
തിരുവനന്തപുരം: മികവാര്‍ന്ന സിനിമകള്‍ ജനങ്ങളിലേക്ക് എത്തിക്കേണ്ട ഉത്തരവാദിത്വം കേരള രാജ്യാന്തര ചലച്ചിത്ര മേള പൂര്‍ണ അര്‍ഥത്തില്‍ നിര്‍വഹിക്കുന്നതായി ഉന്നതവിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു. 29-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ മീഡിയ സെല്‍ ഉദ്ഘാടനം നിര്‍വഹിച്ച് ടാഗോര്‍ തിയേറ്ററില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊണ്ടുപോകുന്ന സമീപനമാണ് ചലച്ചിത്രപ്രവര്‍ത്തകരില്‍ നിന്നും ഉണ്ടാകേണ്ടത്. ലോകമെമ്പാടുമുള്ള വിവിധ മനുഷ്യസമൂഹങ്ങളുടെ ജീവിതങ്ങളുടെയും അതിജീവനങ്ങളുടെയും നേര്‍സാക്ഷ്യങ്ങളാണ് മേളയിലെ ഓരോ ചിത്രങ്ങളും. ആസ്വാദകരെ സംബന്ധിച്ചടുത്തോളം ലോകസഞ്ചാര അനുഭവമായി ചലച്ചിത്രമേള മാറുന്നു. കേരളത്തിലെ യുവജനങ്ങളുടെ സാന്നിധ്യം മേളയെ കൂടുതല്‍ സജീവമാക്കുന്നു.
വനിതാ സംവിധായകരുടെ സിനിമകളുടെ പ്രാതിനിധ്യം ഈ വര്‍ഷത്തെ മേളയെ കൂടുതല്‍ ശ്രദ്ധേയമാക്കും. കെഎസ്എഫ്ഡിസിയുടെ സഹകരണത്തോടെ പുറത്തിറങ്ങിയ വനിതാ സംവിധായകരുടെ ചിത്രങ്ങളായ മിനി ഐ.ജി. സംവിധാനം ചെയ്ത ഡിവോഴ്സ്, താരാ രാമാനുജന് സംവിധാനം നിര്‍വഹിച്ച നിഷിദ്ധോ, ഇന്ദു ലക്ഷ്മി സംവിധാനം ചെയ്ത നിള, ശ്രുതി ശരണ്യം സംവിധാനം ചെയ്ത ബി 32 മുതല്‍ 44 വരെ തുടങ്ങിയ ചിത്രങ്ങള്‍ സര്‍ക്കാരിന്റെ സ്ത്രീപക്ഷ നിലപാടിന്റെ ഉദാഹരണങ്ങളാണ്.
ചലച്ചിത്രസംസ്കാരത്തിന്റെ പാതയില്‍ അവസരം ലഭിക്കാതെ ഒഴിവാക്കപ്പെട്ടിരുന്ന വിഭാഗങ്ങള്‍ കൂടി ശക്തമായി ഈ മേഖയിലേക്കു കടന്നുവരുന്നു എന്നുള്ളത് ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു.
ഐഎഫ്എഫ്കെ മീഡിയ സെല്‍ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനംചെയ്യുന്നു.
ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നേടിയ ആന്‍ ഹുയി, സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് നേടിയ പായല്‍ കപാഡിയ, ജൂറി ചെയര്‍പേഴ്സണായി എത്തുന്ന ആഗ്നസ് ഗൊദാര്‍ദ്, മലയാളം സിനിമ ടുഡേയില്‍ ഉള്‍പ്പെട്ട സിനിമകളുടെ 4 വനിതാ സംവിധായകര്‍, ഫെസ്റ്റിവല്‍ ക്യൂറേറ്ററായി എത്തുന്ന ഗോള്‍ഡ സെല്ലം എന്നിവരുടെ പങ്കാളിത്തം ഇത്തവണത്തെ മേളയുടെ സ്ത്രീ പ്രാതിനിധ്യത്തിന്റെ ഉദാഹരണങ്ങളാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രേംകുമാര്‍ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു.
കേരള മീഡിയ അക്കാദമി ചെയര്മാന് ആര്.എസ്. ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ മേളയുടെ ക്യുറേറ്റര്‍ ഗോഡ് സാ സെല്ലം, കെഎസ്എഫ്ഡിസി ചെയര്മാന് ഷാജി എന്‍. കരുണ്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ കെ. സുരേഷ് കുമാര്‍, മീഡിയ കമ്മിറ്റി കണ്‍വീനര്‍ അനുപമ ജി. നായര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചലച്ചിത്ര അക്കാദമി ഫെസ്റ്റിവല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച്. ഷാജി ചടങ്ങിന് നന്ദി അറിയിച്ചു.
ഡിസംബര്‍ 13-ന് തുടങ്ങി ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന മേളയുടെ ഔദ്യോഗിക വാര്‍ത്തകളും സിനിമാപ്രദര്‍ശന അറിയിപ്പുകളും കലാ-സാംസ്കാരിക വിശേഷങ്ങളും ടാഗോര്‍ തീയേറ്ററില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ സെല്ലിലൂടെ തത്സമയം മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭ്യമാകും. 21 പേരടങ്ങുന്നതാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തിലുള്ള മീഡിയ സെല്‍ ടീം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]