാകിയ നടപ്പാതയിലൂടെ നടന്ന് പോര്ച്ചിലിട്ടിരിക്കുന്ന രണ്ടോ മൂന്നോ വാഹനങ്ങളെ ദര്‍ശിച്ച് വീട്ടിലേക്ക് കയറാം. ഈ പുതിയ ഭവനത്തിലെ താമസക്കാരന് മലയാളികള്‍ക്കും തമിഴര്‍ക്കും സുപരിചിതനായ ഒരാളാണ്. അദ്ദേഹം തന്റെ സ്വപ്നത്തിലെ ഭവനം സാക്ഷാത്കരിച്ചതിന്റെ സംതൃപ്തിയില്‍ നമുക്ക് മുന്നിലിരിക്കുന്നു. ആ പ്രിയപ്പെട്ട കണ്ണിറുക്കലും ചിരിയുമായി ജയറാം. ‘ഇതു ഞങ്ങളുടെ സ്വപ്നത്തിലെ വീടാണ്. ഇതിങ്ങനെതന്നെ വേണമെന്നതിനാല്‍ സമയമെടുത്ത് ചെയ്തത്’.
അധികമാരും അറിയാതെയാണ് ജയറാം ‘അശ്വതി’ എന്ന് പേരിട്ട ഈ പുതിയ വീട്ടിലേക്ക് താമസം മാറ്റിയത്. വീട്പാര്ക്കലിന് പുറത്തുനിന്ന് ആരെയും വിളിച്ചിരുന്നില്ല. കേട്ടറിഞ്ഞെത്തുന്നവര്‍ വീട് കണ്ട് കൗതുകം കൂറും.
‘ജയറാമിന്റെ വീട് ജയറാമിനെപ്പോലെത്തന്നെ, സുന്ദരം, വെളുത്ത് ക്ളീന്‍’- നേരത്തെ മമ്മൂട്ടിയെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞിരുന്നു. ‘വീടിന്റെ ചില പേപ്പേഴ്സ് തയ്യാറാക്കുന്നുണ്ട്. അതുകൊണ്ട് ഫോട്ടോയെടുക്കുന്നത് പിന്നീട് മതി. വിശദമായി അന്നാവാം’, ക്ഷമാപണത്തോടെ ജയറാം. ‘പത്രത്തിലൊക്കെ ചിത്രം വന്ന് പ്രശ്നമാവണ്ട. മുമ്പ് ഫാസിലിന് പറ്റിയപോലെ. ഒരു പ്രസിദ്ധീകരണക്കാര് വന്നിരുന്നു. അവരോടും ഇതാണ് പറഞ്ഞത്’.
ചായ മൊത്തിക്കുടിച്ച്, സ്വപ്നലോകത്തിലൂടെ എന്നപോലെ വീട് നടന്നുകണ്ടു. പുറത്തുപോയിരുന്ന പാര്‍വതിയും മകള്‍ ചക്കിയുമെത്തി. പുതിയ വീട്ടിലെ ആദ്യത്തെ ഓണത്തിന് ഈ സന്തുഷ്ടകുടുംബം ഒരുങ്ങുകയാണ്. അടുക്കള ജനലിലൂടെ നോക്കിയപ്പോള്‍ തൊട്ടയല്പക്കത്ത് മറ്റൊരു വീടൊരുങ്ങുന്നു. പത്മരാജന് കൊണ്ടുവന്ന മറ്റൊരു നടന്റേത്. റഹ്മാന്റെ വീടാണ് സുഹൃത്ത് ജയറാമിന്റെ വീടിനടുത്ത് ഉയരുന്നത്. ‘വീട് പണിയുന്നതൊക്കെ കൊള്ളാം . പക്ഷേ, വാങ്ക് വിളിക്കുമ്പോ മൈക്ക് ഇങ്ങോട്ട് തിരിച്ചുവെക്കരുതെന്ന് ഞാന്‍ റഹ്മാനോട് പറഞ്ഞിട്ടുണ്ട്’, ജയറാം. ‘അതിന് വീട്ടില്‍ മൈക്ക് വെച്ച് ബാങ്ക് വിളിക്കാറില്ലല്ലോ ആരും’, ഞങ്ങള്‍ പറഞ്ഞപ്പോള്‍ ജയറാം കണ്ണിറുക്കി.
