മകള്‍ തിഷ കുമാറിന്റെ മരണം അര്‍ബുദം മൂലമല്ലെന്നുള്ള പ്രസ്താവനയുമായി ബോളിവുഡ് ചലച്ചിത്ര നിര്‍മ്മാതാവ് കൃഷന് കുമാറിന്റെ പത്നി താനിയ സിങ്. മകള്‍ മരിച്ച മാസങ്ങള്‍ പിന്നിടുമ്പോഴാണ് തിഷയെ കുറിച്ചും തിഷയുടെ മരണത്തെ കുറിച്ചും വൈകാരികമായ കുറിപ്പുമായി താനിയ സാമൂഹികമാധ്യമത്തിലൂടെ രംഗത്തെത്തിയത്. തിഷയുടെ മരണത്തെ സംബന്ധിച്ചുള്ള മുന്‍ റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും തള്ളുന്നതാണ് താനിയയുടെ കുറിപ്പ്. അര്‍ബുദത്തോട് മല്ലിട്ടായിരുന്നില്ല തിഷയുടെ മരണമെന്നും തിഷയുടെ രോഗനിര്‍ണയത്തിലെ പാകപ്പിഴയാണ് മരണത്തിലേക്ക് നയിച്ചതെന്നും താനിയ പറയുന്നു. ആരോഗ്യമേഖലയിലെ അഴിമതികളേയും അനീതികളേയും കുറിച്ചും താനിയ കുറിപ്പില്‍ പരാമര്‍ശിച്ചിരിക്കുന്നു. മകള്‍ക്കൊപ്പമുള്ള നിമിഷങ്ങളുടെ വീഡിയോയും അവര്‍ പങ്കുവെച്ചിട്ടുണ്ട്.
എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന് തുറന്നുപറയാന്‍ നിരവധി പേര് തന്നോട് ആവശ്യപ്പെടുന്നുവെന്നു എന്നുപറഞ്ഞുകൊണ്ടാണ് താനിയയുടെ കുറിപ്പ് ആരംഭിക്കുന്നത്. സത്യമെന്നത് ആപേക്ഷികവും ഒരാളുടെ കാഴ്ചപ്പാടില്‍ അധിഷ്ഠിതവുമാണെന്നും അവര്‍ കുറിച്ചിരിക്കുന്നു. തന്റെ മകള്‍ കാന്‍സര്‍ രോഗിയായിരുന്നില്ല എന്നതാണ് വാസ്തവം. അവള്‍ക്ക് പതിഞ്ചര വയസ്സ് പ്രായമുള്ളപ്പോള്‍ ഒരു വാക്സിന് എടുത്തിരുന്നു. ആ വാക്സിനേഷന് അവളുടെ പ്രതിരോധ സംവിധാനത്തെ ബാധിച്ചതാകാമെന്നും എന്നാല്‍ അത് തെറ്റായി നിര്ണയിച്ചതാകാമെന്നും താനിയ പറയുന്നു. മെഡിക്കല്‍ ട്രാപില്‍ കുടുങ്ങിയ തങ്ങള്‍ക്ക് തിഷയുടെ ആരോഗ്യസ്ഥിതിയിലുണ്ടായ മാറ്റങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ സാധിച്ചില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
തിഷ ധീരയായ പെണ്‍കുട്ടിയായിരുന്നുവെന്നും യാതൊരു വിധത്തിലുള്ള ഭയമോ വിഷാദമോ അവളെ ബാധിക്കാന്‍ സാധ്യതയില്ലെന്നും താനിയ കുറിച്ചു. രോഗത്തോടുള്ള തന്റെ പോരാട്ടത്തിലൂടെ മറ്റുള്ളവര്‍ക്ക് പ്രചോദനമാകുകയായിരുന്നു തിഷയുടെ ലക്ഷ്യമെന്നും താനിയ പറഞ്ഞു. ദുഷ്കണ്ണ്, ദുര്‍മന്ത്രവാദം തുടങ്ങിയവയില്‍ വിശ്വാസമില്ലാത്തവര്‍ ഉണ്ടാകമെങ്കിലും അതില്‍ വാസ്തവം ഇല്ലാതില്ലെന്നും അവര്‍ പറഞ്ഞു. സത്യത്തിന് വെളിപ്പെടാന്‍ അതിന്റേതായ മാര്‍ഗ്ഗമുണ്ടെന്നും എപ്പോഴായാലും സത്യം പുറത്തുവരുമെന്നും അവര്‍ കുറിച്ചു. മറ്റൊരു മാതാപിതാക്കള്‍ക്കും തങ്ങളുടെ ഗതി വരാതിരിക്കട്ടേയെന്നും മെഡിക്കല്‍ ട്രാപുകളുടേയും നെഗറ്റീവ് ശക്തികളുടേയും ക്രൂരമായ ലോകം അഭിമുഖീകരിക്കാന്‍ അവര്‍ക്ക് ഇടയാകാതിരിക്കട്ടെയെന്ന് ദിവസവും പ്രാര്‍ഥിക്കാറുണ്ടെന്നും താനിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു.
2024 ജൂലായിലായിരുന്നു തിഷയുടെ മരണം സംഭവിച്ചത്. ഇരുപത് വയസ്സായിരുന്നു തിഷയുടെ പ്രായം. ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂസിക് കമ്പനിയായ ടി-സീരിസിന്റെ ഉടമകളില്‍ ഓരാള് കൂടിയാണ് തിഷയുടെ പിതാവ് കൃഷന് കുമാര്‍. ടി സീരീസ് സ്ഥാപകന്‍ ഗുല്‍ഷന്‍ കുമാറിന്റെ സഹോദരനാണ്. ഗുല്‍ഷന്‍ കുമാര്‍ കൊല്ലപ്പെട്ട ശേഷം അദ്ദേഹത്തിന്റെ മകന് ഭൂഷണ് കുമാറിന് താങ്ങും തണലുമായി നിന്നത് കൃഷന് കുമാറാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]