ഒരു സ്വർണമടക്കം 3 മെഡലുകളുമായി ദേശീയ ജൂനിയർ സ്കൂൾ അത്ലറ്റിക്സിന്റെ നാലാം ദിനം ട്രാക്കിനങ്ങളിൽ കേരളത്തിന്റെ മെഡൽ കുതിപ്പ്. ആൺകുട്ടികളുടെ 4–100 റിലേയിൽ സി.കെ.ഫസലുൽ ഹഖ്, ടി.എം.അതുൽ, ജെ.നിവേദ് കൃഷ്ണ, ജിയോ ഐസക് എന്നിവരടങ്ങിയ സംഘം അഭിമാന സ്വർണം നേടി. 400 മീറ്റർ ഹർഡിൽസിൽ പെൺകുട്ടികളിൽ വെള്ളി നേടിയ പാലക്കാട് വടവന്നൂർ വിഎച്ച്എസ്എസിലെ എൻ.എസ്. വിഷ്ണുശ്രീയും ആൺകുട്ടികളിൽ വെങ്കലം നേടിയ തിരുവനന്തപുരം ജിവി രാജ സ്പോർട്സ് സ്കൂളിലെ മുഹമ്മദ് മൂസയുമാണ് മറ്റു മെഡൽ ജേതാക്കൾ. കഴിഞ്ഞദിവസം 100 മീറ്റർ ഹർഡിൽസിൽ വെള്ളി നേടിയ വിഷ്ണുശ്രീയുടെ മെഡൽനേട്ടം ഇതോടെ രണ്ടായി. എന്നാൽ ഫീൽഡ് ഇനങ്ങളിൽ കേരളത്തിന്റെ മെഡൽ നിരാശ ഇന്നലെയും തുടർന്നു.
ലക്നൗവിൽ ദേശീയ ജൂനിയർ സ്കൂൾ അത്ലറ്റിക് ചാംപ്യൻഷിപ്പ് നാലാം ദിനത്തിലെ ദൃശ്യങ്ങൾ. ചിത്രങ്ങൾ : ജോസ്കുട്ടി പനയ്ക്കൽ / മനോരമ
മീറ്റ് ഇന്നു സമാപിക്കാനിരിക്കെ 2 സ്വർണവും 3 വെള്ളിയും 2 വെങ്കലമടക്കം 21 പോയിന്റുമായി മൂന്നാംസ്ഥാനത്താണ് കേരളം. 60 പോയിന്റുകളുമായി ഒന്നാംസ്ഥാനത്തുള്ള മഹാരാഷ്ട്ര ചാംപ്യൻഷിപ് ഏറക്കുറെ ഉറപ്പിച്ചപ്പോൾ രണ്ടാം സ്ഥാനത്തുള്ള ഹരിയാനയുമായാണ് (26 പോയിന്റ്) കേരളത്തിന്റെ മത്സരം. ഇന്നു ഫൈനൽ നടക്കുന്ന 10 ഇനങ്ങളിൽ ഏഴിലും കേരളത്തിന് പ്രാതിനിധ്യമുണ്ട്.
കേരളത്തിന് ഇന്നലെ വ്യക്തിഗത സ്വർണം നേടാനായില്ലെങ്കിലും സിബിഎസ്ഇ ബോർഡിനായി മത്സരിച്ച കോഴിക്കോട് ചേവായൂർ ഭാരതീയ വിദ്യാഭവനിലെ ദേവക് ഭൂഷൺ ഹൈജംപിൽ സ്വർണം നേടി. 2.01 മീറ്റർ ചാടിയാണ് ദേവക് സ്വർണം ഉറപ്പിച്ചത്. മെഡൽ പ്രതീക്ഷ ഏറെയുണ്ടായിരുന്ന പെൺകുട്ടികളുടെ 4–100 മീറ്റർ റിലേ, 200 മീറ്റർ എന്നിവയിൽ കേരളത്തിന് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
English Summary:
Kerala continues its medal hunt at the National Junior School Athletics
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]