തനിക്ക് കിട്ടിയ ബഹുമതികള്‍കൊണ്ട് അലങ്കരിച്ച മുറിയില്‍ സംഭാഷണത്തിനായി ജയറാം ഇരുന്നു. ഷോകേസില്‍ പ്രാധാന്യത്തോടെ പത്മരാജന്റെ ചിത്രം. വിഷുചിത്രങ്ങളുടെ വിജയം ഓണത്തിനും ആവര്ത്തിക്കാനിരിക്കയാണല്ലോയെന്ന് പറയുമ്പോള്‍ മീശയില്‍ തടവി ജയറാം ചിരിക്കുന്നു, ഞാനെന്തു പറയാനാ എന്ന മട്ട്. ഓണത്തിന് ‘പട്ടാഭിഷേക’മെത്തുന്നു. ‘സമ്മര്‍ ഇന്‍ ബത്ലഹേമി’നുശേഷം സുരേഷ് ഗോപിയോടൊപ്പം ജയരാജ് ചിത്രത്തില്‍ ജയറാം അഭിനയിക്കുന്നു. സ്ഥിരം വേഷവും ശൈലിയുമായിട്ടും ജയറാമിന്റെ ചിത്രങ്ങള്‍ പ്രേക്ഷകര്‍ ബോറടിക്കാതെ കാണുന്നു.
‘ഹ്യൂമര്‍ ടച്ചുള്ള ഫാമിലി ചിത്രങ്ങള്‍ക്ക് പ്രേക്ഷകരുണ്ടാവും. സാധാരണക്കാരന്റെ സ്വഭാവമുള്ള വേഷങ്ങളേ ഞാന്‍ തിരഞ്ഞെടുക്കാറുള്ളൂ.’
1999 ഓഗസ്റ്റില്‍ ചിത്രഭൂമിയില്‍ പ്രസിദ്ധീകരിച്ച ഫീച്ചര്‍
സ്നേഹ’ത്തിലേതുപോലെ വ്യത്യസ്ത വേഷം ചെയ്യണമെന്നില്ലേ?
• സ്നേഹം വിജയിച്ചിരുന്നെങ്കില്‍ അത്തരത്തിലുള്ള വേഷങ്ങള്‍ ഇനിയും വന്നേനെ. പടം ഓടിയില്ലെങ്കില്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും?
അതൊരു പരിമിതിയായി കരുതുന്നുണ്ടോ?
•ഇപ്പോള്‍ ചെയ്യുന്ന റോളുകള്‍ ശരിയാണെന്നാണ് എനിക്ക് തോന്നുന്നത്. അല്ലാതെ എനിക്ക് ഇഷ്ടം ഇന്ന റോളുകള്‍ ചെയ്യുന്നതാണ്, അലക്സാണ്ടറാവണം എന്നൊക്കെ പറഞ്ഞിട്ട് കാര്യമില്ല. ഞാനത് ചെയ്താല്‍ നന്നാവുകയുമില്ല. ഒരു ചെയ്ഞ്ചിനുവേണ്ടി ആക്ഷന്‍ പടം ചെയ്തുകൂടേ എന്ന് ചോദിച്ചാല്‍… ഞാനത് ചെയ്യുന്നത് മണ്ടത്തരമായിരിക്കും. കണ്ണാടിയും തൊപ്പിയും വെച്ച് സ്റ്റെന്ഗണ്ണുമായി ഞാന്‍ വന്നാല്‍ അസ്സലാവും. ഇങ്ങനെയൊരു സ്വയം വിലയിരുത്തല്‍ ഉള്ളത് നല്ലതല്ലേ. പിന്നെ, ഒരേ ടൈപ്പ് വേഷങ്ങളെന്നു പറഞ്ഞാല്‍… ഇപ്പോ ശ്രീനിയേട്ടന് (ശ്രീനിവാസന്) ഒരേതരം വേഷങ്ങളല്ലേ ചെയ്യുന്നത്. എന്നിട്ടത് ജനങ്ങള്ക്കിഷ്ടമാവുന്നുണ്ടല്ലോ.
