സ്വന്തം ലേഖകൻ
കോഴിക്കോട് : എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ മുഖ്യപ്രതി ഷാരുഖ് സെയ്ഫിയുടെ മൊഴികളിൽ വൈരുധ്യമുണ്ടെന്ന് പൊലീസ്. ചോദ്യം ചെയ്യലിനെ ഷാരൂഖ് ‘ശാസ്ത്രീയമായി’ നേരിടുന്നു എന്നാണ് പൊലീസ് വിലയിരുത്തൽ. അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങളോട് ഷാരൂഖ് സഹകരിക്കുന്നുണ്ടെങ്കിലും അന്വേഷണ സംഘത്തെ വഴി തെറ്റിക്കാൻ നീക്കം നടക്കുന്നതായാണ് പൊലീസ് സംശയിക്കുന്നത്. മൊഴികൾ പഠിച്ചു പറയുന്നു എന്നും പൊലീസ് നിഗമനമുണ്ട്.
കേസിൽ പ്രതിക്കെതിരെ യുഎപിഎ ചുമത്തിയേക്കും. കോടതിയിൽ ഹാജരാക്കും മുമ്പ് ഇതിന് തീരുമാനം ഉണ്ടാകും. സെക്ഷൻ 15, 16 എന്നിവയാണ് ചുമത്തുക.വധ ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് യുഎപിഎ സെക്ഷൻ 16. ഷാരൂഖ് നടത്തിയത് തീവ്രവാദ പ്രവർത്തനമാണെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. അതുകൊണ്ട് തന്നെ തീവ്രവാദവുമായി ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തി കേസ് ചാർജ് ചെയ്യാനാണ് പൊലീസ് നീക്കം.
അതേസമയം ഷാറൂഖ് സെയ്ഫിയെ കേരളത്തിലേക്കെത്തിച്ചത് ആവശ്യത്തിന് സുരക്ഷയൊരുക്കാതെയെന്ന് ആക്ഷേപം ഉയരുന്നു. ആരുടെയും ശ്രദ്ധയിലേക്ക് എത്താതെ രഹസ്യമായി പ്രതിയെ കേരളത്തിലെത്തിക്കാനായിരുന്നു അന്വേഷണ സംഘത്തിന്റെ പദ്ധതി. എന്നാൽ, വാഹനം കേടായി പെരുവഴിയിൽ കിടക്കേണ്ടി വന്നത് ഒരു മണിക്കൂറിലേറെ നേരമാണ്. പ്രതിയുടെ ഒപ്പമുള്ളത് മൂന്നു പൊലീസുകാർ മാത്രമാണ് എന്നതാണ് മറ്റൊരു കാര്യം.
തലപ്പാടി അതിർത്തി ചെക് പോസ്റ്റ് വരെ ഇന്നോവ കാറിൽ ആയിരുന്നു പ്രതിയെ കൊണ്ടുവന്നത്. പിന്നീട് ഈ വാഹനം മാറ്റി ഫോർട്ടുണർ കാറിൽ പ്രതിയെ മാറ്റി കയറ്റി കാസർഗോഡ് അതിർത്തി കടന്നു. കണ്ണൂരിൽ നിന്ന് ദേശീയ പാത ഒഴിവാക്കി കാർ പോയത് മമ്മാക്കുന്ന് ധർമ്മടം റൂട്ടിലാണ്. മമ്മാക്കുന്ന് എത്തിയതോടെ പുലർച്ചെ 3.35ന് കാറിന്റെ പിൻഭാഗത്തെ ടയർ പൊട്ടി അപകടത്തിൽ പെട്ടു.
45 മിനിറ്റിനു ശേഷം എടക്കാട് പോലീസ് സ്ഥലത്ത് എത്തി വാഹനത്തിന് സുരക്ഷ ഒരുക്കി. പിന്നാലെ കണ്ണൂർ എടിഎസിന്റെ ന്റെ ബൊലേറോ ജീപ്പ് പകരം എത്തിച്ചു. എന്നാൽ ഈ വാഹനവും എഞ്ചിൻ തകരാർ കാരണം വഴിയിലായി. പിന്നീട് 4.45 ഓടെ സ്വകാര്യ കാർ എത്തിച്ചു പ്രതിയെ മാറ്റി കയറ്റി കോഴിക്കോട്ടേയ്ക്ക് എത്തിക്കുകയായിരുന്നു.
The post ചോദ്യം ചെയ്യലിനെ ‘ശാസ്ത്രീയമായി’ നേരിടുന്നു; ഷാറൂഖ് സെയ്ഫിയുടെ മൊഴികളിൽ വൈരുധ്യം; യുഎപിഎ ചുമത്തിയേക്കും appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]