
മെക്സിക്കോ സിറ്റി: വിമാന യാത്രക്കിടെ വിമാനം റാഞ്ചാൻ യാത്രക്കാരന്റെ ശ്രമം. മെക്സിക്കോയിലെ വോളാരിസ് എയർലൈൻസ് വിമാനത്തിലാണ് യാത്രക്കാരെ മണിക്കൂറുകൾ മുൾമുനയിലാക്കിയ സംഭവമുണ്ടായത്. ഞായറാഴ്ച രാവിലെ വിമാനം പറന്നുയർന്ന് ഉയരത്തിലെത്തിയപ്പോഴാണ് സംഭവം. എൽ ബാജിയോ-ടിജുവാന റൂട്ടിൽ സഞ്ചരിക്കുകയായിരുന്ന വോളാരിസ് ഫ്ലൈറ്റിൽ 3041-ൽ ഇന്ന് അസാധാരണമായ ഒരു സാഹചര്യമുണ്ടായത്. വിമാനം ക്രൂയിസിംഗ് ഉയരത്തിൽ എത്തിയതിന് തൊട്ടുപിന്നാലെ കെൽ മരിയോ എൻ എന്ന 31-കാരൻ അക്രമാസക്തനാകുകയും വിമാനം ടിജുവാനയിൽ ഇറങ്ങുന്നത് സുരക്ഷിതമല്ലെന്ന് അവകാശപ്പെടുകയും ചെയ്തു.
തുടർന്ന് ഫ്ലൈറ്റ് അറ്റൻഡന്റെ ആക്രമിച്ച് കഴുത്തിൽ ഒരു വസ്തു അമർത്തി ഭീഷണിപ്പെടുത്തി. അമേരിക്കയിലേക്ക് വിമാനം തിരിച്ചുവിടാൻ പൈലറ്റിനോട് ആവശ്യപ്പെടുകയും കോക്ക്പിറ്റിലേക്ക് കടക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ ഇയാൾ വിമാനത്തിൽ നിന്ന് താഴേക്ക് ചാടി മരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പൈലറ്റ് ഒരു അലേർട്ട് കോഡ് പുറപ്പെടുവിക്കുകയും സെൻട്രൽ മെക്സിക്കോയിലെ ഗ്വാഡലജാര അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുകയും ചെയ്തു. തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
ഹൈജാക്ക് ചെയ്യാനുള്ള ശ്രമത്തിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ല. അടുത്ത ബന്ധുവിനെ തട്ടിക്കൊണ്ടുപോയെന്നും ടിജുവാനയിലേക്ക് പോയാൽ മരിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇയാൾ എയർലൈൻ ഉദ്യോഗസ്ഥരോട് പറഞ്ഞതായി പൊലീസ് പറഞ്ഞു. മരിയോ തൻ്റെ ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പമാണ് യാത്ര ചെയ്തത്. സംഭവം തീവ്രവാദ ബന്ധമുണ്ടോ അതോ മറ്റെന്തെങ്കിലുമാണോയെന്ന് പൊലീസ് പരിശോധിക്കുന്നു. എല്ലാ യാത്രക്കാരും ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്നും വിമാനം ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെട്ടെന്നും മെക്സിക്കൻ എയർലൈൻ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]