മറ്റു പ്രധാന നടന്മാരോടൊപ്പം അഭിനയിക്കുന്ന ജയറാമിന്റെ വേഷങ്ങള്‍ നന്നാവുന്നുണ്ടല്ലോ. പൈതൃകം, അദ്വൈതം, ധ്രുവം പോലുള്ളവ. ഒരു മത്സരബുദ്ധി വരുന്നതുകൊണ്ടാണോ അത്?
( ‘അങ്ങനെയൊന്നുമില്ല’ എന്നാവാം, ജയറാം വീണ്ടും ചിരിക്കുന്നു.)
• ‘സമ്മര്‍ ഇന്‍ ബത്ലഹേമി’ല്‍ സുരേഷ് ഗോപി അവതരിപ്പിച്ച കഥാപാത്രത്തെ എനിക്ക് തരാമെന്ന് പറഞ്ഞതാണ്. ഞാന്‍ പറഞ്ഞു വേണ്ടെന്ന്. എന്റെ സ്വഭാവത്തിനു യോജിക്കുന്ന മറ്റേ വേഷം മതിയെന്ന് ഞാന്‍ പറഞ്ഞു.
രണ്ട് പുതിയ നായികമാരുടെയും നായകനാണല്ലോ…
(വീണ്ടും കണ്ണുകള്‍ ഇറുക്കി ആ ചിരി വിടര്‍ന്നു പരിലസിക്കുന്നു)
• സംയുക്തയും അഭിരാമിയും മലയാളത്തിന് കിട്ടിയ നല്ല ആര്‍ട്ടിസ്റ്റുകളാണ്. രണ്ടു പേരും രണ്ടുതരത്തില്‍ മികച്ചവരാണ് . അഭിരാമിക്ക് ക്യാരക്ടര്‍ പറഞ്ഞുകൊടുത്താല്‍ പെട്ടെന്ന് ക്യാച്ച് ചെയ്യാന്‍ കഴിഞ്ഞിരുന്നു. റീടേക്ക് ആവശ്യമായേയില്ല. കുറച്ചൊരു പരിചയവുമുണ്ടായിരുന്നല്ലോ. സംയുക്തയുടെ വേഷവും അവര്‍ക്ക് യോജിച്ചതായിരുന്നു.
മലയാളത്തില്‍ നായികമാരെ കിട്ടാന്‍ ബുദ്ധിമുട്ടാണല്ലോ?
തപ്പി കണ്ടുപിടിക്കാത്തതു തന്നെയാവും കാരണം. ഇപ്പോ, വീണ്ടും ചില വീട്ടുകാര്യങ്ങളില്‍ മഞ്ജുവാര്യരെയായിരുന്നു ഉദ്ദേശിച്ചിരുന്നത്. മഞ്ജു പിന്‍വാങ്ങിയപ്പോ ഫീല്‍ഡിലുള്ള മറ്റാരെയെങ്കിലും വെച്ച് ചെയ്താ മതിയായിരുന്നു. പക്ഷേ, അതുപോര, പുതിയ ഒരാളു വേണമെന്ന് പറഞ്ഞ് 2 മാസത്തോളം കഷ്ടപ്പെട്ടിട്ടല്ലേ സംയുക്തയെ കിട്ടിയത്. പിന്നെ, സിനിമാരംഗത്തെക്കുറിച്ച് ആളുകള്‍ക്കൊരു ധാരണയുണ്ട്. ഇതെന്തോ മോശം ഫീല്‍ഡാണെന്ന്. മറ്റേതൊരു രംഗത്തേക്കാളും മെച്ചമാണ് സിനിമ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇടയ്ക്ക് പാര്‍വതിയോടൊപ്പം ചക്കി മുറിയിലേക്ക് വരുന്നു. ‘അവള്‍ക്ക് അപ്പായോടൊപ്പമിരിക്കണമെന്ന്.’ മുറിയില്‍ നോക്കിയ ചക്കി ഇരിക്കാന്‍ സ്ഥലമില്ലെന്നോ മറ്റോ കൊഞ്ചി പിന്തിരിയുന്നു. ‘മൂന്നു മാസമായി ഞാന്‍ വീട്ടിലിരുന്നിട്ട്. ഇനിയൊന്ന് കുറച്ച് സെലക്ടീവാവണം’ – ജയറാം.
