കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയ്ക്കായി നിര്‍മ്മാതാക്കള്‍ സ്വന്തം കയ്യില്‍ നിന്ന് ഒരു രൂപ പോലും എടുത്തിട്ടില്ലെന്ന് പോലീസിന്റെ കണ്ടെത്തല്‍. നടന് സൗബിന് ഷാഹിര്‍ അടക്കമുള്ള പറവ ഫിലിംസ് ഉടമകള്‍ക്കെതിരായ വഞ്ചന കേസിലാണ് കണ്ടെത്തല്‍. നിരവധിപേർ ചേർന്ന് 28 കോടി രൂപ പറവ ഫിലിംസിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചെങ്കിലും ആകെ സിനിമയ്ക്ക് ചെലവായത് 19കോടിക്ക് താഴെയെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച ശേഷമാണ് മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മ്മാണത്തിന് സൗബിനും പറവ ഫിലിംസിന്റെ മറ്റ് ഉടമകളും ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്ന് പോലീസ് കണ്ടെത്തിയത്. പലരില്‍ നിന്നായി 28 കോടി രൂപയാണ് പറവയുടെ അക്കൗണ്ടിലേക്ക് എത്തിയത്. പക്ഷെ സിനിമയ്ക്കായി ചിലവായത് 19 കോടിക്ക് താഴെയാണ്. സിനിമ നിര്‍മ്മാണത്തിന്റെ ജി.എസ്.ടിയില്‍ നിന്നാണ് പോലീസ് ഇക്കാര്യം കണ്ടെത്തിയത്.
ഡ്രീം ബിഗ് ഫിലിംസ് ഉടമ സുജിത്തിനെതിരെയും പോലീസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സിനിമയുടെ റിലീസിന്റെ സമയത്ത് പ്രതിസന്ധിയുണ്ടായപ്പോള്‍ സുജിത്ത് 11 കോടി രൂപ കൈമാറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
സിനിമയുടെ ആദ്യത്തെ മുടക്കുമുതലായ 7 കോടി നല്‍കിയത് സിറാജ് ഹമീദ് എന്ന വ്യക്തിയാണ്. സിനിമയുടെ 40 ശതമാനം ലാഭവിഹിതം നല്‍കാമെന്ന കരാറാണ് ഉണ്ടായിരുന്നത്. ആ കരാര്‍ പിന്നീട് പാലിച്ചില്ല. ഇതാണ് പിന്നീട് പോലീസ് കേസാവുകയായിരുന്നു.
ചിത്രത്തിന്റെ നിര്‍മാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ ചതിച്ചെന്നായിരുന്നു സിറാജിന്റെ ആരോപണം. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു പോലീസ് കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ട് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പോലീസ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലാണ് ആദായനികുതി വകുപ്പിന്റെയും ഇ.ഡിയുടെയും അന്വേഷണമുണ്ടായത്. ഇതിന്റെ ഭാഗമായി പറവ ഫിലിംസിന്റെ ഓഫീസിലും സൗബിന് ഉള്‍പ്പടെയുള്ളവരുടെ വീട്ടിലൂം റെയ്ഡ് നടന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]