രാജസേനനോടൊപ്പമുള്ള ‘ഞങ്ങള്‍ സന്തുഷ്ടരാണ്’ ഭേദപ്പെട്ട രീതിയില്‍ കേരളത്തിലോടുന്നു. രാജസേനനെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ ജയറാം – ‘ഇത്രയും ഹാര്ഡ്വര്ക്കിങ്ങായ സംവിധായകനെ ഞാനധികം കണ്ടിട്ടില്ല. പ്രൊഡ്യൂസര്‍ക്കുവേണ്ടി പടം ചെയ്യുന്ന സംവിധായകനാണദ്ദേഹം. എന്തിലൊക്കെ ചെലവ് കുറയ്ക്കാമെന്ന് ശ്രദ്ധിച്ച് വളരെ പ്ലാന്‍ഡ് ആയി ചിത്രം ചെയ്യുന്നു. ഇതാ അടുത്ത പടത്തിന്റെ ഡിസ്കഷന് തുടങ്ങിക്കഴിഞ്ഞു. പലരുടേയും ഐഡിയകള്‍ കേട്ട് രണ്ടുമാസംകൊണ്ട് സ്ക്രിപ്റ്റ് തയ്യാറാക്കി, നിര്‍മാതാവിനേയും വിതരണക്കാരനേയും മറ്റുപലരേയും വായിച്ചു കേള്‍പ്പിച്ച് കട്ട് ഷോര്‍ട്ട് ചെയ്ത് സിനിമയെടുക്കാന്‍ തയ്യാറാവുന്നു. ഷൂട്ടിങ്ങിന് കൃത്യമായ ചാര്‍ട്ട് തയ്യാറാക്കും. ഉച്ചയ്ക്ക് ഊണു കൊടുക്കേണ്ടത് എന്നുവരെ ചാര്ട്ടിലുണ്ടാവും.
ഇതേരീതി മറ്റു സിനിമാപ്രവര്‍ത്തകരും കൈക്കൊണ്ടാല്‍ ഇന്നു പറയുന്ന പ്രതിസന്ധി പരിഹരിക്കാമല്ലോ?
• അതെ. കോസ്റ്റ് കുറയ്ക്കാന്‍ ശ്രമമുണ്ടാവണം. പ്രതിസന്ധിക്ക് ചിലര്‍ ഞങ്ങളുടെ മേല്‍ പഴിചാരും. നിങ്ങള്‍ കാശു കൂടുതല്‍ വാങ്ങുന്നെന്ന്. ഇതു പറയുന്നതല്ലാതെ മൊത്തം പ്രതിഫലം എത്ര നിര്‍മാതാക്കള്‍ തരുന്നുണ്ട്?
പറയുന്ന കാശ് മുഴുവന്‍ കിട്ടുന്നില്ലെന്നാണോ?
• അങ്ങനെയല്ല, ഞങ്ങള്‍ അത്രയ്ക്കങ്ങ് കാശു കൂട്ടിയിട്ടല്ല പ്രശ്നം. ചെലവ് കുറയ്ക്കാന്‍ എന്തെല്ലാം മാര്‍ഗങ്ങളുണ്ട്. പിന്നെ മാര്‍ക്കറ്റില്‍ ഒരു സാധനത്തിന് വില കൂടിയാല്‍ സിനിമയെ ബാധിക്കും. ഞങ്ങളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പന്തയത്തിന് ഓടുന്ന കുതിരയുടെ മേല്‍ ആളുകള്‍ കാശുകെട്ടും. ഓടാത്തതിനെ വെടിവെച്ചു കൊല്ലുകയേ ഉള്ളൂ.
‘കുഞ്ചന്‍ നമ്പ്യാര്‍’ എന്തായി?
•അടുത്ത വര്‍ഷം ജയരാജ് ചെയ്യുന്നുണ്ട്. ഭരതേട്ടന്റെ ഒരു പ്രോജക്ടായിരുന്നു അത്. ചിത്രീകരണത്തിന് കുറച്ചു നാള് മുമ്പ് പട്ടിണി കിടന്ന് എല്ലും തോലുമാവണമെന്ന് പറഞ്ഞിരുന്നു. അതിന് തയ്യാറായിരുന്നു. പക്ഷേ, അതിനു മുമ്പ് ഭരതേട്ടന് മരിച്ചു. ഇനി ജയരാജ് ഏതുവിധത്തിലാണ് അത് ചെയ്യുന്നതെന്നറിയില്ല.
നടനെ കണ്ടുകൊണ്ട് സ്ക്രിപ്റ്റ് എഴുതുന്ന പ്രവണതയെക്കുറിച്ച്?
•അതു നല്ലകാര്യമല്ലേ? ഇപ്പോ, മോഹന്‍ലാലിന്റെ മാനറിസങ്ങള്‍ മുന്നില്‍ കണ്ട് എഴുതിയാല്‍ വിജയംതന്നെയായിരിക്കും.
പക്ഷേ, അത് സിനിമയുടെ നിലവാരത്തെ ബാധിക്കില്ലേ?
•ഇനി ഈ പ്രവണത മാറ്റിയെടുക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. സ്ക്രിപ്റ്റ് എഴുതി അതിനു യോജിച്ച ആളെ കണ്ടെത്തി ചെയ്യലൊക്കെ ഇനി ബുദ്ധിമുട്ടായിരിക്കും. എല്ലാവരേയും ഒരുമിച്ച് കിട്ടിയെന്നുവരില്ല. പല ഡേറ്റുകളും ക്ലാഷാവാം.
സിനിമയുടെ മറ്റു മേഖലകളിലേക്ക് കടക്കാനുദ്ദേശ്യമില്ലേ?
•അയ്യോ, നമുക്കിങ്ങനെ മതിയേ. എനിക്കും എന്റെ കുടുംബത്തിനും കഴിയാനുള്ളത് ഇപ്പോഴത്തെ ജോലിയില്‍നിന്ന് കിട്ടുന്നുണ്ട്. പിന്നെ, ഞാന്‍ ബിസിനസ് ചെയ്താല്‍ വിജയിക്കില്ല.
അവാര്‍ഡുകളെക്കുറിച്ച് ജയറാമെന്തു പറയുന്നു?
•തന്നാല്‍ മേടിച്ചുവെക്കാം. വളരെ സന്തോഷമുള്ള കാര്യമാണ്. ചിലര്‍ പറയും ജനങ്ങളുടെ അവാര്‍ഡാണ് വലിയതെന്ന്. അതു കിട്ടാത്തതുകൊണ്ട് പറയുന്നതാണ്. ‘സ്നേഹ’ത്തില്‍ സത്യമായും അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നു.
അവാര്‍ഡ് വിവാദമോ?
•എന്റെ ദൈവമേ, നമ്മളെന്തിനാണ് ആവശ്യമില്ലാത്തത് പറഞ്ഞ് പ്രശ്നമുണ്ടാക്കുന്നത്.
‘അമ്മ’യുടെ പ്രവര്‍ത്തനങ്ങളില്‍ ജയറാമിനെ അധികം കാണാറില്ലല്ലോ?
• രണ്ടു പ്രാവശ്യം വന്ന ലെറ്ററുകള്‍ കാണാതെ പോയതു കൊണ്ടാണത്. അല്ലെങ്കില്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ആദ്യം മുതല്‍ നമ്മളുണ്ടാവില്ലേ.
തമിഴ് ചിത്രങ്ങള്‍ ചെയ്യുന്നില്ലേ?
•ഒന്നര വര്‍ഷത്തിനു ശേഷം ഇപ്പോള്‍ ചെയ്യുന്നുണ്ട്. സി. സുന്ദറിന്റെ ‘പാര’. ഊട്ടിയിലായിരിക്കും ലൊക്കേഷന്‍. തമിഴില്‍ എന്റെ ഭൂരിഭാഗം പടങ്ങളും നന്നായി ഓടിയതാണ്. വിക്രമന്, കെ.എസ്. രവികുമാര്‍ എന്നീ പ്രമുഖരുടെ കൂടെയാണ് ഞാന്‍ തുടങ്ങിയത്. പിന്നെ വന്ന് പൊട്ടപ്പടങ്ങളില് ചാടി. പടവും തീരില്ല, ബുദ്ധിമുട്ടിപ്പോയി. മലയാളത്തില്‍ സംവിധായകരെ നമുക്കറിയാം. തമിഴില്‍ അറിയാത്തതുകൊണ്ട് വിലയിരുത്താന്‍ കഴിഞ്ഞില്ല. ഇനി വര്‍ഷത്തില്‍ ഒരു പടമെങ്ങാനും ചെയ്യും.
ജയറാമിന്റെ അഭിനയത്തില്‍ മിമിക്രിയുടെ സ്വാധീനം ഇപ്പോഴും കുറേശ്ശെയെങ്കിലും ഉണ്ടെന്നു പറഞ്ഞാല്‍…
• ഉണ്ടോ? എനിക്കങ്ങനെ തോന്നുന്നില്ല. ‘വീണ്ടും ചില വീട്ടുകാര്യങ്ങളി’ല്‍ ഒരു രംഗത്ത് മിമിക്രിയായിത്തന്നെ കാണിക്കുന്നതാണ്. പിന്നെ മിമിക്രി മോശം പരിപാടിയല്ലല്ലോ. എത്രയോ പേര്‍ക്ക് കഴിവായി കിട്ടുന്നതാണ്. സ്റ്റേജില്‍ 12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ മിമിക്രി കാണിച്ചത്, ഏഷ്യാനെറ്റ് അവാര്‍ഡിന്. ഏതുറക്കത്തില്‍ വിളിച്ചുപറഞ്ഞാലും ഞാന്‍ മിമിക്രി അവതരിപ്പിക്കും. ഞാന്‍ സിനിമയിലെത്തി എന്നതുകൊണ്ട് മിമിക്രി മോശമാണന്ന് പറയില്ല.
മുമ്പ് പ്രേംനസീറുമായി താരതമ്യം ചെയ്യപ്പെട്ടിരുന്നല്ലോ.
• ഒരുപാട് വര്‍ഷം പ്രേംനസീറിനെ സ്റ്റേജില്‍ അവതരിപ്പിച്ചതുകൊണ്ടാവാം. കമ്പാരിസണ്‍ ആരുമായിട്ടാണ്. 35 വര്‍ഷക്കാലം മലയാളസിനിമയില്‍നിന്ന് ഗിന്നസ് ബുക്കില്‍ കയറിയ, എന്റെ ജീവന്റെ ജീവനായ, പ്രേംനസീറിനോട് ഉപമിക്കുന്നതില്‍ കൂടുതല്‍ സന്തോഷം എനിക്കില്ല. ഇത്രയും വലിയ മനുഷ്യനോട് ഉപമിക്കപ്പെടാന്‍ കഴിഞ്ഞതുതന്നെ ഭാഗ്യം.
പക്ഷേ, ഒരു നടനെന്ന നിലയില്‍ പ്രേംനസീര്‍ വിജയമായിരുന്നില്ലെന്ന് വിലയിരുത്തപ്പെടുന്നുണ്ടല്ലോ?
• അന്നത്തെ കാലത്തെ പരിമിതിയില്‍ നിന്ന് ആ പാവം ചെയ്തിട്ടുള്ളത് വെച്ചുനോക്കുമ്പോ ഇങ്ങനെ പറയാമോ? അന്ന് മദ്രാസില്‍ സ്റ്റുഡിയോക്കകത്താണ് ഷൂട്ടിങ്. തെലുങ്ക്, തമിഴ് പടങ്ങളുടെ സമയം കഴിഞ്ഞ് കിട്ടുന്ന സമയത്താണ് മലയാള ചിത്രങ്ങളുടെ ഷൂട്ടിങ്. രാത്രി 10 തൊട്ട് വെളുപ്പാന്‍കാലംവരെ മേക്കപ്പിട്ട് അഭിനയിക്കുകയായി നസീര്‍ സാര്‍. ഇന്നത്തെ പോലെ ഡബ്ബിങ് ഇല്ല. ടേപ്പ് ഒരിടത്ത് വെക്കുന്നു. റെക്കോഡ് ചെയ്യാന്‍ ചിലപ്പോള്‍ ഉറക്കെ പറയേണ്ടിവരും. ‘എന്റെ അമ്മ മരിച്ചു’ എന്നൊക്കെ നസീര്‍ സാറിന് ഉറക്കെ പറയേണ്ടിവരുമായിരുന്നു. പിന്നീട് പടയോട്ടമൊക്കെ വന്നപ്പോ സാര്‍ നന്നായില്ലേ. ഒരു കഴിവുമില്ലാതെ ഇത്രയും വര്‍ഷം ഒരാള്‍ ഫീല്‍ഡില്‍ നില്‍ക്കുമോ?
പുറത്ത് വെയില് മങ്ങിയപ്പോള്‍ ചിത്രങ്ങളെടുക്കാന്‍ ജയറാമും കുടുംബവും തയ്യാറായി. സ്കൂള്‍ വിട്ട് കണ്ണനെത്തിയിരുന്നു. അപ്പായെ പോലെ സിനിമാനടനാവേണ്ടേയെന്ന് ചോദിച്ചപ്പോള്‍ കണ്ണടച്ചു കാണിച്ചു. പിന്നെ? ‘പോലീസ്.’
പുല്‍ത്തകിടിയില്‍ പോസ് ചെയ്യവേ ജയറാം – ‘മമ്മൂക്കായും കുടുംബവും സന്ധ്യയ്ക്ക് വീടുകാണാന്‍ വരുന്നെന്ന്. മമ്മൂട്ടിയുടെ ഹോം തിയേറ്റര്‍ കണ്ടെന്നു പറഞ്ഞപ്പോള്‍ ജയറാം- ‘ങാ, അതു കാണിക്കുന്നത് നിര്‍ത്തിയില്ലേ? അതിന്റെയൊക്കെ ആദ്യത്തെ ഇര ഞങ്ങളാണ്’. മമ്മൂട്ടി പേഴ്സണല്‍ കമ്പ്യൂട്ടര്‍ വാങ്ങിയ കാര്യവും ജയറാം അഭിനയിച്ചു കാണിക്കുന്നു. ‘ദാ, ഇത് അമേരിക്കയില്‍ നിന്ന് വാങ്ങിയതാണ്. നിന്റെ പേരെന്താ, ജയറാം.’ കമ്പ്യൂട്ടറില്‍ കുത്തുന്നു. ‘ഛേ, വരുന്നില്ലല്ലോ. ജെ, ജോഷി, ജേക്കബ്… എല്ലാം പോയോ’.
വിടപറയാന്‍ നില്‍ക്കവെ, ഉപയോഗിച്ചുകഴിഞ്ഞ ഒരു പെട്ടി സോഡ ജോലിക്കാരന് എടുത്തുകൊണ്ടുപോകുന്നത് കാണുന്നു. ‘അതുകണ്ട് ഞാന്‍ (കൈ ചുരുട്ടി തള്ളവിരല്‍ വായിലേക്കു കാണിച്ച്) അടിച്ചു മാറ്റിയതാണെന്നു വിചാരിക്കല്ലേ’. ‘അതൊക്കെ അവരോടെന്തിനാ പറയുന്നത്?’- പാര്‍വതി. ‘ങാ, അവരു വീടു കണ്ടുപിടിച്ചതുതന്നെ അങ്ങനെയാ. ജങ്ഷനില്‍ വന്ന് ഏറ്റവും കൂടുതല്‍ സോഡ കൊണ്ടുപോകുന്നത് ഏതു വീട്ടിലേക്കാണെന്ന് കടക്കാരനോട് ചോദിച്ചിട്ട്’.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]